പ്രളയം: നദീതീരങ്ങളില്‍ അടിഞ്ഞ മണല്‍ വാരാന്‍ അനുമതി പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കും
മലപ്പുറം: പ്രളയാനന്തരം സംസ്ഥാനത്തെ നദീതീരങ്ങളിലുള്ള പ്രദേശങ്ങളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരാന്‍ അനുമതി. ഈ മണല്‍ പ്രളയത്തില്‍ തകര്‍ന്ന വീടുകളുടെയും മറ്റു കെട്ടിടങ്ങളുടെയും റോഡുകളുടെയും പുനര്‍നിര്‍മാണത്തിന് ഉപയോഗിക്കും.
അടിഞ്ഞുകൂടിയ മണലും ചെളിയും ചേര്‍ന്ന മിശ്രിതം പിന്നീട് വേര്‍തിരിക്കും. ഇങ്ങനെ ലഭിക്കുന്ന മണല്‍ ആര്‍.എം.എഫ് ഫണ്ട് വിനിയോഗിച്ച് ജില്ലാ കലക്ടര്‍മാരുടെ ചുമതലയില്‍ ശേഖരിച്ചു സൂക്ഷിക്കും.
തുടര്‍ന്ന് പുനര്‍നിര്‍മാണത്തിനായി സര്‍ക്കാര്‍ നിരക്കിലുള്ള തുക ഈടാക്കി വില്‍പന നടത്തി അതില്‍ നിന്ന് ലഭിക്കുന്ന തുക അതതു ജില്ലകളിലെ ആര്‍.എം.എഫ് ഫണ്ടിലേക്കു മുതല്‍ കൂട്ടാന്‍ ജില്ലാ കലക്ടര്‍മാരെ ചുമതലപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2016 ജനുവരി 15നു പുറപ്പെടുവിച്ച 125ാം നമ്പര്‍ വിജ്ഞാപനമനുസരിച്ച് പ്രളയാനന്തരം നദീതീരങ്ങളിലും കൃഷിസ്ഥലങ്ങളിലും മറ്റും അടിഞ്ഞുകൂടുന്ന മണല്‍ നീക്കംചെയ്യാന്‍ പാരിസ്ഥിതികാനുമതി ആവശ്യമില്ല. ഇതു പ്രകാരം പാരിസ്ഥിതികാനുമതി ഇല്ലാതെ തന്നെ മണല്‍ വാരാവുന്നതാണെന്ന് ഉത്തരവില്‍ പറയുന്നു. നടപടി വിവരങ്ങള്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവില്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 18ന് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിന്റെ തീരുമാനമനുസരിച്ചാണ് ഉത്തരവിറക്കിയത്.
അതേസമയം ഉത്തരവ് ദുരുപയോഗം ചെയ്യാന്‍ സാധ്യതയുണ്ടെന്ന ആശങ്ക ഉയരുന്നുണ്ട്. മണല്‍ വാരലിന്റെ നടപടിക്രമങ്ങള്‍ വ്യക്തമാക്കിയിട്ടില്ല. ഈ പ്രവൃത്തി ആരെയാണ് ഏല്‍പ്പിക്കുകയെന്നതും അതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. മണല്‍ മാഫിയാ സംഘങ്ങള്‍ ഈ അവസരം ദുരുപയോഗപ്പെടുത്തിയേക്കാം.
കര്‍ശനമായ മേല്‍നോട്ടമില്ലെങ്കില്‍ ഈ അനുമതി ഉപയോഗപ്പെടുത്തി നദികളില്‍ നിന്നു തന്നെ ചിലര്‍ മണല്‍ വാരാനിടയുണ്ട്. ഇത് തടയാന്‍ കര്‍ശനമായ മേല്‍നോട്ട സംവിധാനങ്ങള്‍ വേണ്ടിവരുമെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."