ദുരൂഹത നിറഞ്ഞ വൈരുധ്യങ്ങളുടെ ബജറ്റ്
പതിവിനു വിപരീതമായി ജൂലൈ മാസത്തിലാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ബജറ്റ് അവതരിപ്പിച്ചത്. 2018-19 സാമ്പത്തിക വര്‍ഷം പൂര്‍ത്തിയായതിനു ശേഷം അവതരിപ്പിക്കുന്ന ബജറ്റെന്ന നിലയില്‍ 2018-19 വര്‍ഷത്തെ സി.എ.ജി ഓഡിറ്റ് ചെയ്ത വരവു ചെലവ് കണക്കുകള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്. ഈ അക്കൗണ്ട് രേഖകള്‍ പരിശോധിച്ചാണ് (പ്രൊവിഷണല്‍ ആക്ച്വല്‍സ്) സാമ്പത്തിക സര്‍വേ തയാറാക്കിയത്. ചീഫ് ഇക്കണോമിക് ഓഫിസറാണ് സാമ്പത്തിക സര്‍വേക്ക് നേതൃത്വം കൊടുക്കുന്നതെങ്കിലും അതിന്റെ മുഴുവന്‍ കണക്കും ധനകാര്യമന്ത്രാലയമാണ് നല്‍കുക. മാര്‍ച്ച് മാസത്തിലാണ് ബജറ്റ് അവതരിപ്പിക്കുന്നതെങ്കില്‍ പ്രൊവിഷണല്‍ ആക്ച്വല്‍സ് സര്‍ക്കാരിന്റെ കൈവശമുണ്ടാകാറില്ല. കൃത്യമായ കണക്കും ലഭ്യമാകില്ല. അതിനാല്‍ റിവൈസ്ഡ് എസ്റ്റിമേറ്റിനെയാണ് ആശ്രയിക്കുക. കണക്കുകള്‍ കൃത്യമായുണ്ടായിട്ടും ബജറ്റിലെ വരവ് ചെലവു കണക്കും സാമ്പത്തിക സര്‍വേയിലെ കണക്കും തമ്മില്‍ വൈരുധ്യമുണ്ടായി. ഇത് രാജ്യത്തിന്റെ യഥാര്‍ഥ സാമ്പത്തിക സ്ഥിതിയെ വെളിപ്പെടുത്തുന്നതും സര്‍ക്കാരിന്റെ ഗുരുതരമായ വീഴ്ചയുടെ പ്രത്യക്ഷമായ പ്രതിഫലനവുമാണ്.
15.6 ലക്ഷം കോടിയാണ് സാമ്പത്തിക സര്‍വേയില്‍ പറയുന്ന റവന്യു വരുമാനം. എന്നാല്‍ ബജറ്റ് അക്കൗണ്ട്‌സില്‍ ഇത് 17.03 ലക്ഷം കോടിയാണ്. അവിടെത്തന്നെ 1.7 ലക്ഷം കോടി രൂപയുടെ വ്യത്യാസമുണ്ട്. റവന്യു ചെലവ് സാമ്പത്തിക സര്‍വേ പറയുന്നത് പ്രകാരം 23.1 ലക്ഷം കോടി രൂപയാണ്. ബജറ്റ് അക്കൗണ്ട്‌സില്‍ ഇത് 24.6 ലക്ഷം കോടി രൂപയും. അതായത് യഥാര്‍ഥ ധനസ്ഥിതിയുമായി ഒരു ബന്ധവുമില്ലാത്ത ബജറ്റാണ് നിര്‍മലാ സീതാരാമന്‍ അവതരിപ്പിച്ചത്. ഇതിനെ ചെറിയ കാര്യമായി കാണരുത്. റവന്യു വരവിന്റെയും ചെലവിന്റെയും കാര്യത്തിലുണ്ടാകുന്ന വ്യത്യാസം ധനപരമായ മുഴുവന്‍ ഘടകങ്ങളെയും പ്രതികൂലമായി ബാധിക്കും. ധനകമ്മിയെ ബാധിക്കും, റവന്യു കമ്മിയെ ബാധിക്കും. മൊത്തം ആഭ്യന്തര ഉല്‍പാദന വളര്‍ച്ചാനിരക്കിനെയും ബാധിക്കും. കറന്റ് അക്കൗണ്ട് ഡഫസിറ്റ് ഉള്‍പ്പെടെയുള്ള മൊത്തം മാക്രോ ഇക്കണോമിക് കണക്കുകളെയും അത് ബാധിക്കും. അങ്ങനെയൊരു ബജറ്റ് എങ്ങനെയാണ് അവതരിപ്പിക്കാന്‍ കഴിയുക. യഥാര്‍ഥ ധനസ്ഥിതിയെ അടിസ്ഥാനപ്പെടുത്തിയുള്ള കണക്കുകളുണ്ടായിട്ടും റിവേഴ്‌സ്ഡ് എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തില്‍ ബജറ്റുണ്ടാക്കിയിരിക്കുന്നത് ബോധപൂര്‍വമാണെന്നാണ് മനസിലാക്കാനാവുക.
ഈ വൈരുധ്യം ആദ്യം ചൂണ്ടിക്കാട്ടിയത് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക കൗണ്‍സിലിലെ അംഗം കൂടിയായ രതിന്‍ റോയിയാണ്. എന്‍.ഡി.ടി.വിക്കും ഡെക്കാന്‍ ഹെറാള്‍ഡിനും കൊടുത്ത അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഗുരുതരമായ തെറ്റാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്. ജെ.എന്‍.യുവിലെ സാമ്പത്തിക വിദഗ്ധ ജയദി ഘോഷ് പറയുന്നത്, ബജറ്റ് പിന്‍വലിച്ച് പുതിയ ബജറ്റ് അവതരിപ്പിക്കണം എന്നാണ്. ധനകമ്മി, റവന്യു കമ്മി, ജി.ഡി.പി, കറന്റ് അക്കൗണ്ട് ഡഫസിറ്റ് തുടങ്ങിയവയെ സംബന്ധിച്ച് ബജറ്റ് പ്രസംഗത്തില്‍ നിര്‍മലാ സീതാരാമന്‍ പരാമര്‍ശിക്കാതിരുന്നത് ഈ വൈരുധ്യം പുറത്താകുമെന്ന് ഭയക്കുന്നത് കൊണ്ടാണ്.
ഭരണഘടനയുടെ 112ാം അനുച്ഛേദം അനുസരിച്ച് അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ധനസംബന്ധമായ ആധികാരിക രേഖയാണ് ബജറ്റ്. എന്നാല്‍ ഈ ബജറ്റ് പ്രസംഗത്തില്‍ വരവും ചെലവും ഒന്നുമില്ല. നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിളംബരം ചെയ്യുന്ന വിലകുറഞ്ഞ ഒരു രേഖ മാത്രമായി ബജറ്റ് പ്രസംഗവും താഴുകുകയായിരുന്നു. ബജറ്റ് പ്രസംഗത്തില്‍ നിന്ന് ഇതെല്ലാം ഒഴിവാക്കിയത് ബോധപൂര്‍വമാണെന്നാണ് കരുതേണ്ടത്. ബജറ്റിന് ലൈവ് ടെലികാസ്റ്റുണ്ട്. അതിലൂടെ ധനസ്ഥിതിയുടെ വ്യാജമായ മെച്ചപ്പെട്ട ഒരു ചിത്രവും മോദിയുടെ ഭരണനേട്ടവും മാത്രം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുകയും ആകര്‍ഷകമായ ചില പദ്ധതിയുടെ വിശദാംശങ്ങളും നേട്ടങ്ങളും വിശദമായി പ്രതിപാദിക്കുകയും ചെയ്യുന്നതിനെ എങ്ങനെയാണ് സത്യസന്ധമായ ബജറ്റെന്ന് വിളിക്കുക.
ബജറ്റില്‍ ഓരോ വിഭാഗത്തിനും അനുവദിച്ച തുകയുടെ വിശദാംശങ്ങള്‍ പോലും പറയുന്നില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ആയിരത്തിലധികം കോടി രൂപ കുറച്ചത് മറച്ചുവച്ചു. സാധാരണ ബജറ്റ് അവകതരിപ്പിക്കുമ്പോള്‍ അനുവദിച്ച തുകയും വര്‍ധിപ്പിച്ച ശതമാനവും പറയാറുണ്ട്. അതൊന്നും ഇവിടെയുണ്ടായില്ല. അത് ചോദ്യം ചെയ്യുമ്പോള്‍ ബജറ്റ് രേഖകള്‍ വേറെയുണ്ടെന്നും അതില്‍ ഇതെല്ലാം ഉണ്ടെന്നുമാണ് സര്‍ക്കാര്‍ പറയുന്ന ന്യായം. ഈ രേഖകളൊന്നും ജനം വായിക്കില്ല. അവര്‍ കേള്‍ക്കുന്നത് ബജറ്റ് പ്രസംഗമാണ്. അതില്‍ ഇതൊന്നുമില്ലെങ്കില്‍ പ്രസംഗത്തിന്റെ ആവശ്യമെന്താണ്. ബജറ്റ് അവതരണത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുത്തിയ ബജറ്റ് പ്രസംഗമായിരുന്നു നിര്‍മലാ സീതാരാമന്റേത്. പ്രധാനമന്ത്രിയുടെ ഭവന നിര്‍മാണ പദ്ധതി തന്നെ നോക്കൂ. അതിനുള്ള വിഹിതം കുറച്ചിട്ടുണ്ട്. 2020 ഓടെ എല്ലാവര്‍ക്കും വീടെന്ന് ബജറ്റ് പ്രസംഗത്തില്‍ വാഗ്ദാനം ചെയ്യുകയും അതിനുള്ള വിഹിതം രേഖകളില്‍ വെട്ടിക്കുറക്കുകയും ചെയ്തിരിക്കുന്നു. ഇത്തരം കണക്കിലെ കള്ളക്കളികള്‍ ധാരാളം ബജറ്റിലുണ്ട്.
3.4 ശതമാനം ധനകമ്മിയാണ് സാമ്പത്തിക സര്‍വേ പ്രതീക്ഷിക്കുന്നത്. എന്നാല്‍ ബജറ്റില്‍ 3.3 ശതമാനം ധനകമ്മിയെയുള്ളൂ. ഇതു തന്നെ വലിയ വൈരുധ്യമാണ്. ഈ സാമ്പത്തിക വര്‍ഷം തന്നെ മൂന്ന് ട്രില്യന്‍ ഡോളറിന്റെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുമെന്നാണ് അവകാശവാദം. നിലവിലുള്ളത് 2.7 ട്രില്യനാണ്. അത് മൂന്ന് ട്രില്യനാകാന്‍ 11 മുതല്‍ 12 വരെ ശതമാനം സാമ്പത്തിക വളര്‍ച്ചാനിരക്ക് കൈവരിച്ചിരിക്കണം. ഏഴു ശതമാനം മാത്രമാണ് സര്‍ക്കാര്‍ തന്നെ അവകാശപ്പെടുന്ന പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്ക്. ഈ ദശാബ്ദത്തിലെ ഏറ്റവും കുറഞ്ഞ സാമ്പത്തിക വളര്‍ച്ചാനിരക്കാണ് നിലവിലുള്ള 6.8 ശതമാനം. ഇത്തരത്തിലൊരു സാമ്പത്തിക മുരടിപ്പ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ 11 മുതല്‍12 വരെ ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിച്ചാല്‍ മാത്രമേ മൂന്ന് ട്രില്യനിലേക്ക് എത്തൂ. വിദേശത്തുനിന്നുള്ള കടമെടുപ്പും വിദേശത്തു നിന്നുള്ള വരുമാനവും കൂട്ടുമ്പോള്‍ ഈ ലക്ഷ്യമെത്താമെന്നാണ് സര്‍ക്കാര്‍ ന്യായം. എന്നാല്‍ പോലും ഈ സാമ്പത്തിക വളര്‍ച്ച കൈവരിക്കില്ല. ആഭ്യന്തര വളര്‍ച്ചാനിരക്കിന്റെ കണക്കിന്റെ പരിധിയിലാകട്ടെ വിദേശത്തു നിന്നുള്ള കടമെടുക്കലും നിക്ഷേപവും വരില്ല.
മുന്‍ ധനമന്ത്രി പി. ചിദംബരം പാര്‍ലമെന്റില്‍ പറഞ്ഞതു കൂടി ശ്രദ്ധിക്കണം. ധനവളര്‍ച്ചയെന്നത് സ്വാഭാവികമായി ഉണ്ടാകുന്നതാണ്. 1991ല്‍ ഉണ്ടായതിന്റെ ഇരട്ടിയാണ് 2001ല്‍ ഉണ്ടായത്. ജനസംഖ്യ കൂടുമ്പോള്‍ ആവശ്യങ്ങള്‍ വര്‍ധിക്കുകയും അതിനനുസരിച്ച് സ്വാഭാവികമായ വളര്‍ച്ചയുണ്ടാകുകയും ചെയ്യും. അതിന് പ്രധാനമന്ത്രിയുടെയോ ധനമന്ത്രിയുടെയോ ആവശ്യമില്ല. പക്ഷേ അതുപോലും ആര്‍ജിക്കാന്‍ ഇന്നത്തെ ധനസ്ഥിതിയും ഈ ബജറ്റും വച്ചുകൊണ്ട് സാധ്യമല്ല. 45 വര്‍ഷത്തിനിടയില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും വലിയ തൊഴിലില്ലായ്മ നിരക്കാണ് 6.1 ശതമാനം. അത് അഭിമുഖീകരിക്കണമെന്ന് സാമ്പത്തിക സര്‍വേ പറയുന്നുണ്ട്. എന്നാല്‍ ബജറ്റ് ഈ പ്രശ്‌നത്തെ അവഗണിച്ചു. പരിമിതമായ തൊഴിലവസരമുണ്ടാക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ വരെ വിറ്റു തുലക്കുമെന്നാണ് ബജറ്റ് പറയുന്നത്.
വിദേശ സ്വകാര്യ നിക്ഷേപം, സ്വകാര്യപങ്കാളിത്തം തുടങ്ങിയവയ്ക്കാണ് ബജറ്റിലെ ഊന്നല്‍. അതില്‍ മാത്രം ആശ്രയിച്ചെങ്ങനെയാണ് ഒരു സമ്പദ്ഘടനയ്ക്ക് മുന്നോട്ടു പോകാനാവുക. ഓഹരി വിറ്റഴിക്കല്‍ കൊണ്ട് താല്‍ക്കാലികമായ ആശ്വാസമേ കിട്ടുകയുള്ളൂ. പൊതു നിക്ഷേപത്തെ പൂര്‍ണമായും സര്‍ക്കാര്‍ നിരാകരിക്കുന്നു. സ്വകാര്യ മൂലധന നിക്ഷേപത്തെ മാത്രം ആശ്രയിച്ച് രൂപംകൊടുത്ത സമ്പദ്ഘടന തകര്‍ന്നു പോകുന്നത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നമ്മള്‍ കണ്ടതാണ്. ഇന്ത്യയെപ്പോലുളള വൈവിധ്യങ്ങളുള്ള രാജ്യത്ത് പൂര്‍ണമായും സ്വകാര്യമേഖലയെ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥ വളര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാക്കും.
കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കുന്ന ഇളവുകളാണ് മറ്റൊന്ന്. 6.8 ലക്ഷം കോടിയാണ് രാജ്യത്തെ വന്‍കിട കോര്‍പ്പറേറ്റുകളുടെ വായ്പ ബി.ജെ.പി സര്‍ക്കാര്‍ എഴുതിത്തള്ളിയത്. ബജറ്റില്‍ 30 ശതമാനമുണ്ടായിരുന്ന കോര്‍പ്പേറേറ്റ് നികുതി 25 ശതമാനമായി വെട്ടിക്കുറക്കുകയും അതിന്റെ ആനുകൂല്യം 400 കോടി വരെ വിറ്റുവരവുള്ള എല്ലാ കമ്പനികള്‍ക്കും ബാധകമാക്കുകയും ചെയ്തു. അതായത് 93 ശതമാനം കോര്‍പ്പറേറ്റുകള്‍ക്കും അതിന്റെ ഗുണം ലഭിക്കും. ഇതുണ്ടാക്കുന്ന വരുമാന നഷ്ടം എത്രയാണെന്ന് സര്‍ക്കാര്‍ ബജറ്റില്‍ പറയുന്നില്ല. അതി സമ്പന്നരുടെ മേല്‍ അധിക നികുതിയുണ്ടെന്ന് പറയുന്നു. എന്നാല്‍ അതുണ്ടാക്കുന്ന വരുമാനം എത്രയെന്ന് പറയുന്നില്ല. പെട്രോള്‍, ഡീസല്‍ വില കൂട്ടിയതിന്റെ അധികവരുമാനം എത്രയാണ് ? അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം ഉല്‍പന്നങ്ങളുടെ വില കുറയുമ്പോള്‍ എക്‌സൈസ് നികുതിയിലൂടെയും അടിസ്ഥാന സൗകര്യം നികുതിയിലൂടെയും ജനങ്ങളുടെ മേല്‍ വീണ്ടും ഭാരമടിച്ചേല്‍പ്പിക്കുകയാണ് ബജറ്റ്. തുടര്‍ന്ന് അസംസ്‌കൃത എണ്ണ വില കൂടിയാല്‍ ജനം അതിന്റെ കൂടി ഭാരം വഹിക്കേണ്ടി വരും.
യുപി.എ കാലത്ത് അന്താരാഷ്ട്ര വിപണിയില്‍ 145 ഡോളര്‍ വരെ അസംസ്‌കൃത എണ്ണവില ഉയര്‍ന്നു. അപ്പോഴാണ് പെട്രോള്‍ ഡീസല്‍ വില 55,60 ഒക്കെയായി വര്‍ധിച്ചത്. അന്ന് അതിനെതിരേ സമരം ചെയ്തവരാണ് ഇപ്പോള്‍ അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടും ഇന്ധനവില കൂട്ടുന്നത്. ഇന്ന് അന്താരാഷ്ട്ര വിപണിയിലെ വില 60 ഡോളറില്‍ താഴെയാണ്. 1,8,0000 കോടി രൂപയുടെ ആനുകൂല്യങ്ങളാണ് ബജറ്റ് കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കുന്നത്. മറുവശത്ത് സാധാരണക്കാരുടെ പെട്രോളിന് വില കൂട്ടുന്നു. സുതാര്യതയില്ലാത്ത ദുരൂഹതകള്‍ നിറഞ്ഞ ജനവിരുദ്ധമായ ബജറ്റാണിത്. അതുകൊണ്ടാണ് ഈ ബജറ്റിനെ എതിര്‍ക്കേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."