പര്‍ദ ധരിച്ചു പ്രസവ വാര്‍ഡില്‍ കടന്ന പൊലിസുകാരന് ഒളിവില്‍
തൊടുപുഴ: പര്‍ദ ധരിച്ച് സ്വകാര്യ മെഡിക്കല്‍ കോളജിലെ പ്രസവ വാര്‍ഡില്‍ കടന്ന പൊലിസ് ഉദ്യോഗസ്ഥന് ഒളിവില്‍. കുളമാവ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ നൂര്‍ സമീറാണ് ഒളിവില്‍ പോയത്. ഇയാളെ ജില്ലാ പൊലിസ് മേധാവി കെ.ബി വേണുഗോപാല്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരേ തൊടുപുഴ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച രാത്രി എട്ടിനാണ് സംഭവം. രോഗിക്കൊപ്പം ഉണ്ടായിരുന്ന സ്ത്രീ ഇയാള്‍ പെണ്ണല്ലെന്ന് തിരിച്ചറിയുകയും ബഹളം വയ്ക്കുകയും ചെയ്തു. ഇതോടെ പുറത്തേക്ക് ഇറങ്ങിയോടിയ സമീറിനെ സെക്യൂരിറ്റി ജീവനക്കാരന് പിടികൂടുകയായിരുന്നു. ആശുപത്രിയില്‍ എത്തിയപ്പോള്‍ ഒപ്പം മറ്റു രണ്ടുപേര്‍ ഉണ്ടായിരുന്നതായും ഒരാളെ പൊലിസുകാരനായി സെക്യൂരിറ്റിയെ പരിചയപെടുത്തിയ ശേഷമാണ് പര്‍ദ ധരിച്ചെത്തിയ ഇയാള്‍ ഉള്ളിലേക്കു കയറിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞതിന് പിന്നാലെ കുതറി ഓടിയ നൂര്‍ സമീര്‍ ടാറ്റാ എയ്സ് വാഹനത്തിലാണ് രക്ഷപ്പെട്ടത്. കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്നു കൈക്കൂലി വാങ്ങിയതിന് സസ്പെന്‍ഷനിലായിരുന്ന ഇയാള്‍ അടുത്തിടെയാണ് വീണ്ടും സര്‍വിസില്‍ പ്രവേശിച്ചത്. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി തൊടുപുഴ എസ്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."