'എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' പദ്ധതിയ്ക്ക് തുടക്കമായി
കോട്ടക്കല്‍: എടരിക്കോട് ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന സമഗ്ര മാലിന്യ നിര്‍മാര്‍ജന പദ്ധതി ' എന്റെ ഗ്രാമം ശുചിത്വ ഗ്രാമം' പദ്ധതിക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ പഞ്ചായത്ത് അംഗങ്ങളുടെയും കുടുംബശ്രീ, ആശാ വര്‍ക്കര്‍മാരുടെയും നേതൃത്വത്തില്‍ വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിച്ച അജൈവ മാലിന്യങ്ങളുടെ നിര്‍മാര്‍ജനം നടക്കും. നിര്‍മാര്‍ജന യജ്ഞത്തിന്റെ ഫ്‌ളാഗ് ഓഫ് ജില്ലാ പഞ്ചായത്തംഗം ഹനീഫ പുതുപ്പറമ്പ് നിര്‍വഹിച്ചു. ശേഖരിച്ച പ്ലാസ്റ്റിക്, ഖര, അജൈവ മാലിന്യങ്ങള്‍ പുനര്‍ ഉപയോഗത്തിനായി സംസ്ഥാന ശുചിത്വമിഷന്റെ അംഗീകൃത ഏജന്‍സിക്ക് കൈമാറും. രണ്ടാം ഘട്ടത്തില്‍ പഞ്ചായത്തിലെ പൊതുസ്ഥലങ്ങള്‍, തോടുകള്‍, മറ്റു ജല സംഭരണികള്‍, സ്രോതസ്സുകള്‍ എന്നിവിടങ്ങളില്‍ വാര്‍ഡ്തല ശുചിത്വ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പൊതുജന പങ്കാളിത്തത്തോടെ ശുചീകരിക്കും. ഉറവിട ജൈവ മാലിന്യ നിര്‍മാര്‍ജനത്തിനുള്ള പദ്ധതികള്‍ പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തും. വാര്‍ഡുകളില്‍ പ്ലാസ്റ്റിക് മാലിന്യ ശേഖരണ യൂണിറ്റുകള്‍ സ്ഥാപിക്കും. ക്ലീന്‍ കേരളയുടെ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആബിദ തൈക്കാടന്‍ അധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി.ടി സുബൈര്‍ തങ്ങള്‍, ജലീല്‍ മണമ്മല്‍, സഫിയ മണ്ണിങ്ങല്‍, ആയിശാബി ടീച്ചര്‍, ചേക്കുട്ടി പന്തക്കന്‍, അലവി കഴുങ്ങില്‍, സക്കീന പതിയില്‍, പ്രസന്നരാജ്, ശ്യാമള തുപ്രന്‍, മെഡിക്കല്‍ ഓഫീസര്‍ രഞ്ജിത്ത്, അസി. സെക്രട്ടറി ബിനുകുമാര്‍ വി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."