മരിച്ചു കഴിഞ്ഞും അവള് മുലയൂട്ടി...ഒന്നുമറിയാതെ അമിഞ്ഞ നുകര്‍ന്ന് ഒരുവയസ്സുകാരന്
ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിന്റെ അഗാധതയിലാണ് തന്റെ മാതാവെന്ന് ആ ഒരുവയസുകാരന് അറിഞ്ഞിരുന്നില്ല. ജീവന്റെ അവസാന മിടിപ്പും നിലക്കും വരെ...നിലച്ചു കഴിഞ്ഞും അവളുടെ മാറിടം അവനു വേണ്ടി പാല് ചുരത്തിക്കൊണ്ടിരുന്നു. കുട്ടി പാലു കുടിച്ചുകൊണ്ടേയിരുന്നു. പാലു തരുമ്പോള്‍ ചേര്‍ത്തു പിടിക്കുന്ന മാതാവിന്റെ ചൂടില്ലാത്തതു കൊണ്ടാവണം ആ കുഞ്ഞുമോന് ഉറങ്ങിയിരുന്നില്ല...കാലത്ത് ആറുമണിക്ക് നാട്ടുകാരുടെ കണ്ണില്പെടുമ്പോഴും അവന് പാലു കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. മാതൃഹൃദയത്തോടു ചേര്‍ന്നിരുന്ന്...
മധ്യപ്രദേശ് തലസ്ഥാനമായ ഭോപാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോയിലാണ് കണ്ടു നിന്നവരുടെ കണ്ണുനനച്ച സംഭവമുണ്ടായത്. റെയില്‍വേ ട്രാക്കിനരികിലാണ് യുവതിയുടെ മൃതദേഹവും അതിനോട് ചേര്‍ന്ന് കരയുന്ന കുഞ്ഞിനേയും കണ്ടത്.
കാലത്ത് ആറുമണിക്കാണ് പ്രദേശവാസികള്‍ യുവതിയേയും കുഞ്ഞിനേയും കണ്ടത്. മരിച്ചു കിടക്കുന്ന യുവതിയുടെ പാലുകുടിക്കുകയായിരുന്നു കുഞ്ഞ് ഇടക്കിടെ കയ്യിലിരിക്കുന്ന ബിസ്ക്കറ്റ് കഷ്ണവും കടിക്കുന്നുണ്ടായിരുന്നു. ആളുകള്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് റെയില്‍വേ പൊലിസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി.
യുവതി ട്രെയിനില്‍നിന്ന് വീണതോ, ട്രെയിന്‍ തട്ടിയതോ ആകാമെന്നാണ് പൊലിസിന്റെ നിഗമനം. തലക്കേറ്റ മുറിവില്‍നിന്ന് ചോരവാര്‍ന്നു മരിച്ചതാകാമെന്നും പൊലിസ് പറയുന്നു.
അപകടത്തില്‍പെടുന്ന സമയത്ത് കുഞ്ഞിനെ രക്ഷിക്കാനായി കൈയില്‍ ചേര്‍ത്തു പിടിച്ചതായിരിക്കാമെന്നു പൊലിസ് പറയുന്നു. അവന് ഒന്നും സംഭവിച്ചില്ലെന്ന് ഉറപ്പു വരുത്താന്‍ പാലു കൊടുക്കുകയും ചെയ്തിരിക്കാമെന്നും പൊലിസ് വ്യക്തമാക്കി.
അമ്മയില്‍നിന്ന് വേര്‍പെടുത്തിയതോടെ കുട്ടി ബഹളംവച്ചു. പിന്നീട് ആശുപത്രിയിലെ പരിശോധനയ്ക്ക് ശേഷം കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മാറ്റി.
മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പൊലിസ് ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും പരിസരത്തുനിന്ന് ലഭിച്ചിരുന്നില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ബന്ധുക്കളെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നോട്ടിസ് പ്രസിദ്ധീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുധീര്‍ വിദ്യാര്‍ഥി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."