ഒരമ്മ മകനുവേണ്ടി പണിതുണ്ടാക്കിയ തടവറ
പതിനഞ്ചു വര്‍ഷമായി വിനോദ് തടങ്കലിലാണ്. തിരുവനന്തപുരം ജില്ലയിലെ ഏണിക്കരയ്ക്കു സമീപം പ്ലാത്തറയിലുള്ള ഒറ്റമുറി വീട്ടില്‍ ഗോമതിയമ്മയുടെ സ്‌നേഹത്തടങ്കലില്‍. വിനോദിന്റെ ലോകത്ത് ഈ അമ്മ മാത്രമാണുള്ളത്. ഇരുമ്പഴിക്കിടയിലൂടെ നീളുന്ന കൈകളിലെ വാത്സല്യം ഈ 37കാരന്‍ അഞ്ചുവയസുകാരന്റെ ആകാംക്ഷയോടെ അനുഭവിക്കുകയാണ്. ഇരുപത്തിയാറു വര്‍ഷങ്ങളായി വിനോദിന്റെ ലോകത്ത് അമ്മമാത്രമാണുള്ളത്. മറ്റുള്ളവരെ കാണുന്നുണ്ടെങ്കിലും അവരൊക്കെ വിനോദിന് അപരിചിതരാണ്, അന്യരാണ്, ആക്രമിക്കാനും ഉപദ്രവിക്കാനും എത്തുന്നവരാണ്. എന്നാല്‍ അമ്മ വടിയെടുത്താല്‍ വിനോദ് അഞ്ചുവയസിലേക്കു മടങ്ങും. ദേഷ്യമെല്ലാം മാറ്റി അമ്മയുടെ മോനായി അടങ്ങിയിരിക്കും. അപ്പോഴും ഈ അമ്മയ്ക്കറിയില്ല എന്താണ് തന്റെ പൊന്നുമോനു സംഭവിച്ചതെന്ന്. എങ്ങനെയാണ് അവന്റെ മാനസികനില തെറ്റിയതെന്ന്.
അഞ്ചാം ക്ലാസില്‍ പഠിക്കുന്ന സമയത്താണ് വിനോദ് നിഴലുകളോടു കൂട്ടുകൂടാനും മായാലോകത്തോടു സംവദിക്കാനും തുടങ്ങിയത്. ആദ്യമാദ്യം മകന്റെ കുസൃതിയാണെന്നു മാത്രമാണ് ഗോമതിക്ക് തോന്നിയത്. എന്നാല്‍ ക്രമേണ വാശി കൂടി അക്രമാസക്തനാകാന്‍ തുടങ്ങി. അതോടെയാണു കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് ഗോമതി തിരിച്ചറിയുന്നത്. ഒരുദിവസം ഉച്ചയ്ക്കാണു കൂട്ടുകാര്‍ വിനോദിനെ ഗോമതി ജോലി ചെയ്യുന്ന വീട്ടില്‍ കൊണ്ടാക്കി മടങ്ങിയത്. പിന്നീടവരാരും വിനോദിന്റെ ലോകത്തേക്ക് മടങ്ങിവന്നില്ല; വിനോദ് അവരുടെ ലോകത്തേക്കു തിരികെപ്പോയതുമില്ല.
ക്ലാസിലിരിക്കാന്‍ കഴിയാത്തവിധം വിനോദിന്റെ മനസ് ഏതോ മായാലോകത്തേക്ക് അതിനകം പറന്നകന്നിരുന്നു. പിന്നീടവനു പരിചിതമായ ഒരേയൊരു മുഖം അമ്മയുടേതു മാത്രമാണ്. അമ്മ പറയുന്നതു കേട്ട് ആശുപത്രിയിലും വീട്ടിലുമായി കഴിഞ്ഞു. അക്രമാസക്തനായി തുടങ്ങുന്നതും അവിചാരിതമായാണ്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഒരു ദിവസം അടുത്ത വീട്ടില്‍ ജോലിക്കു പോയിരുന്ന ഗോമതി തിരിച്ചെത്തിയത് വലിയൊരു ഞെട്ടലിലേക്കാണ്. വീടിനകത്ത് കണ്ണില്‍ കണ്ടതെല്ലാം വിനോദ് എറിഞ്ഞുടച്ചു നശിപ്പിച്ചിരിക്കുന്നു. തുടര്‍ദിവസങ്ങളില്‍ അവന്റെ പെരുമാറ്റം കൂടുതല്‍ ആക്രമണോത്സുകമായിക്കൊണ്ടിരുന്നു. സമീപവാസികള്‍ക്കുകൂടി ശല്യമായി തുടങ്ങിയതോടെയാണ് ഗോമതിയമ്മ പുറമ്പോക്കിലെ ഒറ്റമുറി വീടിനുള്ളില്‍ കാരാഗൃഹം പണിയുന്നത്. കഴിഞ്ഞ 15 വര്‍ഷമായി വിനോദ് ഈ ഇരുമ്പഴിക്കുള്ളിലാണ് ഉണ്ടുറങ്ങുന്നത്.
ഒറ്റപ്പെടലും അമ്പരപ്പും
വിനോദിന് ഒരു വയസുള്ളപ്പോഴാണ് പെട്ടെന്നൊരു ദിവസം അച്ഛന്‍ ബാബു മരിക്കുന്നത്. പതിനെട്ടാം വയസില്‍ വിധവയായ ഗോമതി പാടേ തകര്‍ന്നു. പക്ഷെ, തളര്‍ന്നിരിക്കാന്‍ അവര്‍ തയാറായില്ല. ബാബു തന്റെ കൈയില്‍ ഏല്‍പിച്ചുപോയ ആ ഒരു വയസുകാരനെ നെഞ്ചോടു ചേര്‍ത്തുപിടിച്ച്, അവനു വേണ്ടി താന്‍ ജീവിക്കുമെന്നു പ്രതിജ്ഞയെടുത്തു. അങ്ങനെ സ്വയം തൊഴില്‍ ചെയ്തായിരുന്നു പശിയടക്കാനുള്ള വഴി അവര്‍ കണ്ടെത്തിയത്.
എന്നാല്‍, ഗോമതിയുടെ നിശ്ചയദാര്‍ഢ്യത്തെ വെല്ലുവിളിച്ചുകൊണ്ട് വീണ്ടും വിധിയെത്തി; സ്വന്തം മകന്റെ രൂപത്തിലായിരുന്നു ഇത്തവണ. വിനോദിന്റെ പതിനൊന്നാം വയസിലായിരുന്നു അത്. അഞ്ചാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കെ. മാനസികനില തെറ്റി അസ്വാഭാവികതകള്‍ പ്രകടിപ്പിച്ചു തുടങ്ങി അവന്‍. പതിനൊന്നു വയസില്‍നിന്ന് അഞ്ചുവയസുകാരനിലേക്കു ചെറുതായിപ്പോയ വിനോദിനെ അമ്പരപ്പോടെയും വേദനയോടെയും നോക്കിനില്‍ക്കാന്‍ മാത്രമേ ഗോമതിക്കായുള്ളൂ.
വിനോദിന്റെ ലോകത്തേക്ക് വീണ്ടും വിഭിന്നചിന്തകളും കാഴ്ചകളുമെത്തുന്നത് പതിനാലാം വയസിലാണ്. പക്ഷേ അമ്മയൊഴികെയുള്ളവര്‍ അപ്പോഴേക്കും വിനോദിനു ശത്രുക്കളായി മാറിയിരുന്നു. കെട്ടിയിടാതെ അടങ്ങിനില്‍ക്കാത്ത അവസ്ഥ. പ്രാര്‍ഥനകളും വഴിപാടുകളും ഫലംകാണാതായതോടെ ഗോമതി വിധിയോടു പൊരുതിനില്‍ക്കാന്‍ തന്നെ തീരുമാനിച്ചു. വീടിനുള്ളില്‍ 'കാരാഗൃഹം' പണിയുകയായിരുന്നു ഗോമതി കണ്ട പോംവഴി. അങ്ങനെയാ ഒറ്റമുറി വീടിനകത്ത് സ്വന്തം മകനു 'തടവറ'യൊരുക്കി അവര്‍. ഭക്ഷണം നല്‍കിയും കുളിപ്പിച്ചും പരിചരിച്ചും ഈ അമ്മ സ്വന്തം മകനെ സ്‌നേഹത്തടങ്കലിലാക്കിയിരിക്കുകയാണ്. ഇപ്പോള്‍ മകന്റെ കാരാഗൃഹത്തിനു കാവലിരിക്കുക തന്നെയാണ് ഗോമതിയുടെ പ്രധാന ജോലി. അവന്റെ ചികിത്സയ്ക്കായി പണം കണ്ടെത്തുക, കണ്ണടയുവോളം കണ്മണിക്കു കാവലിരിക്കുക, അതുമാത്രമാണ് അവര്‍ക്കിപ്പോള്‍ ജീവിതം.
ചികിത്സയും പരിചരണവും
ശാസ്തമംഗലം മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു വിനോദിനെ ആദ്യം ചികിത്സിച്ചിരുന്നത്. മരുന്നുകളുടെ ലോകത്തേക്ക് തളച്ചിടപ്പെട്ട അവനെ രക്ഷിച്ചെടുക്കാന്‍ ഗോമതി സ്വന്തമായുണ്ടായിരുന്ന രണ്ട് സെന്റ് സ്ഥലം 3,000 രൂപയ്ക്കു വിറ്റു. പന്ത്രണ്ടുവര്‍ഷം ബീമാപള്ളിയില്‍ നേര്‍ച്ചകളും പ്രാര്‍ഥനകളുമായി ഗോമതി വിനോദിനൊപ്പം കഴിഞ്ഞു. അവിടുന്ന് ആരൊക്കെയോ നീട്ടിനല്‍കിയ പതിനായിരം രൂപയുമായാണു വാടകവീട്ടില്‍ താമസമാക്കിയത്. ശാസ്തമംഗലം ആശുപത്രിയില്‍ നടത്തിയ ചികിത്സയില്‍ കാര്യമായ പുരോഗതിയൊന്നുമില്ലാതായതും മരുന്നുകള്‍ക്കു പണം തികയാതെ വന്നതും മകനെ വീണ്ടും വീട്ടിലെ ഒറ്റമുറിയിലേക്കു തിരിച്ചുകൊണ്ടുവരാന്‍ ഗോമതിയെ പ്രേരിപ്പിച്ചു. പുറമ്പോക്കിലെ വാടകവീട്ടില്‍ ഉടമസ്ഥന്‍ വാടകവാങ്ങാതിരുന്നതു മാത്രമായിരുന്നു അന്ന് ആശ്വാസം.
ഗോമതിയുടെ അവസ്ഥയും പ്രശ്‌നങ്ങളും മനസിലാക്കി ഒട്ടേറെയാളുകള്‍ സഹായഹസ്തവുമായി എത്തുന്നുണ്ട്. അതാണ് ഈ അമ്മയെ അല്‍പമെങ്കിലും ആശ്വാസത്തിലാക്കുന്നത്. നല്ല മനസുള്ള മനുഷ്യരുടെ സഹായത്തോടെ പിന്നീട് മകനെ ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു. ഇപ്പോഴും ഊളമ്പാറയില്‍ തന്നെയാണ് വിനോദിനെ ചികിത്സിക്കുന്നത്. കിടത്തി ചികിത്സ നല്‍കാന്‍ കൂട്ടിരിക്കാനാളില്ലാത്തതിനാല്‍ മാസാമാസം ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഓരോ മാസവും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നേരത്ത് ഗോമതി വിനോദിനെ ദയനീയമായൊന്നു നോക്കും. ആശുപത്രിയില്‍ പോകാം എന്നു പറയും... വിനോദ് ആ.. പോകാം എന്നു സമ്മതം അറിയിച്ചാല്‍ മാത്രം സെല്‍ തുറക്കും. പലപ്പോഴും ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയിട്ടുണ്ട് വിനോദിന്. അഞ്ചോളം ഷോക്ക് ട്രീറ്റ്‌മെന്റാണ് അക്രമാസക്തനാകുന്ന സമയത്ത് നല്‍കുന്നത്. ഏഴുവര്‍ഷം മുന്‍പാണ് അവസാനമായി ഇത്തരമൊരു ട്രീറ്റ്‌മെന്റ് നല്‍കിയത്. പക്ഷേ അതും ഈ അമ്മയ്ക്കു കണ്ണീരാണ്. ''തിരിച്ചറിവില്ലാത്ത കുഞ്ഞല്ലേ... ഷോക്കടിപ്പിച്ചാല്‍ അവനു വേദനിക്കില്ലേ...''; ഗോമതി കണ്ണുകള്‍ തുടച്ചു.
ചില മാസങ്ങളില്‍ ആശുപത്രിയില്‍ പോകാന്‍ വിനോദ് കൂട്ടാക്കാറില്ല. ഗോമതി ആ പിടിവാശിക്കു മുന്നില്‍ പിടിച്ചുനില്‍ക്കാനാവാതെ സെല്ലും വീടും പൂട്ടിയിറങ്ങും. ആശുപത്രിയില്‍ പോയി മരുന്നുമായി എത്തുമ്പോഴേക്കും കൈയെത്തുന്ന സ്ഥലത്തുള്ള മുഴുവന്‍ സാധനങ്ങളും വിനോദ് നശിപ്പിച്ചിരിക്കും. അലറിവിളിച്ചു കരയുന്ന വിനോദ് അമ്മയെത്തുമ്പോഴേക്കും അമ്മാ.. എന്നു വിളിച്ചു കൊച്ചുകുട്ടികളുടെ നിഷ്‌കളങ്കതയില്‍ പുഞ്ചിരിക്കും. ആ ചിരിയില്‍ അമ്മയുടെ എല്ലാ വിഷമങ്ങളും അലിഞ്ഞില്ലാതാകും. ഉറക്കമില്ലാത്ത രാത്രികളും പിടിവാശി നിറഞ്ഞ പകലുകളും ഗോമതിക്കിപ്പോള്‍ സുപരിചിതമാണ്.
പലപ്പോഴും വാശിവന്ന് വിനോദ് ആഴ്ചയോളം ഭക്ഷണം കഴിക്കാറില്ല. തുറന്നുവിടാതെ ഒന്നും കഴിക്കില്ലെന്നു പറഞ്ഞ് അവന്‍ വാശിപിടിക്കും. ഗോമതിയുടെ കണ്ണീര് പക്ഷേ ആ ദിവസങ്ങളില്‍ വിനോദ് കാണാറില്ല. ആഹാരം കഴിക്കാതിരിക്കുമ്പോള്‍ പലപ്പോഴും അവസാനം ജന്നി വരും. നിലത്തുകിടന്ന് പിടയുന്ന വിനോദിനെ അമ്മ താക്കോല്‍ കൈയില്‍ പിടിപ്പിച്ച് ചേര്‍ത്തുകിടത്തും. അവന് ആശ്വാസമാകുംവരെ അമ്മയും ആ സെല്ലിനുള്ളില്‍ കഴിയും.
വിനോദിനെ ഒറ്റയ്ക്കാക്കി പുറത്തുപോകുന്നതാണ് ഗോമതിയെ ഏറ്റവും വിഷമിപ്പിക്കുന്നത്. ഒറ്റയ്ക്കായാല്‍ അവന്‍ അക്രമാസക്തനാകും. മുറിയുടെ മുകളിലിട്ടിരിക്കുന്ന ഷീറ്റിന്റെ കമ്പികള്‍ പലതും ഇതിനകം അവന്‍ വലിഞ്ഞുകയറി നശിപ്പിച്ചു. അകത്ത് പലപ്പോഴും അക്രമാസക്തനാകുമ്പോഴെല്ലാം കൈകെട്ടിയിട്ടാണ് അവനെ അടക്കിയിരുത്തുന്നത്. ചിലപ്പോഴൊക്കെ അമ്മയ്ക്കുനേരെയും തിരിയും വിനോദ്. എന്നാലും കരുതലോടെ ചേര്‍ത്തുപിടിച്ച് ഗോമതി പറയും: ''നമ്മുടെ മക്കളല്ലേ... പേടിക്കാനാവൂലല്ലോ... കൊല്ലുന്നെങ്കില്‍ കൊല്ലട്ടേ...''
ആശുപത്രിയില്‍ കൊണ്ടുപോകാനും കുളിപ്പിക്കാനും മാത്രമാണ് വിനോദിനെ ഇപ്പോള്‍ സെല്ലില്‍നിന്നു പുറത്തിറക്കുന്നത്. കുളിപ്പിക്കാനും അമ്മ വിനോദിന്റെ സമ്മതം വാങ്ങും. കുളിച്ചു കയറി വന്നാലുടന്‍ ഒരുക്കിക്കൊടുക്കണമെന്നത് അവന്റെ നിര്‍ബന്ധമാണ്. ഇതൊക്കെ വിവരിക്കുമ്പോള്‍ ഗോമതിയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
അടുത്തുള്ള ഒരു വീട്ടില്‍ ജോലിക്കു പോയി കിട്ടുന്ന വരുമാനം കൊണ്ടാണ് ഇപ്പോള്‍ ഇവര്‍ ജീവിക്കുന്നത്. പലപ്പോഴും ആഹാരം അവിടുന്നു കൊണ്ടുവരും. ആ കുടുംബത്തിന്റെ സഹായവും ചില സന്നദ്ധ സംഘടനകളുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നും അവരെയൊക്കെ ദൈവം രക്ഷിക്കുമെന്നും കണ്ണീരോടെ ഗോമതി പറഞ്ഞൊപ്പിച്ചു. ഗോമതിയുടെ ജ്യേഷ്ഠത്തി ശാരദയും അനിയത്തി ലക്ഷ്മിയും ഇരുവരുടെയും മക്കളും ഇടക്കിടെ സഹായങ്ങളുമായി എത്തും. എന്നാല്‍ ഇവരെയൊന്നും വിനോദ് അധികസമയം വീട്ടില്‍ നിര്‍ത്താറില്ല. അക്രമാസക്തനാകുന്ന അവനെ അധികസമയം കണ്ടുനില്‍ക്കാന്‍ അവര്‍ക്കുമാവില്ല.
അമ്മ വാരിക്കൊടുത്താല്‍ മാത്രമാണ് വിനോദ് ഭക്ഷണം കഴിക്കുക. ഗുളിക ചേര്‍ത്ത ഭക്ഷണം ഉരുളകളായി വിനോദിന്റെ വായിലേക്ക് ഉരുട്ടിനല്‍കുമ്പോള്‍ അതിലിപ്പോഴും ഒരഞ്ചുവയസുകാരനെ ഊട്ടുന്ന മാതാവിന്റെ കനിവും കണ്ണീരിന്റെ നനവുമുണ്ട്. അമ്മയും കഴിക്കെന്ന് വിനോദ് ശാഠ്യം പിടിക്കുന്നതിനാല്‍ തനിക്കു കഴിക്കാനുള്ളതുകൂടി ഒരു പാത്രത്തിലാക്കിയ ശേഷം ഒരുമിച്ചാണു കഴിക്കാറ്. വിനോദിന് ഏറ്റവും ഇഷ്ടം തൈരും ചോറും ചമ്മന്തിയുമാണ്. മരുന്ന് പൊടിച്ച ചോറുരുളകള്‍ അമ്മ വാരിക്കൊടുക്കുമ്പോള്‍ വിനോദ് തിരിച്ചറിയുന്നത് മാതൃസ്‌നേഹം മാത്രമാണ്.
മരിക്കുമ്പോള്‍ ഒരുമിച്ചങ്ങ് മരിക്കണം
''മക്കളെന്റെ ആരാണ്.''
''അമ്മച്ചീടെ മോന്‍ വിനോദ്... ഞാന്‍ മോനാണ്..''
അമ്മയുടെ ചോദ്യങ്ങള്‍ക്ക് വിനോദ് കുട്ടികളെപ്പോലെ മറുപടി പറയും. വാശി കാണിക്കുമ്പോള്‍ ഗോമതി പറയും... നിന്നെയെനിക്കു വേണ്ട, ഞാന്‍ ചാക്കില്‍ കെട്ടി കളയാന്‍ പോകുവാണ്... ഇതോടെ സര്‍വവാശികളും ഉപേക്ഷിച്ച് വിനോദ് കരച്ചില്‍ തുടങ്ങും. വിനോദിന് ഏറ്റവും വിഷമമുണ്ടാക്കുന്ന വാക്കുകളാണവ.
ഒറ്റമുറി വീടിന്റെ ഇറയത്തെ ജനല്‍ക്കമ്പികള്‍ക്കിടയില്‍ പൂച്ച കയറാതിരിക്കാന്‍ തിരുകിവച്ചിരിക്കുന്ന പ്ലാസ്റ്റിക്ക് കുപ്പികളെല്ലാം വിനോദിന് ഗുളിക കൊടുക്കാന്‍ വാങ്ങിയ ശീതളപാനീയങ്ങളുടേതാണ്. ജനലുകളുടെ ചില്ലുകളെല്ലാം പലപ്പോഴായി വിനോദ് തന്നെ നശിപ്പിച്ചതാണ്. അടച്ചുറപ്പുള്ള വീടിനെപ്പറ്റി സ്വപ്നം കാണുന്ന ഗോമതി കണ്ണീരൊപ്പിക്കൊണ്ട് പറഞ്ഞു:''ഇങ്ങനെയുള്ള അസുഖമുള്ളവര്‍ക്ക് ആരും വീട് തരൂല... എങ്ങോട്ട് പോകാനാണ്... ഇവിടെയും ചില അയല്‍ക്കാരൊക്കെ പ്രശ്‌നമുണ്ടാക്കുന്നുണ്ട്.''
വാടകവീട്ടില്‍നിന്ന് ഇറങ്ങാന്‍ ഉടമസ്ഥര്‍ പറയുന്ന ദിനമോര്‍ത്ത് ഇടയ്ക്കിടെ ഗോമതി ഞെട്ടിയുണരാറുണ്ട്. ആത്മഹത്യയെപ്പറ്റി പലവട്ടം ആലോചിച്ചിട്ടുണ്ടെങ്കിലും മകനൊറ്റയ്ക്കാകുമല്ലോയെന്ന സങ്കടം ഈയമ്മയെ പിന്നോട്ടു വലിക്കും. പുറമ്പോക്കിലുള്ള വസ്തുവിലെ ഈ കൂരയില്‍ ഇനിയെത്രകാലമെന്നോര്‍ത്ത് ഗോമതി നെടുവീര്‍പ്പിടുന്നു. അന്തിയുറങ്ങാന്‍ സ്വന്തമായൊരു വീടെന്ന സ്വപ്നം മാത്രമാണ് ഇവര്‍ക്കുള്ളത്. തന്റെ മരണശേഷം ജ്യേഷ്ഠത്തിയുടെയും അനിയത്തിയുടെയും മക്കള്‍ വിനോദിനെ നോക്കിക്കൊള്ളാമെന്ന് ഉറപ്പുനല്‍കിയത് മാത്രമാണ് ഈ അമ്മയ്ക്ക് ആശ്വാസം. എന്നിട്ടും കണ്ണീരോടെ ഗോമതി പറഞ്ഞു: ''മരിക്കുമ്പോള്‍ ഒരുമിച്ചങ്ങ് മരിക്കണം. എന്റെ മോന്‍ ഒറ്റയ്ക്ക് കിടന്നു കഷ്ടപ്പെടരുത്. എന്റെ കണ്ണടയുംവരെ എന്റെ കുഞ്ഞിനെ ഞാന്‍ ആര്‍ക്കും വിട്ടുകൊടുക്കില്ല...''
വിധി നല്‍കിയ പരീക്ഷണങ്ങളെ പുഞ്ചിരി കൊണ്ടു നേരിട്ട് ഗോമതി മകനെ ഊട്ടിക്കൊണ്ടിരിക്കുകയാണ്; അവനേറ്റവും ഇഷ്ടമുള്ള തൈരും ചമ്മന്തിയും ഒപ്പം ഗുളികയും കുഴച്ച്...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."