മദ്യനിര്‍മാണ യൂനിറ്റുകള്‍ ജലമൂറ്റ് കേന്ദ്രങ്ങളാകും
കോഴിക്കോട്: മദ്യ നിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പടരുന്നതിനിടെ മദ്യനിര്‍മാണ യൂനിറ്റുകള്‍ ജല ചൂഷണത്തിന്റെയും പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും കേന്ദ്രങ്ങളുമാകുമെന്ന ആശങ്കയും പടരുന്നു. വന്‍തോതില്‍ ജലമൂറ്റ് നടക്കുന്നതാണ് മദ്യനിര്‍മാണം. പുറം തള്ളുന്ന മലിന ജലം വിഷമയവും മണ്ണിനെയും ജലത്തെയുമെല്ലാം വിഷലിപ്തമാക്കുന്നതുമാണെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
കണ്ണൂര്‍, പാലക്കാട്, എറണാകുളം ജില്ലകളിലാണ് മൂന്ന് ബ്രൂവറി തുടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. പാലക്കാട് ചിറ്റൂര്‍ ഷുഗേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി (ചികോപ്‌സ്) ലിമിറ്റഡ് പ്രവര്‍ത്തിച്ച സ്ഥലത്താണ് വിദേശമദ്യനിര്‍മാണത്തിന് മലബാര്‍ ഡിസ്റ്റിലറീസ് അനുവാദം നല്‍കിയത്.
ഒരു ലിറ്റര്‍ മദ്യം നിര്‍മിക്കാന്‍ 20 ലിറ്റര്‍ ശുദ്ധജലമാണ് ഉപയോഗിക്കുന്നത്. വന്‍ മദ്യനിര്‍മാണ ശാലകളിലെ ജലമൂറ്റ് ഭീമമാണ്. അതോടൊപ്പം മലിന ജലം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും കനത്തതാണ്. പാലക്കാട് ഉള്‍പ്പെടെ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന ജില്ലകളില്‍ പുതിയ മദ്യനിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കിയത് വന്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന ആശങ്കയുണ്ട്.
പ്ലാച്ചിമടയില്‍ കൊക്കക്കോള നടത്തുന്ന ജലമൂറ്റിനെതിരേ സമരം ചെയ്ത് കമ്പനി പൂട്ടിച്ചിരുന്നു. എന്നാല്‍ ഇവിടെ മദ്യ നിര്‍മാണത്തിന് ശാല അനുവദിച്ചത് വീണ്ടും ജലചൂഷണത്തിന് കാരണമാകില്ലേയെന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. 500 മില്ലി ബിയര്‍ നിര്‍മാണത്തിന് 148 ലിറ്റര്‍ ജലമുപയോഗിക്കുന്നുവെന്നും ഒരുഗ്ലാസ് വൈനിന് 110 ലിറ്റര്‍ വെള്ളം വേണമെന്നുമാണ് ചില കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പല അന്താരാഷ്ട്ര സംഘടനകളും മദ്യനിര്‍മാണത്തിലെ ജലചൂഷണത്തിനെതിരേ നേരത്തെ വിരല്‍ചൂണ്ടിയിരുന്നു. ലോകത്തിലെ തന്നെ എറ്റവും വലിയ മദ്യനിര്‍മാണ കമ്പനികളെല്ലാം നദികളുടെ തീരങ്ങളിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തില്‍ 1999 സെപ്റ്റംബറില്‍ സര്‍ക്കാര്‍ വേണ്ടെന്നുവച്ച മദ്യനിര്‍മാണ ശാലകളുടെ അനുമതിയാണ് പിണറായി സര്‍ക്കാര്‍ കൊണ്ടുവരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
സംസ്ഥാനത്ത് വിറ്റഴിക്കപ്പെടുന്ന വിദേശമദ്യം, ബിയര്‍ എന്നിവ വലിയ തോതില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നാണ് വാങ്ങുന്നത്. വിദേശമദ്യത്തിന്റെ എട്ട് ശതമാനവും ബിയറിന്റെ നാല്‍പ്പത് ശതമാനവും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരികയാണ്. ഇത് സംസ്ഥാനത്തിന് വലിയ സാമ്പത്തികബാധ്യത വരുത്തുന്നുണ്ടെന്നും നികുതിവരുമാനത്തിലെ നഷ്ടവും തൊഴില്‍നഷ്ടവും പരിഗണിച്ചാണ് പുതിയ മദ്യനിര്‍മാണ ശാലകള്‍ക്ക് അനുമതി നല്‍കിയതെന്നുമാണ് സര്‍ക്കാര്‍ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."