അക്രമം: യൂനിവേഴ്സിറ്റി കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് പിരിച്ചുവിടും
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജില്‍ പരസ്പരം പോരടിച്ച എസ്.എഫ്.ഐ യൂനിറ്റ് പിരിച്ചുവിടുമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. യൂനിറ്റ് പിരിച്ചുവിടുകയും സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ മറ്റു സ്ഥാനങ്ങളില്‍ ഉണ്ടെങ്കിലും നടപടിയെടുക്കുമെന്നും സാനു പറഞ്ഞു.
അതേസമയം, അഖില്‍ എന്ന വിദ്യാര്‍ഥിയെ കുത്തിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ വധശ്രമത്തിന് കേസ് എടുത്തു. എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് നസിം അടക്കമുള്ളവരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.
രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനാണ് കുത്തേറ്റത്. നെഞ്ചില്‍ കുത്തേറ്റ അഖിലിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്.എഫ്.ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയത് എസ്.എഫ്.ഐക്കാര്‍ തന്നെയാണെന്നാരോപിച്ച് വിദ്യാര്‍ഥികള്‍ കോളജിലെ എസ്.എഫ്.ഐനേതൃത്വത്തിനെതിരേ തിരിഞ്ഞിരിക്കുകയാണ്.
സംഘര്‍ഷത്തിനു പിന്നില്‍ എസ്എഫ്ഐക്കാരാണെന്നും കുത്തേറ്റ വിദ്യാര്‍ഥിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പോലും അവര്‍ സമ്മതിച്ചില്ലെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.
കോളജ് കാന്റീനിലിരുന്ന് പാട്ട് പാടിയ വിദ്യാര്‍ഥികളെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ വന്ന് തടഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. അവിടെയിരുന്ന് പാട്ടുപാടരുതെന്നും ക്ലാസിലേക്ക് പോകണമെന്നും പ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. വളരെ മോശം ഭാഷയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. തുടര്‍ന്നാണ് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. ഇതിനിടയിലാണ് വിദ്യാര്‍ഥികളിലൊരാളെ എസ്.എഫ്.ഐ യൂനിറ്റ് ഓഫീസിലേക്ക് കൊണ്ടുപോയി മര്‍ദിച്ചത്. മര്‍ദനത്തിനിടെ കത്തികൊണ്ട് കുത്തിപ്പരുക്കേല്‍പ്പിച്ചത്.
ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള ശ്രമം എസ്എഫ്ഐക്കാര്‍ തടഞ്ഞെന്നും ഗേറ്റ് പൂട്ടിയിട്ടെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
തുടര്‍ന്നാണ് എസ്എഫ്ഐ അനുഭാവികള്‍ ഉള്‍പ്പടെയുള്ളവര്‍ പരസ്യമായി പ്രതിഷേധവുമായി രംഗത്തെത്തിയത്. വിവരമറിഞ്ഞെത്തിയ മാധ്യമപ്രവര്‍ത്തകരെയും എസ്എഫ്ഐയുടെ നേതൃത്വത്തില്‍ തടഞ്ഞതായും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."