സ്വപ്നയ്ക്ക് ജയിലില്‍ ഭീഷണിയില്ല; ആരോപണം നിഷേധിച്ച് ജയില്‍വകുപ്പ്
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് ജയിലില്‍ ഭീഷണിയെന്ന ആരോപണം നിഷേധിച്ച് ജയില്‍ വകുപ്പ്. അന്വേഷണ ഉദ്യോഗസ്ഥരല്ലാതെ മറ്റാരും സ്വപ്നയെ ജയിലിനുള്ളില്‍ കണ്ടിട്ടില്ലെന്നാണ് ജയില്‍ വകുപ്പ് വ്യക്തമാക്കുന്നത്.
ഓരോ ജയിലിലും പാര്‍പ്പിച്ചപ്പോള്‍ ആരൊക്കെ സ്വപ്നയെസന്ദര്‍ശിച്ചുവെന്നതിന് കൃത്യമായ രേഖകളും സി.സി ടിവി ദൃശ്യങ്ങളുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയിലിലെ സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിക്കാം. സ്വപ്നയ്ക്ക് നിലവില്‍ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ടെന്ന് കോടതിയെ അറിയിക്കാനും വകുപ്പ് തീരുമാനിച്ചു. ഒരു വനിത ഗാര്‍ഡ് സ്വപ്നയുടെ സെല്ലിന് പുറത്ത് 24 മണിക്കൂറുമുണ്ടാകും. ജയിലിന്ന് പുറത്ത് കൂടുതല്‍ സായുധ പൊലിസിനെയും വിന്യസിച്ചു.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സ്വപ്ന എറണാകുളം അഡിഷനല്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയില്‍ അപേക്ഷ നല്‍കിയതിനെത്തുടര്‍ന്ന് സ്വപ്ന സുരേഷിന് ജയിലില്‍ സുരക്ഷയൊരുക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.
നവംബര്‍ 25 വരെ ജുഡിഷ്യല്‍ കസ്റ്റഡിയില്‍ അട്ടകുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന തന്നെ ജയില്‍ ഉദ്യോഗസ്ഥരോ പൊലിസുകാരോ എന്ന് സംശയിക്കുന്ന ചിലര്‍ വന്നു കണ്ടുവെന്നും കേസില്‍ ഉള്‍പ്പെട്ടതായി സംശയിക്കുന്ന ഉന്നതരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തരുതെന്നും കേന്ദ്ര ഏജന്‍സികള്‍ നടത്തുന്ന അന്വേഷണവുമായി സഹകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടുവെന്നും സ്വപ്ന അപേക്ഷയില്‍ പറയുന്നു. എന്തെങ്കിലുംതരത്തിലുള്ള വിവരങ്ങള്‍ പുറത്തുവിട്ടാല്‍ തന്റെ കുടുംബത്തെയും തന്നെയും ഇല്ലാതാക്കാന്‍ കഴിവുള്ളവരാണെന്ന് ജയിലില്‍ വന്നുകണ്ടവര്‍ ഭീഷണിപ്പെടുത്തിയെന്നും സ്വപ്ന അപേക്ഷയില്‍ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."