തൊഴിലാളികള്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഓഫിസ് ഉപരോധിച്ചു
കല്‍പ്പറ്റ: ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാനേജ്‌മെന്റ് നിലപാടിനെതിരേയുള്ള അനിശ്ചിതകാല സമരത്തിന് മുന്നോടിയായി തൊഴിലാളികള്‍ എസ്റ്റേറ്റ് ഓഫിസ് ഉപരോധിച്ചു.
ഇന്നലെ രാവിലെ ആരംഭിച്ച ഉപരോധ സമരം ഉച്ചയോടെ അവസാനിപ്പിച്ചു. എസ്റ്റേറ്റിലെ മൂന്ന് ഡിവിഷനുകളിലേയും തൊഴിലാളികളാണ് സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ ഓഫിസ് ഉപരോധിച്ചത്.
സമരം ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.പി ആലി ഉദ്ഘാടനം ചെയ്തു. എന്‍. വേണുഗോപാല്‍ അധ്യക്ഷനായി. യു. കരുണന്‍, കെ.ടി ബാലകൃഷ്ണന്‍, എന്‍.ഒ ദേവസ്യ, ഡി. രാജന്‍ ,സാം പി. മാത്യു, കെ.കെ രാജേന്ദ്രന്‍, പി. നാഗന്‍, കെ.പി കുഞ്ഞിമുഹമ്മദ്, എ. ആലി, പി. തങ്കരാജ്, കെ. സെയ്തലവി, എന്‍. ദേവദാസ് സംസാരിച്ചു. സമരത്തിന്റെ ഭാഗമായി ഒക്ടോബര്‍ നാലിന് കലക്ടറേറ്റിലേക്കും മാര്‍ച്ച് നടത്തും. തുടര്‍ന്നും നടപടിയുണ്ടായില്ലെങ്കില്‍ തോട്ടം ഉടമയുടെ വീട്ടുപടിക്കല്‍ കുത്തിയിരിപ്പുസമരം നടത്തും. പിന്നീട് തോട്ടം ഭൂമി കൈയേറി അവകാശം സ്ഥാപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.
നിലവില്‍ ജൂലൈ, ഓഗസ്റ്റ്, സെപ്റ്റബര്‍ മാസങ്ങളിലെ ശമ്പളമാണ് കുടിശ്ശികയായിട്ടുള്ളത്. ജില്ലയിലെ മറ്റു തോട്ടങ്ങളില്‍ 8.33 ശതമാനം ബോണസ് വിതരണം ചെയ്‌തെങ്കിലും എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ക്ക് ലഭിച്ചത് ബോണസ് തുകയുടെ 60 ശതമാനം മാത്രമാണ്. കൂടാതെ തോട്ടം തൊഴിലാളികള്‍ക്കുള്ള മെഡിക്കല്‍ ആനുകൂല്യങ്ങള്‍ ഉള്‍പെടെ മാനേജ്‌മെന്റ് നിഷേധിക്കുകയാണ്. വിരമിച്ച 72 തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ഇനിയും മാനേജ്‌മെന്റ് നല്‍കിയിട്ടില്ല.
ആറു വര്‍ഷമായി തൊഴിലാളികളുടെ പി.എഫ് വിഹിതം മാനേജ്‌മെന്റ് പിടിക്കുന്നുണ്ടെങ്കിലും ഇതുവരെ പി.എഫ് അക്കൗണ്ടില്‍ നിക്ഷേപിച്ചിട്ടില്ല. മാനേജ്‌മെന്റിന്റെ നിഷേധ നിലപാടുകള്‍ കാരണം തൊഴിലാളികള്‍ നിരന്തരം തൊഴില്‍ ദിനങ്ങള്‍ കളഞ്ഞ് സമരത്തിനിറങ്ങേണ്ട സ്ഥിതിയാണ്. ബന്ധപ്പെട്ട അധികൃതരുടെ നേതൃത്വത്തില്‍ നടത്തുന്ന അനുരഞ്ജന ചര്‍ച്ചകളില്‍ പ്രഖ്യാപനങ്ങള്‍ നടത്തുന്ന മാനേജ്‌മെന്റ് ഇതുവരെ ഇവയൊന്നും ഇതുവരെ യഥാസമയം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും തൊഴിലാളികള്‍ പറയുന്നു.
ഇതോടെ ദിവസങ്ങളുടെ വ്യത്യാസത്തില്‍ തൊഴിലാളികള്‍ ചെയ്ത ജോലിക്ക് വേതനം ലഭിക്കാന്‍ സമരത്തിന് നിര്‍ബന്ധിതരായിരിക്കുകയാണ്. കൃത്യമായി കുടിവെള്ളം ലഭ്യമാക്കുക, കമ്പിളിപുതപ്പ് വിതരണം ചെയ്യുക, വീടുകള്‍ താമസയോഗ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചാണ് തൊഴിലാളികളുടെ സമരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."