പകര്‍ച്ചപ്പനി: വേങ്ങരയില്‍ കൊതുകു നശീകരണത്തിനു കര്‍ശന നടപടി
വേങ്ങര: ഡെങ്കിപ്പനി ഉള്‍പ്പെടെ പകര്‍ച്ചവ്യാധികള്‍ വ്യാപകമായതോടെ വേങ്ങരയിലും പരിസര പ്രദേശങ്ങളിലും കൊതുകു നശീകരണത്തിനു കര്‍ശന നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനപ്രതിനിധികളുടേയും ആരോഗ്യ വകുപ്പ് അധികൃതരുടേയും സംയുക്ത യോഗത്തിലാണ് തീരുമാനം.
മാലിന്യം കൂട്ടിയിടുകയും കൂത്താടികള്‍ പെരുകുന്ന വിധത്തില്‍ മലിനജലം കെട്ടി നിര്‍ത്തുന്നവര്‍ക്കെതിരേ പിഴ ഈടാക്കുക ബോധവല്‍ക്കരണം, ഫോഗിംഗ് എന്നിവയാണ് ആദ്യ നടപടികള്‍. ഇതിന്റെ ഭാഗമായി വീടുകളില്‍ പരിശോധന നടത്തി. ക്രമക്കേടു കണ്ടെത്തിയാല്‍ ആയിരം രൂപയും തുടര്‍ന്നുള്ള ഓരോ പരിശോധനയിലും മൂവായിരം രൂപ വീതം പിഴ ചുമത്തും.
സ്വന്തം സ്ഥാപനത്തില്‍ മാലിന്യം കെട്ടി നിര്‍ത്തുക, പൊതുനിരത്തിലും ഓടകളിലും പൊതുജനാരോഗ്യത്തിന് ഹാനികരമാം വിധം മാലിന്യം നിക്ഷേപിക്കുകയും ചെയ്യുന്ന വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്ക് അയ്യായിരം രൂപയും പിന്നീടുള്ള ഓരോ പരിശോധനയിലും പതിനായിരം രൂപ വീതവും പിഴ ഈടാക്കും. വ്യാഴാഴ്ച നടന്ന ഒന്നാം ഘട്ട പരിശോധനയില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ബാക്കിക്കയം തടയണ വര്‍ക്ക് സൈറ്റിലും ടൗണിലെ ഒരു വ്യാപാര സ്ഥാപനത്തിനും 5000 രൂപ വീതവും ഒരു വീടിന് ആയിരം രൂപയും പിഴ ഈടാക്കി. ആരോഗ്യ പ്രതിരോധ ബോധവല്‍ക്കരണ യോഗത്തില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലന്‍കുട്ടി അധ്യക്ഷനായി. ഡി.എം.ഒ. ഡോ: സക്കീന, വേങ്ങര സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ വി.പി.രാധാകൃഷണന്‍, എച്ച്.എസ്.കെ.ബാബു എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."