ചുണ്ടന്‍ വള്ളങ്ങള്‍ അണിനിരക്കേണ്ട ക്രമം
ആലപ്പുഴ: ഘോഷയാത്രയ്ക്ക് വേണ്ടി അണിനിരക്കുമ്പോള്‍ കിഴക്കുവശത്തുളള ഔട്ടര്‍ ട്രാക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിടേണ്ടതാണ്. ഘോഷയാത്ര കൃത്യം 2.30-ന് ആരംഭിക്കും. ഘോഷയാത്ര നയിക്കുന്നത് കഴിഞ്ഞകൊല്ലത്തെ റണ്ണറപ്പായ ചുണ്ടന്റെ ക്യാപ്റ്റന്‍ ആയിരിക്കും.
അദ്ദേഹത്തിന്റെ സിഗ്നല്‍ കിട്ടുന്ന മുറയ്ക്ക് വളളങ്ങള്‍ എല്ലാം തന്നെ പാടിത്തുഴഞ്ഞ് തെക്കോട്ട് നീങ്ങേണ്ടതും ഫിനിഷിംഗ് പോയിന്റിന് അടുത്ത് വെച്ച് വളളങ്ങള്‍ എല്ലാം കിഴക്കോട്ട് തിരിഞ്ഞ് അവരവര്‍ക്ക് നിശ്ചയിച്ചിട്ടുളള സ്ഥാനങ്ങളില്‍ വിശിഷ്ടാതിഥികള്‍ക്ക് അഭിമുഖമായി നിലകൊള്ളേണ്ടതുമാണ്.
മാസ്ഡ്രില്‍ ബുദ്ധിമുട്ടില്ലാതെ ചെയ്യുന്നതിന് വളളങ്ങള്‍ തമ്മില്‍ ആറ് അടി അകലം പാലിച്ച് അണിനിരക്കണം. ഡോക്ക് ചിറയുടെയും, റോസ് കോര്‍ണറിന്റെയും മധ്യത്തിലായി ട്രാക്ക് കുറ്റികളില്‍ ചുവന്ന കൊടികള്‍ കെട്ടിയിരിക്കും.
അതിനു പിന്നിലായി ഒന്നും, രണ്ടും ഹീറ്റ്‌സിലെ എട്ട് ചുണ്ടന്‍വളളങ്ങള്‍ അണിനിരക്കണം. അതിന് പിന്നിലായി മൂന്നും നാലും ഹീറ്റ്‌സിലെ എട്ട് ചുണ്ടന്‍ വളളങ്ങള്‍ അണിനിരക്കേണ്ടതാണ്. മത്സരത്തില്‍ പങ്കെടുക്കുവാന്‍ വരുന്ന വളളങ്ങള്‍ സ്റ്റാര്‍ട്ടിങ് പോയിന്റിന് വടക്കുവശത്തായി സ്റ്റാര്‍ട്ടറുടെ നിര്‍ദ്ദേശം കേള്‍ക്കത്തക്ക രീതിയില്‍ (കേരളീയം വരെ)മാത്രമേ ക്യാമ്പ് ചെയ്യാവു.
എല്ലാ ചെറു വളളങ്ങളുടെയും പ്രാഥമിക മത്സരങ്ങള്‍ രാവിലെ 11 മണിക്ക് ആരംഭിയ്ക്കുന്നതും 12.30 ന് അവസാനിക്കുന്നതുമാണ്. ടി വളളങ്ങളുടെ ഫിനിഷിംഗ് പോയിന്റ് നെഹ്‌റു പവലിയന്റെ വടക്കേ അറ്റത്താണ്. പ്രാഥമിക മത്സരത്തില്‍ വിജയിച്ച ചെറുവളളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍ 2.30 നും നടത്തുന്നതാണ്.
ജലഘോഷയാത്രയ്ക്കും, മാസ്ഡ്രില്ലിനും കൃത്യം 2.30ന് കായല്‍ കുരിശടിക്ക് മുന്‍വശമായി അണിനിരക്കണം. മാസ്ഡ്രില്ലിനു ശേഷം മാസ്ഡ്രില്‍ ചീഫില്‍ നിന്നും കിട്ടുന്ന നിര്‍ദ്ദേശം അനുസരിച്ച് മാത്രം തുഴച്ചില്‍ക്കാര്‍ തിരിഞ്ഞ് ഇരുന്ന് തുഴഞ്ഞ് സ്റ്റാര്‍ട്ടിംഗ് പോയിന്റിലേയ്ക്ക് പോകേണ്ടതാണ്. യാതൊരു കാരണവശാലും ട്രാക്കുകളില്‍ കൂടി സ്റ്റാര്‍ട്ടിംഗ് പോയിന്റിലേക്ക് പോകാന്‍ അനുവദിക്കുന്നതല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."