കേന്ദ്രത്തിലും കേരളത്തിലും ഭരണമാറ്റത്തിന് അനുകൂല സാഹചര്യം: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: കേന്ദ്രത്തിലും കേരളത്തിലും ഭരണം മാറാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നതെന്നും ഇതിനുള്ള സൂചന കണ്ടുതുടങ്ങിയെന്നും മുസ്്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഗുജറാത്തി ഹാളില്‍ യു.ഡി.എഫ് കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ മോദിയുടെ നേതൃത്വത്തിലുള്ള ഭരണം കുറ്റിയടിച്ചുകെട്ടിയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ സ്ഥിതിയാകെ മാറി. ഭരണത്തുടര്‍ച്ചക്ക് ബി.ജെ.പി പൊടിക്കൈകള്‍ പ്രയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാലരവര്‍ഷത്തെ ഭരണം ജനങ്ങളെ കൊള്ളയടിക്കുന്നതായി. പെട്രോള്‍ ഡീസല്‍ വില വര്‍ധനവ് അന്യായമായി. നോട്ട്‌നിരോധനം എന്ന ശുദ്ധഭ്രാന്തിലൂടെ പ്രതിസന്ധി കൃഷിക്കാരെയും ഇടത്തരക്കാരെയും ചെറുകിട വ്യവസായികളെയും ദുരിതത്തിലാക്കി. സര്‍വ മേഖലകളും തളര്‍ന്നു. രാജ്യത്തിന്റെ വളര്‍ച്ച കുത്തകകളില്‍ മാത്രം ഒതുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഓഖിദുരന്തത്തിന്റെയും പ്രളയത്തിന്റെയും മറവില്‍ രക്ഷപ്പെടാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബ്രൂവറി അഴിമതിയെപറ്റിയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. കിന്‍ഫ്രയുടെ സ്ഥലം ബ്രൂവറിക്കായി കൊടുത്തില്ല എന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍ പറയുന്നു. കൊടുത്തുവെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പറയുന്നു. പിന്നെ സ്ഥലം കൊടുത്തത് ആകാശത്താണോകുഞ്ഞാലിക്കുട്ടി ചോദിച്ചു. യു.ഡി.എഫില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വേഗത്തില്‍ തീരുമാനമെടുക്കുമെന്ന് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ജനാധിപത്യത്തെയും ഭരണകൂട സംവിധാനത്തെയും മാനിക്കാത്ത മോദിയെ ജനങ്ങള്‍ ബഹിഷ്‌കരിക്കും. അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അധ്യക്ഷനായി. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍, എം.കെ രാഘവന്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍, അഡ്വ. കെ. പ്രവീണ്‍, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി, സെക്രട്ടറി എം.സി മായിന്‍ഹാജി, ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല, യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു.സി രാമന്‍, കേരള കോണ്‍ഗ്രസ് എം. നേതാവ് ജോണ്‍ പൂതക്കുഴി, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് സംബന്ധിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."