ഇക്കുറിയും കുരുക്കിടുമോ വിമതര്‍?
കണ്ണൂര്‍: രൂപീകരിച്ചതിനു ശേഷമുള്ള പ്രഥമ തെരഞ്ഞെടുപ്പില്‍ 27 വീതം ഡിവിഷനുകള്‍ നേടി തുല്യനില വന്നപ്പോള്‍ കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ ഇരുമുന്നണികളും മാറിമാറി ഭരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ ഇക്കുറിയും വിമതര്‍ വിധിയെഴുതുമോയെന്ന ആശങ്കയിലാണു രാഷ്ട്രീയ നേതൃത്വം. കഴിഞ്ഞതവണ കോണ്‍ഗ്രസിലെ വിമതപ്പടയില്‍ പത്തിലേറെ സീറ്റുകള്‍ കൈവിട്ടുപോയ യു.ഡി.എഫിനു തന്നെയാണ് ഇക്കുറിയും വിതമപോര് തലവേദന സൃഷ്ടിക്കുന്നത്. കഴിഞ്ഞതവണ ഇടതുസ്വതന്ത്രനായി മത്സരിച്ചു വിജയിച്ചയാളും ഇക്കുറി അത്താഴക്കുന്ന് ഡിവിഷനില്‍ ഇടതു, വലതു മുന്നണികള്‍ക്കെതിരേ മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിമതരെ കൊണ്ട് പാഠംപഠിച്ച യു.ഡി.എഫ് ഇക്കുറി അരയും തലയും മുറുക്കിയാണു തെരഞ്ഞെടുപ്പ് കളത്തിലുള്ളത്. 40 സീറ്റിലെങ്കിലും വിജയം ഉറപ്പെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. നിലവിലുള്ള 27 സീറ്റ് നിലനിര്‍ത്തി കൂടുതല്‍ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്നാണ് ഇടതുനേതൃത്വത്തിന്റെ പ്രതീക്ഷ. അതുകൊണ്ടു തന്നെ മഹിളാ അസോസിയേഷന്‍ നേതാവും സി.പി.എം ജില്ലാ കമ്മിറ്റിയംഗവുമായ എന്‍. സുകന്യയെ മേയര്‍ സ്ഥാനാര്‍ഥിയാക്കി പ്രഖ്യാപിച്ചാണ് ഇടതുമുന്നണി മത്സരരംഗത്തുള്ളത്.
കോര്‍പറേഷന്‍ തായത്തെരു, കാനത്തൂര്‍, താളിക്കാവ് എന്നീ ഡിവിഷനുകളിലാണ് യു.ഡി.എഫിനു വിമതര്‍ മത്സരരംഗത്തുള്ളത്. വിമതര്‍ക്കെതിരേ കഴിഞ്ഞദിവസം കോണ്‍ഗ്രസ് നടപടി സ്വീകരിക്കുകയും ചെയ്തു. ഇവിടെ വിമതരുടെ സാന്നിധ്യം ഏതുരീതിയില്‍ സ്വാധീനിക്കുമെന്നതു കണ്ടുതന്നെ അറിയണം. എന്നാല്‍ ഇതൊന്നും പ്രശ്‌നമല്ലെന്നാണ് യു.ഡി.എഫ് നേതൃത്വം പറയുന്നത്. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ക്കു വേദിയായ കണ്ണൂര്‍ കോര്‍പറേഷനിലെ 2020ലെ ജനവിധി കേരളം തന്നെ ഉറ്റുനോക്കുന്ന ഒന്നാണ്.
40 സീറ്റില്‍ കുറയില്ലെന്ന ആത്മവിശ്വാസത്തില്‍ തന്നെയാണ് യു.ഡി.എഫ്. വിമതപ്പടയില്‍ കാനത്തൂരും തായത്തെരുവും ചോദ്യചിഹ്നമാവുമ്പോഴും ഒറ്റക്കെട്ടായാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ഇക്കുറി കോര്‍പറേഷന്‍ ഭരണം കൈപിടിയിലൊതുക്കുമെന്നു തന്നെയാണ് നേതൃത്വം പറയുന്നത്. 27 സിറ്റിങ് കൗണ്‍സിലര്‍മാര്‍ അഞ്ചുവര്‍ഷം കൊണ്ട് അവരുടെ ഡിവിഷനുകളിലുണ്ടാക്കിയ വികസനവും അതുവഴിയുള്ള ജനസ്വാധീനവുമാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. നിലവിലുള്ളവ നിലനിര്‍ത്താനും നാലുസീറ്റുകള്‍ പിടിച്ചെടുക്കാനുമാവുമെന്ന പ്രതീക്ഷയിലാണ് എല്‍.ഡി.എഫ്. വാരം, കിഴുത്തള്ളി, ചാല, കാനത്തൂര്‍ എന്നിവയാണ് പുതുതായി എല്‍.ഡി.എഫ് പ്രതീക്ഷവയ്ക്കുന്ന ഡിവിഷനുകള്‍.
യു.ഡി.എഫിലെ അസ്വാരസ്യത്താല്‍ മാത്രം എല്‍.ഡി.എഫിന്റെ കൈയിലെത്തിയ 10ലധികം സീറ്റുകളുണ്ട്. അതെല്ലാം തിരിച്ചുപിടിക്കുമെന്നാണ് യു.ഡി.എഫ് പറയുന്നത്. യു.ഡി.എഫിനു ഭരണം ലഭിച്ചാല്‍ ആദ്യടേമില്‍ കോണ്‍ഗ്രസ് മേയര്‍ കോര്‍പറേഷന്‍ ഭരിക്കും. മുതിര്‍ന്ന നേതാക്കളായ മാര്‍ട്ടിന്‍ ജോര്‍ജ്, പി.കെ രാഗേഷ്, ടി.ഒ മോഹനന്‍ എന്നിവരെയാണ് മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. കണ്ണൂര്‍ കോര്‍പറേഷനിലെ ഇപ്പോഴത്തെ രാഷ്ട്രീയ ബലാബലത്തില്‍ തുല്യമാണ് ഇരുമുന്നണികളുടെയും സാധ്യതകളുടെ തൂക്കം. കോണ്‍ഗ്രസ് വിമതന്റെ പിന്തുണയില്‍ കഴിഞ്ഞതവണ നാലുവര്‍ഷം സി.പി.എമ്മിനായിരുന്നു മേയര്‍ സ്ഥാനം ലഭിച്ചത്. കോണ്‍ഗ്രസ് വിമതന്‍ എല്‍.ഡി.എഫ് പാളയംവിട്ടതോടെ കോണ്‍ഗ്രസും മുസ്‌ലിംലീഗും പിന്നീട് മേയര്‍ സ്ഥാനം പങ്കിടുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."