കേരള മാപ്പിളകലാ അക്കാദമി സംഗീതയാനം മെഗാ ഷോ ഇന്ന്
പടിഞ്ഞാറത്തറ: ജില്ലയിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി കേരളാ മാപ്പിള കലാ അക്കാദമിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകിട്ട് അഞ്ചു മുതല്‍ സംഗീതയാനം മെഗാ ഷോ പടിഞ്ഞാറത്തറ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടക്കും.
ചലച്ചിത്ര താരവും, സംവിധായകനുമായ നാദിര്‍ഷ സംഗീതയാനം മെഗാ ഷോ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ നിന്നും ലഭിക്കുന്ന മുഴുവന്‍ തുകയും ജില്ലയിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ വിനിയോഗിക്കും. എം.ഐ ഷാനവാസ് എം.പി, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, ഒ.ആര്‍ കേളു എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി നസീമ, ജില്ലാ കലക്ടര്‍ അജയകുമാര്‍ ഐ.എ.എസ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷ തമ്പി, കല്‍പ്പറ്റ ഡി.വൈ.എസ്.പി പ്രിന്‍സ് എബ്രഹാം, പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ് അടക്കമുള്ളവര്‍ സംബന്ധിക്കും. സിനിമാ പിന്നണി രംഗത്തെയും ചാനല്‍ പരിപാടികളിലെയും പ്രമുഖ ഗായകരും, മാപ്പിളപ്പാട്ട് വേദികളിലെ പ്രശസ്തരും സംഗീതയാനത്തില്‍ അണിനിരക്കും. നാദിര്‍ഷക്ക് പുറമെ മാപ്പിളപ്പാട്ടിലെ ഇതിഹാസ ഗായകനായിരുന്ന തമിഴ്‌നാട് നാഗൂര്‍ ഹനീഫയുടെ പ്രഥമ ശിഷ്യന്‍ കോവൈ ഇസ്ഹാഖ്, ചാനല്‍ പരിപാടികളിലെ നിറസാന്നിധ്യമായ പ്രശസ്ത ഗായകന്‍ ഫിറോസ് ബാബു, യേശുദാസിന്റെ ശബ്ദ സൗന്ദര്യത്താല്‍ ശ്രദ്ധേയനായ പിന്നണി ഗായകന്‍ ഷമീര്‍ കൊടുങ്ങല്ലൂര്‍, അസ്മ കൂട്ടായി, ഷബ്‌ന അക്രം തുടങ്ങിയവരുടെ നേതൃത്വത്തില്‍ നൂറോളം കലാകാരന്മാര്‍ പരിപാടികള്‍ അവതരിപ്പിക്കും. പരിപാടിക്കായി 50,000 വാട്‌സ് ശബ്ദസംവിധാനവും, 200 സ്‌ക്വയര്‍ഫീറ്റിലുള്ള എല്‍.ഇ.ഡി സ്‌ക്രീന്‍ ഉള്‍പ്പെടെയുള്ള വിശാലമായ സ്റ്റേജ് സംവിധാനമാണ് തയാറാക്കുന്നത്. സ്വദേശത്തും, വിദേശത്തുമുള്ള ഉദാര മനസ്‌ക്കരുടെയും, മറ്റു സ്‌പോണ്‍സര്‍മാരുടെയും സഹായത്തോടെ നടത്തുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. പരിപാടിയുടെ നടത്തിപ്പിനായി പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡന്റ് എം.പി നൗഷാദ് ചെയര്‍മാനും, പി.കെ ദേവസ്യ വര്‍ക്കിങ് ചെയര്‍മാനും, പി.കെ അമീന്‍ ജന.കണ്‍വീനറും, ഷമീം പാറക്കണ്ടി വര്‍ക്കിങ് കണ്‍വീനറും, പഞ്ചായത്ത് വൈസ്പ്രസിഡന്റ് നസീമ പൊന്നാണ്ടി ട്രഷററുമായ 501 അംഗ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."