പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍: 23.26 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതി
കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന റോഡുകള്‍ നന്നാക്കുന്നതിനും റോഡില്‍ പതിച്ച മണ്ണ് നീക്കം ചെയ്യുന്നതിനുമായി 23.26 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് ഭരണാനുമതിയായി.
പൊതുമരാമത്ത് (നിരത്തുകള്‍) വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ജില്ലാ വികസന സമിതിയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ 4.76 കോടി, മാനന്തവാടി നിയോജക മണ്ഡലത്തില്‍ 13.80 കോടി, സുല്‍ത്താന്‍ ബത്തേരിയില്‍ 4.70 കോടി എന്നീ തുകകള്‍ക്കുള്ള അനുമതിയാണ് ലഭിച്ചത്. കല്‍പ്പറ്റയില്‍ 10 പ്രവൃത്തികളുടെയും മാനന്തവാടിയിലെ രണ്ട് പ്രവൃത്തികളുടെയും ടെണ്ടര്‍ നടപടികളും പൂര്‍ത്തീകരിച്ചു. കല്‍പ്പറ്റ ടൗണ്‍ നവീകരണ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് ഒരാഴ്ച്ചക്കകം ദേശീയപാത എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ക്ക് കൈമാറുമെന്നും ബന്ധപ്പെട്ടവര്‍ യോഗത്തെ അറിയിച്ചു.
പ്രളയക്കെടുതികള്‍ക്കിടയിലും വകുപ്പുകളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ 43 ശതമാനത്തിന്റെ പുരോഗതിയുണ്ടായതായും യോഗം വിലയിരുത്തി. പദ്ധതിയിനത്തില്‍ നാല്‍പ്പതോളം വകുപ്പുകള്‍ക്ക് ലഭിച്ച 227.43 കോടി രൂപയില്‍ 97.53 കോടി രൂപയാണ് ഓഗസ്റ്റ് 31 വരെ ചിലവഴിച്ചത്. പൂര്‍ണ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ 46.88 ശതമാനം നിര്‍വഹണ പുരോഗതിയും നേടിയിട്ടുണ്ട്. ഈ ഇനത്തില്‍ 1.48 കോടി രൂപ ചിലവഴിച്ചു. മറ്റ് കേന്ദ്രാവിഷ്‌കൃത പദ്ധതികളിലെ 94.82 കോടി രൂപയില്‍ 52.46 കോടി രൂപ വിനിയോഗിച്ചു. 55.33 ശതമാനം പുരോഗതി. പ്രളയത്തിലും ഉരുള്‍പ്പൊട്ടലിലുമായുണ്ടായ നാശനഷ്ടങ്ങളും യോഗം വിലയിരുത്തി. സെപ്റ്റംബര്‍ 22 വരെ ജില്ലയില്‍ 2251 കോടി രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ഉല്‍പാദന മേഖലയില്‍ 1076 കോടിയും ഇന്‍ഫ്രാസ്ട്രക്ചര്‍ മേഖലയില്‍ 1004 കോടിയും സേവന മേഖലയില്‍ 171 കോടി രൂപയുടെയും നാശനഷ്ടങ്ങളും ഉണ്ടായതായി എ.ഡി.എം കെ അജീഷിന്റെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗം വിലയിരുത്തി. കാലവര്‍ഷക്കെടുതിക്ക് ശേഷം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ കാന്തന്‍പാറ വെള്ളച്ചാട്ടം ഒഴികെയുളളവ പൂര്‍ണ സുരക്ഷാ സംവിധാനങ്ങളോടെ പ്രവര്‍ത്തന സജ്ജമാണെന്ന് ടൂറിസം ഡെപ്യൂട്ടി ഡയരക്ടര്‍ അറിയിച്ചു. കാന്തന്‍പാറ വെള്ളച്ചാട്ടം ഒക്‌ടോബര്‍ ആദ്യവാരത്തില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. നല്ലൂര്‍നാട് എം.ആര്‍.എസിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിച്ച് വരുന്നതായി പൊതുമരാമത്ത് കെട്ടിട വിഭാഗവും അറിയിച്ചു. സബ്കലക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ.എം സുരേഷ്, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."