അമേരിക്കയെ വിഭജിക്കാന്‍ ട്രംപ് ശ്രമിക്കുന്നു: ഹിലരി
ഫിലാഡല്‍ഫിയ: ഭാവിയെ ഭീഷണിപ്പെടുത്താന്‍ ട്രംപിനെ അനുവദിക്കില്ലെന്നും അമേരിക്കയെ വിഭജിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമമെന്നും യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഡൊമോക്രാറ്റിക് സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്‍. പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ഏറ്റെടുത്തു സംസാരിക്കുകയായിരുന്നു അവര്‍. ഐക്യമാണ് തന്റെ നയമെന്നും രാജ്യത്തെ ഉന്നതിയിലെത്തിക്കുകയാണ് മുഖ്യദൗത്യമെന്നും വ്യാഴാഴ്ച രാത്രി ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്യവെ ഹിലരി വ്യക്തമാക്കി.
ആദ്യ വനിതാ പ്രസിഡന്റ് സ്ഥാനാര്‍ഥിയെന്ന ചരിത്രം സൃഷ്ടിച്ചാണ് ഹിലരി സ്ഥാനാര്‍ഥിത്വം സ്വീകരിച്ചത്. ദേശീയ കണ്‍വന്‍ഷനിലെ അവസാന ദിവസം നയപരമായ പ്രസംഗമാണ് മുന്‍ പ്രഥമവനിതയും സ്റ്റേറ്റ് സെക്രട്ടറിയുമായ ഹിലരി നടത്തിയത്. ഒരു മതവിഭാഗത്തെയും നിരോധിക്കില്ല. അതേസമയം ഭീകരതയെ തുടച്ചുനീക്കും. ഇതിനായി ലോകരാജ്യങ്ങളുമായി ഒന്നിച്ചുപ്രവര്‍ത്തിക്കുമെന്നും ഹിലരി പറഞ്ഞു. പാര്‍ട്ടിയില്‍ തന്റെ എതിര്‍ സ്ഥാനാര്‍ഥിയായിരുന്ന ബേണി സാന്റേഴ്‌സിനു ഹിലരി നന്ദി പറഞ്ഞു. സാന്റേഴ്‌സ് മുന്നോട്ടുവച്ച ആശയങ്ങളും ഇതുതന്നെയായിരുന്നു. ജനങ്ങള്‍ക്കിടയില്‍ മതിലുകളല്ല, സാമ്പത്തിക വ്യവസ്ഥയാണ് നിര്‍മിക്കേണ്ടതെന്നും ഹിലരി പറഞ്ഞു. കഴിഞ്ഞ ദിവസം യു.എസ് പ്രസിഡന്റും പ്രഥമ വനിത മിഷേല്‍ ഒബാമയും ഹിലരിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."