അഖിലിനെ കുത്തിയത് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ശിവരഞ്ജിത്തെന്ന് സാക്ഷി മൊഴി; കത്തി കൈമാറിയത് നസീം, ഏഴ് പേര്‍ക്കെതിരേ വധശ്രമത്തിന് കേസ്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ഥി അഖിലിനെ കുത്തിയത് എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി ശിവരഞ്ജിത്താണെന്ന് സാക്ഷി മൊഴി. പ്രസിഡന്റ് നസീം കത്തി കൈമാറുന്നത് കണ്ടതായും സംഭവത്തിന് സാക്ഷിയായ വിദ്യാര്‍ഥി മൊഴി നല്‍കിയതായി അറിയുന്നു. സംഭവത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരായ ഏഴ് പേര്‍ക്കെതിരേ കന്റോണ്‍മെന്റ് പൊലിസ് വധശ്രമത്തിന് കേസെടുത്തു.
ശിവരഞ്ജിത്ത്, നസീം, അമര്‍, അദ്വൈത്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെ കേസെടുത്തതായാണ് സൂചന. യൂനിറ്റ് പ്രസിഡന്റായ നസീം മുന്‍പ് പാളയത്ത് നടുറോഡില്‍ ട്രാഫിക് പൊലിസുകാരനെ മര്‍ദിച്ച കേസില്‍ പ്രതിയാണ്. കേസില്‍ ഇയാളെ പിടികൂടാത്തില്‍ പൊലിസുകാര്‍ക്കിടയില്‍ തന്നെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. പിന്നീട് കോളജില്‍ മന്ത്രി എ.കെ ബാലന് പങ്കെടുത്ത പരിപാടിയില്‍ പ്രതിയും പങ്കെടുത്തത് വലിയ വിവാദമായി. ഈയിടെ ഇറങ്ങിയ പൊലിസ് കോണ്‍സ്റ്റബിള്‍ ലിസ്റ്റില്‍ നസീമും ഉള്‍പ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ഇയാള്‍ക്കെതിരെയുള്ള കേസുകളെല്ലാം ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് വധശ്രമക്കേസും ചേര്‍ത്തിരിക്കുന്നത്.
അതേസമയം യൂനിവേഴ്സിറ്റി കോളജ് യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്നും സംഭവത്തില്‍ പങ്കുള്ള ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്പെന്‍ഡ് ചെയ്തതായും സംസ്ഥാന സെക്രട്ടറി സച്ചിന് ദേവ് പറഞ്ഞു. ഇവര്‍ക്കെതിരേ സംഘടനാപരമായ തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തും. നേരത്തേ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിടുമെന്ന അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനുവിന്റെ വാദത്തെ പിന്തള്ളി തിരുവനന്തപുരം ജില്ലാകമ്മിറ്റി രംഗത്ത് വന്നത് വലിയ വാര്‍ത്തയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."