കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ട സ്ഥലം മാറ്റം; കരട് പട്ടികയിറങ്ങി
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ കൂട്ടസ്ഥലം മാറ്റത്തിനുള്ള കരട് പട്ടിക പുറത്തിറക്കി. 2719 ഡ്രൈവര്‍മാരെയും 2503 കണ്ടക്ടര്‍മാരെയും സ്ഥലം മാറ്റാനുള്ള പട്ടികയാണ് പുറത്തിറങ്ങിയത്.
മാറ്റം ആവശ്യമില്ലാത്തവര്‍ക്ക് അഭിപ്രായം അറിയിക്കുന്നതിനും മാനേജ്‌മെന്റ് അവസരം നല്‍കിയിട്ടുണ്ട്. എല്ലാവരെയും വീടിനടുത്തേക്കാണ് സ്ഥലം മാറ്റിയതെന്നു മാനേജ്‌മെന്റ് അധികൃതര്‍ പറയുന്നു. അച്ചടക്കലംഘനത്തിന്റെ പേരില്‍ മാറ്റപ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് നാട്ടില്‍ ജോലി ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും സ്ഥലം മാറ്റം നടപ്പാക്കുമെന്നു മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കി. 5000 ത്തിലധികം ജീവനക്കാരെയാണ് ഒറ്റയടിക്കു സ്ഥലം മാറ്റിയത്. സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുന്നതിന്റെ ഭാഗമായിട്ടാണെന്ന് ആക്ഷേപമുണ്ട്.
ജോലി ചെയ്യുന്ന സ്ഥലവും ജീവനക്കാരന്റെ സ്വന്തം ജില്ലയിലെ ഏത് ഡിപ്പോയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത് എന്ന വിവരവും കരട് പട്ടികയിലുണ്ട്.
പട്ടിക അംഗീകരിക്കുന്നവര്‍ ആക്ഷേപം സമര്‍പ്പിക്കേണ്ടതില്ല. പട്ടിക പ്രകാരം സ്ഥലം മാറ്റം ആവശ്യമില്ലാത്തവര്‍ക്ക് ആക്ഷേപം സമര്‍പ്പിച്ച് ഒഴിവാകുന്നതിന് അവസരം നല്‍കിയിട്ടുമുണ്ട്.
എല്ലാവര്‍ക്കും വീടിനടുത്ത് ജോലി ചെയ്യാന്‍ സൗകര്യം നല്‍കാന്‍ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്നും ജീവനക്കാര്‍ കൂടുതലുള്ള യൂനിറ്റുകളില്‍നിന്ന് മൂന്നുമാസം വീതം വര്‍ക്കിങ് അറേഞ്ച്‌മെന്റ് വ്യവസ്ഥയില്‍ മറ്റു ജില്ലകളില്‍ ജോലി ചെയ്യേണ്ടിവരുമെന്നും കഴിഞ്ഞ മാസം സി.എം.ഡി സര്‍ക്കുലര്‍ ഇറക്കിയിരുന്നു. അതിനു പിന്നാലെയാണ് കൂട്ട സ്ഥലം മാറ്റത്തിനുള്ള കരട് പുറത്തിറങ്ങിയിരിക്കുന്നത്.
അതിനിടെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്ന തൊഴിലാളി യൂനിയനുകളുമായി ഇന്ന് മുഖ്യമന്ത്രി ചര്‍ച്ച നടത്തും.
പിരിച്ചുവിട്ട എംപാനല്‍ ജീവനക്കാരെ തിരിച്ചെടുക്കുക എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കൊപ്പം ടോമിന്‍ തച്ചങ്കരിയെ സി.എം.ഡി സ്ഥാനത്തുനിന്നു മാറ്റണമെന്ന ആവശ്യവും സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. പണിമുടക്ക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് വന്നെങ്കിലും തീരുമാനവുമായി മുന്നോട്ടുപോകുമെന്ന് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നും പണിമുടക്ക് ഒഴിവാക്കാനാകുമെന്നും സംഘടനകളും പ്രതീക്ഷിക്കുന്നുണ്ട്. പണിമുടക്കിന് മുന്നോടിയായി സംഘടിപ്പിച്ച നാല് മേഖലാ ജാഥകള്‍ ഇന്നലെ അവസാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."