ഉരുള്‍പൊട്ടലിനെ തുടര്‍ന്നുള്ള കൃഷിനാശം; കര്‍ഷക കുടുംബങ്ങള്‍ ആത്മഹത്യാമുനമ്പില്‍
പാലക്കാട്: മലമ്പുഴ അകമലവാരത്തെ അയ്യപ്പന്‍ മലയില്‍ ഉരുള്‍പൊട്ടി വ്യാപക കൃഷിനാശം സംഭവിച്ച കര്‍ഷക കുടുംബങ്ങള്‍ ആത്മഹത്യാമുനമ്പില്‍. കവ ഇറക്കത്തിലുളള പറച്ചാത്തിയിലെ കര്‍ഷകരാണ് മണ്ണടിഞ്ഞു നികന്ന കൃഷിയിടങ്ങള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ പറ്റാതെ വലയുന്നത്. സര്‍ക്കാര്‍ വളരെ നക്കാപ്പിച്ച തുകയാണ് പ്രളയത്തില്‍ കൃഷി നശിച്ചവര്‍ക്ക് നല്കാന്‍ തീരുമാനിച്ചിട്ടുള്ളത്. പറച്ചാത്തിയിലെ മൂന്ന് കര്‍ഷകരുടെപത്തേക്കറോളം വരുന്ന കൃഷിയിടം മുഴുവന്‍ കല്ലും മണ്ണും മണലും നിറഞ്ഞു നികന്നിരിക്കുകയാണ്. പറച്ചാത്തി തോടും ഇല്ലാതായി. ഇനി കൃഷിയിടങ്ങളിലെ മണലും മണ്ണും നീക്കി കൃഷിയിടം പൂര്‍വ സ്ഥിതിയിലാക്കണമെങ്കില്‍ ചുരുങ്ങിയത് ഓരോ കര്‍ഷകനും അഞ്ചു ലക്ഷം രൂപയെങ്കിലും ചിലവഴിക്കേണ്ടി വരും. വാഴ ,തെങ്ങു് ,കവുങ്ങു് ,റബ്ബര്‍ കൃഷിയാണ് ചെയ്തിരുന്നത് .പതിനഞ്ചു് അടിയോളം മണലും മണ്ണും നികന്നതിനാല്‍ അവയൊക്കെ നീക്കം ചെയ്യണമെങ്കില്‍ ഒരു മാസമെങ്കിലും വേണ്ടിവരും. മോഹനന്റെ വീട് മുഴുവന്‍ മണ്ണും മണലുംഅടിഞ്ഞതിനാല്‍ താമസിക്കാന്‍ പറ്റാതായി. ഇപ്പോള്‍ ഈ കുടുംബം മന്തക്കാട് വാടകക്ക് താമസിക്കുകയാണ്
ഓഗസ്റ്റ് 16 ,17 തിയ്യതികളിലാണ് അയ്യപ്പന്‍ മലയില്‍ ഉരുള്‍പൊട്ടിയത്. അന്ന് തന്നെ ഈപ്രദേശം മുഴുവന്‍ മണ്ണിനടിയിലായി. മൂന്ന് കര്‍ഷകരുടെയും കൂടി നല്ല കായ്പ്പുള്ള നൂറിലധികം തെങ്ങും കവുങ്ങും താഴെ വീണ് ഇതിനു മുകളില്‍ മണല്‍ നിറഞ്ഞിരിക്കുകയാണ്
ആയിരത്തോളം വാഴയാണ് നശിച്ചത.് രണ്ടാഴ്ചക്കുള്ളില്‍ വിളവെടുക്കാന്‍ പ്രായത്തിലുള്ള നേന്ത്രന്‍ വാഴകളാണ് മണ്ണിനടിയിലായത് .ഇപ്പോള്‍ കുറച്ചു വാഴകള്‍ ഉണ്ടെങ്കിലും അതൊക്കെ കരിഞ്ഞു തുടങ്ങിയിട്ടുണ്ട്. വിളവ് എടുക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളത്. നൂറോളം റബ്ബര്‍ മരങ്ങളും ഒടിഞ്ഞു വീണു നശിച്ചു.
മൂന്ന് കര്‍ഷകര്‍ക്കും കൂടി പത്തു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനുപുറമെ, കൃഷിയിടം പൂര്‍വ സ്ഥിതിയിലാക്കി വീണ്ടും കൃഷി ചെയ്യണമെങ്കില്‍ നല്ലൊരു തുക മുടക്കേണ്ടി വരും. ഇവരെല്ലാം ചെറുകിട കര്‍ഷകരാണ്. പലരും ബാങ്കില്‍ നിന്നും കടമെടുത്താണ് കൃഷിയിറക്കിയത് .കടം തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനാല്‍ കര്‍ഷകനായ ബാബുരാജ് ഒരു മാസം മുന്‍പ് വിഷംകഴിച്ചു മരിച്ചു. സര്‍ക്കാരിന്റെ അടിയന്തിര സഹായം ലഭിച്ചില്ലെങ്കില്‍ മറ്റുള്ളവരും ആത്മഹത്യ ചെയ്യേണ്ട അവസ്ഥയിലാവും. കൃഷി വകുപ്പും ഗ്രാമ പഞ്ചായത്തുമൊക്കെ സ്ഥലം സന്ദര്‍ശിച്ചെങ്കിലും ഇതുവരെ സഹായമൊന്നും ലഭ്യമാക്കിയിട്ടില്ലെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."