ഫലസ്‌തീൻ അറബ് മേഖലയുടെ അടിസ്ഥാന പ്രശ്‌നം, രാജ്യത്തിന്റെ വിദേശ നയത്തിൽ ഒന്നാമത് തന്നെ; നിലപാട് വീണ്ടും വ്യക്തമാക്കി സഊദി
റിയാദ്: ഫലസ്‌തീൻ പ്രശ്‌നം അറബ് മേഖലയുടെ അടിസ്ഥാന പ്രശ്‌നമാണെന്നും രാജ്യത്തിന്റെ വിദേശ നയത്തിൽ ഒന്നാമത് തന്നെയാണ് ഈ വിഷയമെന്നും ആവർത്തിച്ച് സഊദി. സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭാ യോഗത്തിനു ശേഷം പുറത്തിറക്കിയ പ്രസ്താവനയിലാണ് സഊദി നിലപാട് വീണ്ടും വ്യക്തമാക്കിയത്. സമാധാനത്തിനുള്ള തന്ത്രപരമായ തിരഞ്ഞെടുപ്പിനെ പിന്തുണയ്ക്കാനും അന്താരാഷ്ട്ര പ്രമേയങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായി 2002 ലെ അറബ് സമാധാന കരാർ അനുസരിക്കാനുമുള്ള പ്രതിജ്ഞാബദ്ധത വ്യക്തമാക്കുന്നതാണ് സഊദി പുറത്തിറക്കിയ റിപ്പോർട്ട്. ഫലസ്തീൻ ദേശങ്ങളിൽ ജനവാസ കേന്ദ്രങ്ങൾ നിർമ്മിക്കുന്നത് അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനവും സ്ഥിരവും സമഗ്രവുമായ സമാധാനം കൈവരിക്കുന്നതിന് തടസ്സമാണെന്നും പ്രസ്‌താവനയിൽ കൂട്ടിച്ചേർത്തു.
ഇസ്‌റാഈലുമായി ഒരു നിലക്കും അഭിപ്രായ സമന്വയത്തിൽ എത്തുകയില്ലെന്നും ഫലസ്തീൻ പ്രശ്‌നം പരിഹരിക്കലാണ് അതിനുള്ള വഴിയെന്നും നേരത്തെ തന്നെ സഊദി ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിലായി ഇസ്‌റാഈൽ വിദേശകാര്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ഫലസ്തീനെതിരായ ക്രൂരതകളെ അതിരൂക്ഷമായി വിമർശിച്ച് സഊദിയിലെ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ രംഗത്തെത്തിയിരുന്നു.
സ്ത്രീകളും കുഞ്ഞുങ്ങളും അവരുടെ തടവറയിൽ നീതി ലഭിക്കാതെ മരിച്ചു വീഴുകയാണെന്നും ഫലസ്തീനെ അംഗീകരിക്കാതെ ഇസ്റാഈലെന്ന കൊളോണിയൽ രാജ്യവുമായി ബന്ധം സാധ്യമല്ലെന്നും മുൻ രാജാവ് ഫൈസൽ രാജാവിന്റെ മകനും സഊദിയുടെ മുൻ സുരക്ഷാ മേധാവിയും അമേരിക്ക, ബ്രിട്ടൻ രാജ്യങ്ങളിലെ മുൻ അംബാസിഡറും സൽമാൻ രാജാവിന്റെ അടുപ്പക്കാരനുമായ തുര്‍ക്കി അല്‍ ഫൈസല്‍ രാജകുമാരൻ ഇസ്‌റാഈലിന്റെ മുഖത്ത് നോക്കി പറഞ്ഞത് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വൻ വാർത്തയായിരുന്നു. ബഹ്റൈനിൽ നടന്ന ഓൺലൈൻ യോഗത്തിൽ ഇസ്‌റാഈൽ വിദേശ കാര്യ മന്ത്രി ഗബി അഷ്‌ക്കനാസിയുടെ സാന്നിധ്യത്തിലായിരുന്നു തുർക്കി അൽ ഫൈസൽ രാജകുമാരന്റെ അതിരൂക്ഷമായ വാക്കുകൾ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."