ഡ്രൈവറുടെ ശമ്പളത്തെ ചൊല്ലി തര്‍ക്കം ആംബുലന്‍സ് ഷെഡ്ഡില്‍
കാട്ടാക്കട: നിരന്തരമായ നിവേദനങ്ങളും സമ്മര്‍ദങ്ങള്‍ക്കും ശേഷം വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് ആംബുലന്‍സ് കിട്ടി. പക്ഷേ ആംബുലന്‍സ് ഷെഡില്‍ ഉറങ്ങുകയാണ്. ആംബുലന്‍സ് ഡ്രൈവര്‍ക്ക് ശമ്പളം നല്‍കുന്നതിനെ ചൊല്ലി പഞ്ചായത്തും ആശുപത്രിയും തമ്മില്‍ തര്‍ക്കമാണ് കുരുക്കായതും നിരത്തിലിറക്കാനാവാതെ ആംബുലന്‍സ് ആശുപത്രി ഷെഡ്ഡില്‍ വിശ്രമിക്കുന്നതും.
വിളപ്പില്‍ശാല സര്‍ക്കാര്‍ ആശുപത്രിക്ക് ഡോ. എ. സമ്പത്ത് എം.പിയുടെ ഫണ്ടില്‍ നിന്ന് 4.35 ലക്ഷം മുടക്കി ആറുമാസം മുന്‍പാണ് ആംബുലന്‍സ് വാങ്ങി നല്‍കിയത്. പഞ്ചായത്തില്‍ സാന്ത്വന പരിചരണത്തിന് വിധേയരായ രോഗികള്‍ക്കു വേണ്ടിയാണ് ആംബുലന്‍സ് അനുവദിച്ചത്. വിളപ്പില്‍ പഞ്ചായത്തിനായിരുന്നു ആംബുലന്‍സിന്റെ ഉടമസ്ഥാവകാശം. പഞ്ചായത്ത് ഇക്കഴിഞ്ഞ മെയ് മാസം 700 രൂപ ദിവസ വേതനത്തില്‍ ഡ്രൈവറെയും നിയമിച്ചു. ഡ്രൈവര്‍ക്ക് ശമ്പളം നല്‍കുന്നതില്‍ ആദ്യമാസം തന്നെ പഞ്ചായത്തും ആശുപത്രി അധികൃതരും തമ്മില്‍ ഉടക്കായി. ശമ്പളം ആശുപത്രി വികസന സമിതി നല്‍കണമെന്ന് പഞ്ചായത്ത് അറിയിച്ചു. ആംബുലന്‍സ് എച്ച്.എം.സിക്ക് വിട്ടുനല്‍കാത്തതിനാല്‍ അതിനാവില്ലെന്ന നിലപാടാണ് വികസന സമിതിക്കുള്ളത്. പഞ്ചായത്ത് ആംബുലന്‍സ് വിട്ടുനല്‍കാനും തയാറല്ല.
ഇതോടെ ഒരു മാസത്തെ സേവനത്തിനൊടുവില്‍ ശമ്പളം കിട്ടാത്തതിനാല്‍ ജോലി മതിയാക്കി ഡ്രൈവര്‍ പോയി. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നൂറോളം കിടപ്പു രോഗികളാണുള്ളത്. ഇവര്‍ക്ക് വീടുകളിലെത്തി ചികിത്സ ലഭ്യമാക്കേണ്ട ആംബുലന്‍സാണ് ഇപ്പോള്‍ ഷെഡ്ഡില്‍ വിശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം നാട്ടുകാര്‍ ആംബുലന്‍സില്‍ റീത്ത് വച്ച് പ്രതിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."