പ്ലസ് വണ്‍ ഏകജാലകം: ജില്ലയില്‍ 4797 അധിക സീറ്റുകള്‍, അപേക്ഷിക്കാന്‍ ഇനി 5119 പേര്‍ കൂടി ബാക്കി
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 44096 പേര്‍ ഉപരിപഠന യോഗ്യത നേടിയപ്പോള്‍ ജില്ലയില്‍ 4797 അധിക സീറ്റുകള്‍. ആകെ 142 സ്‌കൂളുകളില്‍ 48893 സീറ്റുകളാണ് ജില്ലയില്‍ ലഭ്യമായിട്ടുള്ളത്. ഈവര്‍ഷം ആകെയുള്ളതില്‍ 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചപ്പോഴാണ് 7786 അധിക സീറ്റുകള്‍ ജില്ലയില്‍ ലഭ്യമായത്.
ഇഷ്ടമുള്ള കോഴ്‌സ് തിരഞ്ഞെടുക്കാനാവില്ലെങ്കിലും എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ ജില്ലയിലെ എല്ലാവര്‍ക്കും ഉപരിപഠന സാധ്യതയുണ്ട്.
ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ 15600 സീറ്റുകളാണുള്ളത്. എയ്ഡഡ് സ്‌കൂളുകളില്‍ 17960 സീറ്റുകളുണ്ട്. ജില്ലയിലെ അണ്‍എയ്ഡഡ് സ്‌കൂളുകളില്‍ ആകെ 5372 സീറ്റുകളുണ്ട്. വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ് കൂളുകളില്‍ 2175 സീറ്റുകളുമുണ്ട്. എന്നാല്‍ സി.ബി.എസ്.ഇ റിസല്‍ട്ട് പ്രഖ്യാപിച്ചാല്‍ അപേക്ഷകരുടെ എണ്ണം വര്‍ധിക്കുകയും സീറ്റുകള്‍ക്ക് ക്ഷാമം വരാന്‍ സാധ്യതയുണ്ടെന്നുമാണ് ഈ മേഖലയിലെ വിദഗ്ദര്‍ പറയുന്നത്. ബയോളജി സയന്‍സിനാണ് ഇത്തവണയും അപേക്ഷകര്‍ ഏറെയുള്ളത്. സയന്‍സിന് 14784 സീറ്റും, കൊമേഴ്‌സിന് 10140 സീറ്റും, ഹ്യുമാനിറ്റീസിന് 7536 സീറ്റുകളുമുണ്ട്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സയന്‍സിന് 109, ഹ്യുമാനിറ്റീസ് 73, കൊമേഴ്‌സിന് 78ഉം ബാച്ചുകളുണ്ട്. എയ്ഡഡ്‌സ്‌കൂളുകളില്‍ 158 സയന്‍സ്, 61 ഹ്യൂമാനിറ്റീസ്, 101 കൊമേഴ്‌സ് ബാച്ചുകളുമാണുള്ളത്.
എന്നാല്‍ പ്രവേശന നടപടികള്‍ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ജില്ലയില്‍ 43774 പേര്‍ അപേക്ഷ സമര്‍പ്പിച്ചു. ഇതില്‍ 31785 പേരുടെ അപേക്ഷയുടെ വെരിഫിക്കേഷന്‍ പൂര്‍ത്തിയായി. എന്നാല്‍ അപേക്ഷിച്ചവരില്‍ 11989 പേരുടെ അപേക്ഷ ഇതുവരെയും വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ചിട്ടില്ല. രാമനാട്ടുകര സേവാമന്ദിര്‍ പോസ്റ്റ് ബേസിക് സ്‌കൂളാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ സ്വീകരിച്ചത് (1033), ഏറ്റവും കുറവ് അപേക്ഷ സ്വീകരിച്ചത് ഗവണ്‍മെന്റ് ഈസ്റ്റിഹില്‍ സ്‌കൂളിലാണ് (25). വിജയികളുടെ കണക്കുകള്‍ നിരത്തുമ്പോള്‍ ജില്ലയില്‍ ഇനിയും 5119 പേര്‍ അപേക്ഷിക്കാന്‍ ബാക്കിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."