സമ്പൂര്‍ണ വൈദ്യുതീകരണ ജില്ല പ്രഖ്യാപനം 27ന്
കല്‍പ്പറ്റയില്‍ മന്ത്രി എം.എം മണി നിര്‍വഹിക്കും
മാനന്തവാടി: എല്ലാവര്‍ക്കും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിച്ചതിന്റെ ജില്ലാതല പ്രഖ്യാപനം ഈമാസം 27ന് നടക്കും. 2016 ജൂണില്‍ ആണ് സമ്പൂര്‍ണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ട് പ്രവര്‍ത്തനം തുടങ്ങിയത്.
മൂന്ന് നിയോജക മണ്ഡലങ്ങളിലായി എസ്.സി.എസ്.ടി പ്രമോട്ടര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ ഉപയോഗപ്പെടുത്തി സര്‍വ്വേ നടത്തുകയും 15059 കുടുംബങ്ങള്‍ക്ക് വൈദ്യുതി ഇല്ലെന്ന് കണ്ടെത്തുകയും അവര്‍ക്ക് പൂര്‍ണ്ണമായും വൈദ്യുതി ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്.
ഇതില്‍ 12841 ബി.പി.എല്‍ കുടുംബങ്ങളും 1830 പട്ടികജാതി വിഭാഗത്തിലും 7693 പട്ടികവര്‍ഗ്ഗ കുടുംബങ്ങളും ഉള്‍പ്പെടും. 566 പട്ടികവര്‍ഗ്ഗ കോളനികളും ഇതില്‍ ഉള്‍പ്പെടും.
വൈദ്യുതിലൈന്‍ വലിക്കാന്‍ കഴിയാത്ത പങ്കളം കോളനിയിലെ എട്ട് കുടുംബങ്ങള്‍ക്ക് അനര്‍ട്ടിന്റെ സഹകരണത്തോടെ സോളാര്‍ സംവിധാനം ഉപയോഗിച്ച് കണക്ഷന്‍ നല്‍കി. ജില്ലയിലാകെ 4.2 കിലോമീറ്റര്‍ ഭൂഗര്‍ഭ കേബിളുകളും 2.1 കിലോമീറ്റര്‍ എ.ബി.സി ലൈനുകളും 5.14 കിലോമീറ്റര്‍ 11 കെ.വി ലൈനുകളും 2 11.3 എല്‍.റ്റി ലൈനുകളും പുതുതായി നിര്‍മിക്കുകയും ഏഴ് ട്രാന്‍സ്‌ഫോമുകള്‍ സ്ഥാപിക്കുകയും ചെയ്തു.
13.80 കോടി രൂപ ഇതിനായി ചിലവഴിച്ചു. ഇതില്‍ മൂന്ന് കോടി രൂപ മൂന്ന് എം.എല്‍.എമാരും പട്ടികവര്‍ഗ വികസന വകുപ്പ് 3543009 രൂപയും തദ്ദേശസ്ഥാപനങ്ങള്‍ 7879064 രൂപയും അനുവദിച്ചു.
ബാക്കി തുക ഡി.ഡി.യു.ജി.ജെ.വൈയില്‍ നിന്നും കെ.എസ്.ഇ.ബി തനത് ഫണ്ടില്‍ നിന്നുമാണ് ചിലവഴിച്ചത്. 7561 വീടുകള്‍ വയറിങ് ചെയ്യാനുണ്ടായിരുന്നു.
ഇതില്‍ 7358 വീടുകള്‍ കെ.എസ്.ഇ.ബി വയറിങ് നടത്തി ഇതില്‍ കൂടുതലും ആദിവാസി വീടുകളായിരുന്നു.
വന്യമൃഗ കേന്ദ്രങ്ങളില്‍ ഭൂഗര്‍ഭ കേബിളുകള്‍ വഴിയാണ് വൈദ്യുതി കൊണ്ടുപോയത്. ജില്ലാതല പ്രഖ്യാപനം കല്‍പ്പറ്റയില്‍ മന്ത്രി എം.എം മണി നിര്‍വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."