തിരൂര്‍ മാര്‍ക്കറ്റില്‍ മാലിന്യവും ദുര്‍ഗന്ധവും; പ്രശ്‌നം പരിഹരിക്കാന്‍ നടപടിയില്ല
തിരൂര്‍: ദിനംപ്രതി നൂറുകണക്കിനാളുകള്‍ വന്നുപോകുന്ന തിരൂര്‍ മാര്‍ക്കറ്റില്‍ മാലിന്യപ്രശ്‌നം രൂക്ഷം. മാര്‍ക്കറ്റിലെ ഡ്രൈനേജിലും കോഴിക്കടകള്‍ക്ക് മുന്നിലുമായി കൂത്താടികള്‍ നിറഞ്ഞ മലിനജലവും കോഴിച്ചോരയുള്ള വൃത്തികെട്ട വെള്ളവും കെട്ടികിടക്കുകയാണ്. ഇതിനാല്‍ രൂക്ഷമായ ദുര്‍ഗന്ധമാണിവിടെ.
ഡ്രൈനേജില്‍ നിന്ന് മലിനജലം ഒഴുകിപോകാത്തതിനാല്‍ കെട്ടിക്കിടന്ന് മാലിന്യത്തില്‍ കൊതുകുകള്‍ പെറ്റുപെരുകുന്ന അവസ്ഥയാണ്. ഒരു വശത്ത് ഡ്രൈനേജില്‍ മാലിന്യം കെട്ടികിടക്കുമ്പോള്‍ മറുവശത്ത് മത്സ്യമാര്‍ക്കറ്റിലേക്കുള്ള പ്രവേശന വഴിയില്‍ കോഴിക്കടകളില്‍ നിന്നുള്ള ചോര കലര്‍ന്ന വെള്ളമാണ് പരന്നൊഴുകുന്നത്. ഇതിനാല്‍ നടവഴികളില്‍ പോലും വൃത്തിഹീനമായ അവസ്ഥയാണ് തിരൂര്‍ മാര്‍ക്കറ്റില്‍. എന്നാല്‍ നഗരസഭാ അധികൃതര്‍ സമയോചിതമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുന്നതിന് തയാറാകുന്നുമില്ല. ആരോഗ്യവകുപ്പ് അധികൃതര്‍ക്കും കുലുക്കമില്ല. മാര്‍ക്കറ്റിലെ മത്സ്യ-മാംസ മാര്‍ക്കറ്റില്‍ നിന്നുള്ള മലിനജലം ഒഴുക്കിവിടാന്‍ കൃത്യമായ സംവിധാനമില്ലാത്തതിനാലാണ് വൃത്തികെട്ട വെള്ളം മാര്‍ക്കറ്റിലെ നടവഴികളില്‍ പോലും പരന്നൊഴുകുന്നത്. യഥാസമയം ഡ്രൈനേജ് വൃത്തിയാക്കാത്തതാണ് മാലിന്യം നിറഞ്ഞ് കൊതുകുകള്‍ പെറ്റുപെരുകാനും ഇടയാക്കുന്നത്. നിലവില്‍ വേനല്‍മഴ പെയ്യുമ്പോള്‍ തന്നെ ചളിക്കുളമാകുന്ന മാര്‍ക്കറ്റ് മഴക്കാലത്ത് തീര്‍ത്തും വൃത്തിഹീനമായ കേന്ദ്രമായി മാറുന്ന സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."