സഊദിയില്‍ വിദേശികളുടെ പണമിടപാടില്‍ വന്‍ ഇടിവ്
റിയാദ്: സഊദിയില്‍ നിന്നു വിദേശികള്‍ നാട്ടിലേക്കയക്കുന്ന പണത്തിന്റെ അളവില്‍ വന്‍ ഇടിവ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച്, കഴിഞ്ഞ എട്ടു മാസത്തിനിടെ അയച്ച പണത്തില്‍ 119 കോടി റിയാലിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. സഊദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി പുറത്തുവിട്ട കണക്കിലാണ് ഈ വിവരം.
ജനുവരി ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെ വിദേശികള്‍ ആകെ 9,366 കോടി റിയാലാണ് സ്വദേശങ്ങളിലേക്കയച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിദേശികളുടെ റെമിറ്റന്‍സ് 9,485 കോടി റിയാലായിരുന്നു. ശക്തമായ സ്വദേശിവല്ക്കരണവുംനിയന്ത്രണവുമാണ് ഇതിനു കാരണം. ഓഗസ്റ്റില്‍ മാത്രം വിദേശികളുടെ പണമയക്കലില്‍ 16.9 ശതമാനത്തിന്റെ കുറവാണുണ്ടായിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 1,255 കോടിയാണ് വിദേശികള്‍ അയച്ചതെങ്കില്‍ ഈ വര്‍ഷം അത് 1,043 കോടി റിയാലായി. കഴിഞ്ഞ വര്‍ഷം വിദേശികളുടെ റെമിറ്റന്‍സ് 14,165 കോടിയും 2016ല്‍ 15,189 കോടിയുമായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം വിദേശികള്‍ അയച്ച പണത്തില്‍ 7.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 2012ല്‍ റെമിറ്റന്‍സ് 12 ശതമാനം വര്‍ധിച്ച് 12,500 കോടി റിയാലിലും 2013ല്‍ 18 ശതമാനം വര്‍ധിച്ച് 14,700 കോടി റിയാലിലും 2014ല്‍ നാലു ശതമാനം വര്‍ധിച്ച് 15,300 കോടി റിയാലിലും 2015ല്‍ രണ്ടു ശതമാനം വര്‍ധിച്ച് 15,680 കോടി റിയാലിലുമെത്തിയിരുന്നു.
2015ല്‍തന്നെയാണ് വിദേശികളുടെ റെക്കോര്‍ഡ് റെമിറ്റന്‍സും രേഖപ്പെടുത്തിയത്. എന്നാല്‍, പിന്നീടുള്ള ഓരോ വര്‍ഷങ്ങളിലും വിദേശികള്‍ അയക്കുന്ന പണത്തില്‍ കുറവുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."