കാവിലുംപാറ ചുഴലിക്കാറ്റ്: നിരവധി വീടുകള്‍ തകര്‍ന്നു; വ്യാപക കൃഷിനാശം
തൊട്ടില്‍പ്പാലം: കാവിലുംപാറ പഞ്ചായത്തിലെ മലയോരമേഖലയായ ചാത്തങ്കോട്ടുനട മുതല്‍ വട്ടിപ്പന വരെയുള്ള ഭാഗത്ത് ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ ചുഴലിക്കാറ്റില്‍ ഏഴോളം വീടുകള്‍ തകര്‍ന്നു. ഏക്കര്‍ കണക്കിന് പ്രദേശത്തെ കൃഷി നശിച്ചു. വൈദ്യുതിബന്ധം പൂര്‍ണമായും നിലച്ചു. വട്ടിപ്പനയിലെ കാക്കല്ലില്‍ കുര്യാക്കോസ്, സുരേഷ് വേനമ്പുറത്ത്കുന്നേല്‍, പുളിന്താനത്ത് ജോസ്, പ്ലാച്ചിക്കല്‍ സണ്ണി, കളറോട്മുറി ഗോപാലകൃഷ്ണന്‍, അമ്മിണി കൂമ്പുങ്കല്‍, കുണ്ട്‌തോട് ബെല്‍മോണ്ടിലെ മായിന്‍ കാട്ടുങ്ങല്‍ എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
വട്ടിപ്പന പുളിന്താനത്ത് ജോസ്, പ്ലാച്ചിക്കല്‍ സണ്ണി, കളറോട്മുറി ഗോപാലകൃഷ്ണന്‍ എന്നിവരുടെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നു പോവുകയും വീട്ടുപകരണങ്ങള്‍ ഭാഗികമായി നശിക്കുകയും ചെയ്തു. കാക്കല്ലില്‍ കുര്യാക്കോസിന്റെ വീടിന്റെ മുകളില്‍ തെങ്ങ് വീണ് മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു.
കുണ്ട്‌തോട് ബെല്‍മോണ്ടിലെ മായിന്റെ വീടിന്റെ ഓടുകള്‍ പൊളിഞ്ഞു. മരങ്ങള്‍ കടപുഴകി വീണാണ് മറ്റു വീടുകള്‍ക്ക് നാശമുണ്ടായത്.
ഇല്ലിക്കല്‍ ജോസഫ്, ബോബി ജോസഫ് ചെറ്റകാരിക്കല്‍, രാധാകൃഷ്ണന്‍ വേനമ്പുറത്ത് കുന്നേല്‍, പനമുറി പ്രകാശന്‍, ഇല്ലിക്കല്‍ ആന്റണി, പൊയിലോംചാലിലെ പ്ലാക്കല്‍ ഷിന്റോ, ജോസ് നാഗത്തിങ്കല്‍, ജോസ് കൈതക്കുളം, മാത്യു പുളിന്താനം, സുരേഷ് വേനമ്പുറത്ത് കുന്നേല്‍ എന്നിവരുടെ ഏക്കര്‍ കണക്കിന് ഭൂമിയിലെ നൂറ് കണക്കിന് ഗ്രാമ്പു, ആയിരത്തോളം വാഴകള്‍, തെങ്ങ്, കവുങ്ങ്, പ്ലാവ്, റബര്‍, കശുമാവ്, പടുമരങ്ങള്‍ എന്നിവ വ്യാപകമായി നശിച്ചു. വട്ടിപ്പനയിലെ ഇല്ലിക്കല്‍ ജോസഫിന്റെ പതിനഞ്ച് ഏക്കര്‍ ഭൂമിയിലെ 45 ഗ്രാമ്പു മരങ്ങളാണ് കടപുഴകി വീണത്. വ്യാപക കൃഷിനാശമുണ്ടായ വട്ടിപ്പന, പൊയിലോംചാല്‍ എന്നിവിടങ്ങളില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥരും, തഹസില്‍ദാറും സന്ദര്‍ശനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."