സംസ്ഥാനത്തെ ഏറ്റവും വലിയ ചേരാക്കൊക്കന്‍ കോളനി തിരുന്നാവായയില്‍
പൊന്നാനി: സംസ്ഥാനത്തെ ഏറ്റവും വലിയ ചേരാക്കൊക്കന്‍ കോളനി തിരുന്നാവായയില്‍. നീര്‍പക്ഷി ഇനത്തില്‍പ്പെട്ട ചേരാക്കൊക്കന്‍ കൂടു വെക്കുന്നയിടം കേരളത്തില്‍ തന്നെ അപൂര്‍വമാണ്. എന്നാല്‍ സംസ്ഥാനത്തു കാണപ്പെടുന്ന ഏറ്റവും വലിയ ചേരാകൊക്കന്‍ കോളനി തിരുന്നാവായയിലെ തിരുത്തി എന്ന പ്രദേശത്തെ താമരക്കായലിനു നടുവിലുള്ള പാഴ്മര കൂട്ടങ്ങളിലാണ്. ചതുപ്പുകള്‍ താണ്ടി ദുര്‍ഘട സ്ഥാനത്തുള്ള കൊറ്റിത്താവളത്തില്‍ മനുഷ്യന് എത്തിപ്പെടാന്‍ സാധ്യമല്ലാത്തതിനാലാണ് ഈ പക്ഷികള്‍ അവിടം താവളമാക്കുന്നത്. ചേരക്കോഴി, ചെറുമുണ്ടി, ചിന്നമുണ്ടി, പെരുമുണ്ടി, ചായമുണ്ടി, നീര്‍ക്കാക്കകള്‍ എന്നിവയുടെ കൂടുകളും പാതിരാക്കൊക്കുകളുടെ വലിയൊരു താവളവും നീലക്കോഴികളും താമരക്കോഴികളും ഇതിന്റെ പരിസരങ്ങളില്‍ കാണപ്പെടുന്നുണ്ടെന്ന് പക്ഷി നിരീക്ഷകയായ ലതിക പറയുന്നു.
2013 ല്‍ സുവോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തലവന്‍ ഡോ. ജാഫര്‍ പാലോടാണ് തിരുന്നാവായയില്‍ ചേരാക്കൊക്കന്മാരുടെ താവളം ആദ്യമായി കണ്ടെത്തിയത്. അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13 കൂടുകളാണ്. 2016 ല്‍ അത് 63 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 80 നു മുകളിലാണ് റിപ്പോര്‍ട്ട് ചെയ്തത്. വര്‍ഷം തോറും എണ്ണം ഗണ്യമായി കൂടുന്നുണ്ട്. കൈതക്കൂട്ടവും ഞങ്ങണപുല്ലും മറ്റു കളച്ചെടികളും നിറഞ്ഞ ഇവിടം മൂര്‍ഖന്‍ പാമ്പുകളുടെയും കുറുനരികളുടെയും നീര്‍നായകളുടെയും താവളം കൂടി ആയതുകൊണ്ട് പ്രദേശവാസികളോ മറ്റു പക്ഷിവേട്ടക്കാരോ ഈ ഭാഗത്തേക്ക് പോകാന്‍ ഭയപ്പെടുന്നു എന്നതാണ് ഈ പ്രദേശം ഇത്രയും വൈവിധ്യമാര്‍ന്ന ഒരു കൊറ്റില്ലമായി മാറാന്‍ കാരണമെന്നാണ് നാട്ടുകാരനും പക്ഷിസ്‌നേഹിയുമായ എം. സാദിഖ് തിരുന്നാവായ പറയുന്നത്.
ചമ്രവട്ടം പദ്ധതി വന്നതോടെ നിളയില്‍ വേനലിലും വെള്ളം സുലഭമാവുമെന്നതിനാല്‍ വര്‍ഷം മുഴുവന്‍ നീര്‍പ്പറവകള്‍ സുരക്ഷിതരാണ്. മഞ്ഞക്കാലി, ചാരവരിയന്‍, മഞ്ഞ വരിയന്‍ പ്രാവുകളും മരതക പ്രാവ്, ഉപ്പൂപ്പന്‍, പിപിറ്റ് തുടങ്ങിയ നാട്ടുകാരും മണല്‍പ്പുള്ളുകള്‍, പവിഴക്കാലികള്‍, സ്‌നൈപ്പുകള്‍ തുടങ്ങിയ വിരുന്നുകാരും അടക്കം 150ല്‍ പരം പക്ഷികള്‍ ഇവിടെ കാണപ്പെടുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."