കവിയുടെ കാല്‍പാടുകള്‍
ചുള്ളിക്കാടിന്റെ കവിതകള്‍ വായിച്ചു പഠിച്ചു പാടിനടന്ന ഭ്രാന്തമായ ഒരു കാലമുണ്ടാകും പലര്‍ക്കും. കവിതയുടെ ഉന്മാദത്തിലേക്കും ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്കും അത്രമേല്‍ ആ വരികള്‍ അവരെ കശക്കിയെറിഞ്ഞിരുന്നു. ''ഒരു പ്രതിസന്ധിയില്‍ ആര്‍ക്കെങ്കിലും എന്റെ രണ്ടുവരിക്കവിത ഓര്‍മ വരുമെങ്കില്‍ മാത്രമേ ഞാന്‍ കവിയാകുന്നുള്ളൂ''എന്നു കവി സ്വയം വിലയിരുത്തിയിട്ടുണ്ട്. ആ അര്‍ഥത്തില്‍ ചുള്ളിക്കാട് ഒരു കവിയാണ്. മഹാകവി തന്നെ. കവിതാ ജീവിതത്തെ കുറിച്ച് സംസാരിക്കുന്നു അദ്ദേഹം.
കവിതയുടെ ഭ്രാന്തുകൊണ്ട് വീടുവിട്ടിറങ്ങിയ ആ ഇന്നലെകള്‍ ഇന്നും ഇവിടെയൊക്കെത്തന്നെ തപ്പിത്തടഞ്ഞിരിപ്പുണ്ട്. സുഹൃത്തുക്കളുടെ കാരുണ്യംകൊണ്ട്, നിന്ദിതനും പീഡിതനുമായി ജീവിച്ചിരുന്ന വല്ലാത്തൊരു കാലമായിരുന്നു അത്. അവഗണനയുടെ, അവഹേളനത്തിന്റെ, പട്ടിണിയുടെ പട്ടടയില്‍ വീണുറങ്ങിയ ഒരുപാട് ദിനരാത്രങ്ങള്‍. ജീവിതത്തിന്റെ ആ അനിശ്ചിതത്വത്തെക്കുറിച്ചുള്ള വ്യഥകളാണ് എന്റെ ആദ്യകാല കവിതകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.
''ദുരിതങ്ങള്‍ക്കു തന്‍ വ്യഥിതകൗമാരം ബലികൊടുത്തവന്‍
കരച്ചിലില്‍ച്ചെന്നു കലങ്ങുമോര്‍മ തന്‍
ജ്വരപ്രവാഹത്തിലൊലിച്ചുപോയവന്‍''
ഇത് എന്റെ മാത്രം വ്യഥയായിരുന്നില്ല. അക്കാലത്തെ സമാനഹൃദയരായ ഒട്ടേറെ ചെറുപ്പക്കാരുടെ വ്യഥയായിരുന്നു. അതുകൊണ്ടാണ് അവര്‍ അതു നെഞ്ചേറ്റിയത്. എനിക്കു സ്വന്തം ജീവിതത്തെക്കുറിച്ചു നല്ല ഓര്‍മകളൊന്നും ഉണ്ടായിരുന്നില്ല. കുലമഹിമയില്ല. സമ്പത്തില്ല. ബുദ്ധിശക്തിയില്ല. ആരോഗ്യമില്ല. സൗന്ദര്യമില്ല. സ്വഭാവഗുണവും എനിക്കുണ്ടായിരുന്നില്ല. മാതാപിതാക്കള്‍ക്കെന്നോട് ഇഷ്ടമില്ലായിരുന്നു. ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും ഞാന്‍ വെറുക്കപ്പെട്ടവനായിരുന്നു. സ്‌കൂളിലെ അധ്യാപകര്‍ക്കും സഹപാഠികള്‍ക്കും എന്നെ ഒട്ടും ഇഷ്ടമല്ലായിരുന്നു. അവരില്‍നിന്ന് എപ്പോഴും കടുത്ത ശിക്ഷ ഏല്‍ക്കേണ്ടിവന്നു. നിന്ദയും അപമാനവും പരിഹാസവും ഏറ്റുവാങ്ങി.
അപവാദവും കുറ്റപ്പെടുത്തലും പുച്ഛവും വെറുപ്പും എനിക്കു നിരന്തരമായി സഹിക്കേണ്ടി വന്നു. ഈ ലോകത്ത് എനിക്കല്ലാതെ മറ്റാര്‍ക്കും എന്നെ ആവശ്യമില്ല എന്ന സത്യം കുട്ടിക്കാലത്തുതന്നെ എനിക്കു ബോധ്യപ്പെട്ടിരുന്നു. കൗമാരത്തില്‍ തന്നെ വീടിന്റെയും നാടിന്റെയും തണല്‍ എനിക്കു നഷ്ടമായി. ജീവിതം പെരുവഴിയിലായി എന്നു കവിതകളുടെ ആമുഖത്തില്‍ ഏറ്റുപറയേണ്ടി വന്നത് അതുകൊണ്ടാണ്. ഓര്‍മകളുടെ ഓണം പോലും പുണ്ണുതോറും കൊള്ളിവച്ചപോലെ പൊള്ളിക്കുന്നതും അതുകൊണ്ടൊക്കെത്തന്നെയാവണം. പട്ടിണിയായിരുന്നു പലപ്പോഴും. അന്നത്തെ അന്നത്തിനുവേണ്ടി അലച്ചിലായിരുന്നു. അടിയന്തരാവസ്ഥക്കാലം വല്ലാതെ പേടിപ്പിച്ചു. സാംസ്‌കാരികവേദിയുടെ കവിയരങ്ങുകളില്‍ കവിതചൊല്ലി ഞാന്‍ കേരളത്തിലങ്ങോളമിങ്ങോളും അലഞ്ഞുനടന്നു.
''രാത്രിയില്‍ കോരിച്ചൊരിയും മഴയത്ത്
പാതയോരത്തൊരു പീടികത്തിണ്ണയില്‍
കാറ്റടി കീറിപ്പൊളിച്ച കുപ്പായവും
കൂട്ടിപ്പിടിച്ച്,
കടിച്ചുപറിക്കും തണുപ്പിന്റെ
നായ്ക്കളെ കെട്ടിപ്പിടിച്ച്
ആത്മാവിലെ തീക്കട്ട മാത്രമെരിച്ച്
നിര്‍ന്നിദ്രം കിടന്നുപിടച്ച
തിരസ്‌കൃത യൗവനം.''
അതായിരുന്നു അന്നത്തെ ജീവിതം. ജീവിക്കാന്‍വേണ്ടി പല ജോലികളും ചെയ്തിട്ടുണ്ട്. ഭിക്ഷ യാചിച്ചു. ഹോട്ടലിലെ എച്ചിലെടുത്തു. സ്വന്തം രക്തം വില്‍ക്കേണ്ടി വന്നു. ആത്മഹത്യയ്ക്കും കൊലയ്ക്കുമിടയിലൂടെ ആര്‍ത്തനാദം പോലെ പായുന്ന ജീവിതത്തിന്റെ 'മാപ്പുസാക്ഷി'യാകേണ്ടിവന്നു. ഇത്തരം പൊള്ളുന്ന യാഥാര്‍ഥ്യങ്ങളെ നേരിട്ടതുകൊണ്ടാവാം അങ്ങനെയൊക്കെ സംഭവിച്ചത്.
''അന്ധകാരത്തില്‍ പരസ്പരം
കൊല്ലുന്ന ബന്ധങ്ങളെയും,
കുന്തിരിക്കപ്പുക ഭ്രൂണബലിയുടെ
ഗന്ധം മറയ്ക്കും വിവാഹരംഗങ്ങളെയും'' 'ഒരുപ്രണയഗീത'ത്തില്‍ ചിത്രീകരിക്കേണ്ടി വന്നു. അങ്ങനെ എഴുതപ്പെട്ട 'പതിനെട്ടു കവിതകള്‍' സുഹൃത്തുക്കള്‍ മുന്‍കൈയെടുത്താണ് രസന പബ്ലിക്കേഷന്‍സിന്റെ ബാനറില്‍ പുറത്തിറക്കിയത്. മഹാകവി വൈലോപ്പിള്ളിയെയാണു പ്രകാശനത്തിനായി ക്ഷണിച്ചിരുന്നത്. അദ്ദേഹത്തിന് എന്തുകൊണ്ടോ എത്തിച്ചേരാന്‍ സാധിച്ചില്ല. വൈലോപ്പിള്ളി കവിതകളെ പ്രകീര്‍ത്തിച്ച് ഒരുസന്ദേശം കൊടുത്തയച്ചു. അതു ചടങ്ങില്‍ വായിക്കുകയായിരുന്നു.
തൃശ്ശിവപേരൂരുള്ള വൈലോപ്പിള്ളിയുടെ താവളം പലപ്പോഴും എനിക്ക് അഭയമായിരുന്നു. അതുകൊണ്ടാണ് ഒരുദിവസം
''തൃശ്ശിവപ്പേരൂര്‍ പൂരപ്പറമ്പു കടന്നു ഞാന്‍
ഒട്ടിയ വയറുമായുച്ചയ്ക്കു കേറിച്ചെന്നു.
'ഇത്രമാത്രം ബാക്കി'യെന്നോതി വൈലോപ്പിള്ളി
ഇത്തിരിച്ചോറും മോരുമുപ്പിലിട്ടതും തന്നു''
ആര്‍ത്തിയോടെ ചോറ് വാരിത്തിന്നത് കണ്ടപ്പോള്‍
'കുടല്‍ മാണിക്യത്തിലെ സദ്യനീയുണ്ടിട്ടുണ്ടോ?'
എന്ന് വൈലോപ്പിള്ളി ചോദിച്ചു, അപ്പോള്‍
വംഗസാഗരത്തിന്റെ കരയില്‍ ശ്മശാനത്തില്‍
അന്തിതന്‍ ചുടല വെന്തടങ്ങും നേരത്തിങ്കല്‍
ബന്ധുക്കള്‍ മരിച്ചവര്‍ക്കന്തിവാനമായ് വച്ച
മണ്‍കലത്തിലെച്ചോറുതിന്നത് ഞാനോര്‍ക്കുന്നു.'' എന്നാണ് ഞാന്‍ പറഞ്ഞത്. ജഗത്ഭക്ഷകനായ കാലത്തെക്കുറിച്ച മഹാകവിയെ ഓര്‍മിപ്പിച്ച ആ സന്ദര്‍ഭമാണ് പിന്നീട് 'അന്നം'എന്ന കവിതയായത്.
ഒരു ബൊളീവിയന്‍ ഗാനം പകുതിയില്‍പ്പതറി നിര്‍ത്തി ഇറങ്ങിപ്പോയ ജോണ്‍ എബ്രഹാമിനുള്ള സങ്കീര്‍ത്തനമായിരുന്നു 'എവിടെ ജോണ്‍?' എന്ന കവിത. എനിക്ക് ജോണ്‍ മറ്റൊരാളായിരുന്നില്ല. ഗന്ധകാമ്ലം നിറച്ച ഹൃദയഭാജനമായിരുന്നു. ഒരുമിച്ച് അരാജകജീവിതം ആഘോഷിച്ചവരായിരുന്നു. പിന്നീട് 'മാനസാന്തര'മുണ്ടായി. അരാജകജീവിതം അവസാനിച്ചു ബുദ്ധമതത്തിലേക്കു ചേക്കേറി. മാധവിക്കുട്ടി ഇസ്‌ലാം മതം സ്വീകരിച്ച് കമലാ സുരയ്യ ആയപ്പോള്‍ കഠിനമായ എതിര്‍പ്പ് നേരിടേണ്ടി വന്നു. ഒരാള്‍ അയാളുടെ അറിവോ സമ്മതമോ ഇല്ലാതെ, ജനനത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇന്ന മതക്കാരനാണെന്നു നിശ്ചയിക്കപ്പെടുന്നത്. നമുക്ക് വളരുമ്പോള്‍ ഇഷ്ടമുള്ള മതം സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണല്ലോ ഞാന്‍ ബുദ്ധമതം സ്വീകരിച്ചത്.
കരള്‍രോഗം ബാധിച്ച് ആശുപത്രിയിലായി. ഡോക്ടര്‍ പറഞ്ഞു, ഇനി ജീവിച്ചിരിക്കണോ? എങ്കില്‍ ഒരുതുള്ളി തൊട്ടുപോകരുതെന്ന്. ജീവിച്ചിരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ട് ഞാന്‍ കുടിനിര്‍ത്തി. ഏറ്റവും വിലകൂടിയ മദ്യം വാങ്ങിക്കുടിച്ച് ആഘോഷിച്ചുകൊണ്ടാണ് എന്നെന്നേക്കുമായി മദ്യപാനം അവസാനിപ്പിച്ചത്. അങ്ങനെ പുതിയൊരു മനുഷ്യനായി മാറി തഥാഗതന്റെ കരുണയില്‍ പുതിയൊരു ലോകത്തെ പ്രാപിച്ചു. എനിക്ക് അച്ഛന്‍ ഒരു പേടിസ്വപ്നമായിരുന്നു. പട്ടാളച്ചിട്ടയുള്ള ഒരു കണിശക്കാരന്‍. ജീവിച്ചിരിക്കുമ്പോഴും മരണസമയത്തും അച്ഛന്റെ അടുത്തുണ്ടാകാന്‍ എനിക്കായില്ല. എന്റെ പിതൃതര്‍പ്പണം അച്ഛന്റെ ആത്മാവ് സ്വീകരിക്കുമോ? ആ ചിന്തയാണ് 'താതവാക്യ'ത്തിന്റെ ഉള്‍പ്രേരണയായത്.
മലയാളത്തിലെ മികച്ച പ്രണയകവിതകളില്‍ ഒന്നായി 'ആനന്ദധാര'യെ എണ്ണുന്നു. ഞാന്‍ ഒരിക്കല്‍ കാക്കനാട്ടെ ബാറിലിരിക്കുമ്പോള്‍ ഒരു ചെറുപ്പക്കാരന്‍ വന്നു പരിചയപ്പെട്ടു. പിറ്റേന്ന് അയാളുടെ കാമുകിയുടെ വിവാഹമായിരുന്നു. വിവാഹത്തിനു നല്‍കാന്‍ ആശംസയായി ഒരു കവിത എഴുതിനല്‍കണമെന്ന് അയാള്‍ ആവശ്യപ്പെട്ടു. അപ്പോള്‍ അയാളുടെ സങ്കടവും വേവലാതിയും കണ്ടപ്പോള്‍ വിഷമം തോന്നി. സിഗരറ്റ് കൂടിന്റെ പിറകില്‍ ചില വരികള്‍ കുറിച്ചുകൊടുത്തു.
''ദു:ഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള
ദു:ഖമെന്താനന്ദമാണെനിക്കോമനേ,
എന്നെന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ
നിന്നസാന്നിധ്യം പകരുന്നവേദന.''
പിന്നീടതു പൂര്‍ത്തിയാക്കി 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ചു. ട്രഷറിയിലെ കണക്കെഴുതി മനസു മരവിച്ചു വിഷാദരോഗത്തിലെത്തുമെന്നു കരുതിയ കാലത്താണ് സീരിയല്‍ അഭിനയത്തിനുള്ള അവസരം ഒത്തുവന്നത്. അഭിനയിക്കാനുള്ള കഴിവുകൊണ്ടല്ല കെട്ടോ അത്യാഗ്രഹം കൊണ്ടാണ് അഭിനയിക്കുന്നത്. അതുകൊണ്ട് നല്ല ഭക്ഷണം കഴിക്കാന്‍ സാധിക്കുന്നു. ഒരുനേരത്തെ ഭക്ഷണത്തിനുപോലും നിവൃത്തിയില്ലാതെ ലക്ഷങ്ങള്‍ കഷ്ടപ്പെടുന്ന ഭൂമിയില്‍ അന്നം മുടങ്ങാതെ ജീവിക്കാന്‍ സാധിക്കുന്നതുതന്നെ ഭാഗ്യമാണല്ലോ.
ദാരിദ്ര്യം അനുഭവിച്ചിരുന്ന കാലത്തുപോലും സാമ്പത്തിക നേട്ടമുണ്ടാക്കാവുന്ന പുരസ്‌കാരങ്ങള്‍ നിരസിച്ചിട്ടുണ്ട്. അത് ഒരു നിലപാടിന്റെ ഭാഗമായിരുന്നു. ഒരു അക്കാദമിയോ പുരസ്‌കാരങ്ങളോ എഴുത്തുകാരനെ വളര്‍ത്തിയിട്ടില്ല. പുരസ്‌കാരങ്ങള്‍ക്കുമുന്നില്‍ നട്ടെല്ല് വളച്ചുനില്‍ക്കാനും വയ്യ.
സീരിയല്‍ അഭിനയത്തിനുമുന്‍പു തന്നെ ജി. അരവിന്ദന്റെ 'പോക്കുവെയില്‍' എന്ന സിനിമയിലെ നായകനാകാന്‍ ഭാഗ്യമുണ്ടായി. തിരുവനന്തപുരത്തെ സിനിമാക്കാരുടെ മദ്യപാനസദസില്‍ കവിതാപുസ്തകം വില്‍ക്കാന്‍ ചെന്നതായിരുന്നു ഒരിക്കല്‍. അവിടെ വച്ച് കുനിച്ചുനിര്‍ത്തി ഒരു സംവിധായകന്‍ തലയില്‍ മദ്യം ഒഴിച്ച് അപമാനിച്ചു. അതുകണ്ടു സഹതാപം തോന്നിയതു സംവിധായകന്‍ ജി. അരവിന്ദനായിരുന്നു. അദ്ദേഹം വീട്ടിലേക്കു കൂടെക്കൂട്ടി. അങ്ങനെയുണ്ടായ അടുപ്പമാണു പിന്നെ 'പോക്കുവെയില്‍' എന്ന സിനിമയിലേക്കു നയിച്ചത്.
കവി എന്ന നിലയില്‍ സ്വപ്നങ്ങളൊന്നും ബാക്കിയില്ല. ചെറുപ്പത്തില്‍ വിപ്ലവം വരുമെന്ന പ്രതീക്ഷയൊക്കെ ഉണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ള പ്രതീക്ഷകളൊന്നുമില്ല. ഇത്രയും കാലം ജീവിച്ചിരിക്കുമെന്നു കരുതിയില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ മരിക്കണം. അതാണ് ഒരു മനുഷ്യന്‍ എന്ന നിലയില്‍ എന്റെ സ്വപ്നം.
''ക്ഷണ കാഞ്ചനമെന്നും പരമാണുകമെന്നും
പതിനായിരം വര്‍ഷം സങ്കല്‍പിച്ചറിഞ്ഞാലും
വിസ്മയം! ഞാനിപ്പൊഴും പാപവൈദ്യുതിയേറ്റു
'രക്തകിന്നര'ത്തിലെ ഭസ്മമായ്ത്തീരാനുള്ള കര്‍പ്പൂരഖാണ്ഡം മാത്രം.''
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."