അടിമാലിയില്‍ വന്‍ ഹാന്‍സ് വേട്ട; കടയുടമ അറസ്റ്റില്‍
അടിമാലി : ടൗണിലെ പെട്ടികടയില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ വന്‍ ഹാന്‍സ് ശേഖരം പിടികൂടി. കടയുടമ അടിമാലി ചാറ്റുപാറ കുന്നുപുറത്ത് ബിനോയി(47)യെ അറസ്റ്റ് ചെയ്തു. അടിമാലി സി ഐ ടി.എ യൂനസ്സിന്റെ നേതൃത്വത്തിലൂള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 1354 പായ്ക്കറ്റ് ഹാന്‍സാണ് പിടിച്ചെടുത്തത്.
ദേശീയപാതയ്ക്കരുകില്‍ മാതാ തിയറ്ററിന് സമീപം ഇയാളുടെ പെട്ടികടയില്‍ ഹാന്‍സ് വില്പന നടത്തുന്നുവെന്ന് പൊലിസിന് രഹസ്യവിവരം ലഭിച്ചു. ഇത് പ്രകാരം കടയില്‍ പരിശോധന നടത്തി. എന്നാല്‍ ഇവിടെ നിന്നും നാല് പായ്ക്കറ്റ് ഹാന്‍സ് മാത്രമാണ് ലഭിച്ചത്. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ സമീപത്ത് ബിനോയി വാടകയ്ക്ക് എടുത്തിരുന്ന മുറിയില്‍ ഹാന്‍സ് സൂക്ഷിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി.
ഇവിടെ പൊലിസ് നടത്തിയ പരിശോധനയില്‍ 1350 പായ്ക്കറ്റ് ഹാന്‍സ് കൂടി കണ്ടെടുത്തു. ഹാന്‍സ് ചോക്ലേറ്റ് കവറിന്റെ രൂപത്തില്‍ പൊതിഞ്ഞ് ഭരണയില്‍ ഇട്ടാണ് വില്പന നടത്തിയിരുന്നത്. ഒറ്റ നോട്ടത്തില്‍ ഇത് ചോക്ലേറ്റാണെന്ന് തെറ്റിദ്ധരിക്കും. അന്യ സംസ്ഥാന തൊഴിലാളികളാണ് മുഖ്യ ഉപഭോക്താക്കള്‍. പായ്ക്കറ്റിന് 100 രൂപ മുതല്‍ 300 രൂപ വരെ വാങ്ങിയാണ് വിറ്റിരുന്നത്.
നാട്ടുകാരില്‍ നിന്നും 40 മുതല്‍ 50 രൂപവരെയും ഈടാക്കിയിരുന്നതായി പൊലിസ് പറഞ്ഞു. പൊലിസ് നാര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എം എന്‍ വിജയകുമാരന്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പ്രതിയെ കോടതിയില്‍ ഹാജരാക്കി. എഎസ്ഐ സി.വി ഉലഹന്നാല്‍, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍മാരായ സജി എന്‍ പോള്‍,സി ആര് സന്തോഷ്, എം എം സാജു എന്നിവര്‍ ചേര്‍ന്നാണ് കടയില്‍ പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."