പെരിങ്ങോട്ടുകരയിലെ പൊലിസ് എയ്ഡ് പോസ്റ്റ് നോക്കുകുത്തിയായി
അന്തിക്കാട്: പെരിങ്ങോട്ടുകരയില്‍ പുനസ്ഥാപിച്ച പൊലിസ് എയ്ഡ് പോസ്റ്റ് വീണ്ടും നോക്കുകുത്തിയായി. പ്രദേശത്ത് വര്‍ധിച്ചു വരുന്ന ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് രണ്ടു വര്‍ഷം മുന്‍പാണ് പൊലിസ് എയ്ഡ് പോസ്റ്ററിന്റെ പ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്.
നാട്ടുകാരുടെ നിരന്തരമായ അഭ്യര്‍ഥനയെ തുടര്‍ന്ന് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് എയ്ഡ് പോസ്റ്റ് നിര്‍മിച്ചത്. പെരിങ്ങോട്ടുകരയില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്ന പൊലിസ് സ്റ്റേഷന്‍ 40 വര്‍ഷം മുന്‍പ് അടച്ചിരുന്നു. ഒരേക്കറോളം വരുന്ന സ്ഥലം കാടുപിടിച്ച് പ്രദേശമാകെ ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായിരുന്നു.
പിന്നീട് നാട്ടുകാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും ഇടപെടലുകളെ തുടര്‍ന്ന് പ്രദേശമാകെ വെട്ടിത്തെളിക്കുകയും ഇവിടെയൊരു എയ്ഡ് പോസ്റ്റ് നിര്‍മിക്കുകയുമായിരുന്നു. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്കും എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം വീണ്ടും നിലക്കുകയായിരുന്നു. ജില്ലയിലെ ദൂരപരിധിയേറിയ രണ്ടാമത്തെ സ്റ്റേഷനാണ് അന്തിക്കാട് പൊലിസ് സ്റ്റേഷന്‍.
അതു കൊണ്ടു തന്നെ ഓരേസമയത്ത് ഒന്നിലധികം ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ എത്തിപ്പെടാന്‍ പൊലിസ് കഴിയുമായിരുന്നില്ല. ഇതുകണക്കിലെടുത്താണ് പെരിങ്ങോട്ടുകരയില്‍ എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. പെരിങ്ങോട്ടുകര, ചാഴൂര്‍, ആലപ്പാട്, പുള്ള്, കിഴുപ്പിള്ളിക്കര ഭാഗങ്ങളില്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇവിടെ നിന്നും പെട്ടന്ന് സംഭവസ്ഥലത്തെത്താന്‍ പൊലിസിന് കഴിയുമായിരുന്നു.
എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ഇതിനു കഴിയുന്നില്ല. കൂടാതെ അന്തിക്കാട് സ്റ്റേഷന്റെ തെക്കന്‍ പ്രദേശങ്ങളായ പെരിങ്ങോട്ടു കര, പഴുവില്‍ ഭാഗങ്ങളില്‍ ക്രമസമധാന പ്രശ്‌നങ്ങള്‍ വര്‍ധിക്കുകയും ചെയ്തു. എയ്ഡ് പോസ്റ്റ് നിലനിര്‍ത്തി പെരിങ്ങോട്ടുകരയിലെ ഒരേക്കറോളം വരുന്ന സ്ഥലത്ത് അന്തിക്കാട് പൊലിസ് സ്റ്റേഷന്‍ വിഭജിച്ച് പുതിയ പൊലിസ് സ്റ്റേഷന്‍ നിര്‍മിക്കുമെന്ന അധികൃതരുടെ പ്രഖ്യാപനവും ഇതുപോലെയാകുമോയെന്നാണ് നാട്ടുകാരുടെ സംശയം. അതേസമയം അന്തിക്കാട് പൊലിസ് സ്റ്റേഷനില്‍ ആവശ്യത്തിന് പൊലിസുകാരില്ലാത്തതാണ് എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം നിലക്കാന്‍ കാരണമായതെന്നാണ് അധികൃതര്‍ പറയുന്നത്.
എയ്ഡ് പോസ്റ്റിന്റെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്നും ജനങ്ങളുടെ സൈ്വരജീവിതം ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."