മലയോരത്തെ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വര്‍ധന
കാളികാവ്: മലയോര ഗ്രാമങ്ങള്‍ മഴക്കാല പകര്‍ച്ചവ്യാധി രോഗങ്ങളുടെ പിടിയില്‍. ജില്ലയില്‍ തന്നെ കൂടുതല്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത കാളികാവ് വെന്തോടന്‍പടിയില്‍ രോഗം ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ല. ഞായറാഴ്ച വരെ 18 പേര് ചികിത്സ തേടിയ പ്രദേശത്ത് നിന്ന് കൂടുതല്‍ പേര് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രികളിലെത്തിയിട്ടുണ്ട്. ഡെങ്കിപ്പനി അനിയന്ത്രിതമായി പടരുന്നത് കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ഉന്നത സംഘം വെന്തോടന്‍ പടിയിലെത്തി. ജില്ലാ മലേറിയ ഓഫിസര്‍ ബി.എസ് അനില്‍കുമാര്‍, ആരോഗ്യ വകുപ്പ് ജില്ലാ ടെക്നിക്കല്‍ അസിസ്റ്റന്റ് പി.കെ കുമാരന് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.
കൊതുകുകളുടെ ഉറവിടം അധികമായതാണ് രോഗം പടരാനുള്ള കാരണമെന്ന് സംഘം വിലയിരുത്തിയിരുന്നു. കൊതുകുകള്‍ പെരുകുന്നതനുസരിച്ച് ഡെങ്കിപ്പനി ഉള്‍പ്പടെ മഴക്കാല രോഗങ്ങള്‍ പടരുമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്കി.
വെന്തോപടിയില് വീടുകളില്‍ വിറക് സൂക്ഷിക്കുന്ന ഭാഗങ്ങളിലാണ് പ്രധാനമായും കൊതുകുകളുടെ ഉറവിടം കണ്ടെത്തിയത്. കൊതുകുകളുടെ ഉറവിടം ഇല്ലാതാക്കാന്‍ ഓരോരുത്തരും ബാധ്യതയായി ഏറ്റെടുക്കണമെന്ന് ആരോഗ്യ വകുപ്പ് സംഘം നിര്‍ദേശിച്ചു. തോട്ടം മേഖലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലാണ് ഡെങ്കിപ്പനി പെട്ടന്ന് പടരുന്നത്.
മലയോരത്തെ ആശുപത്രികളില്‍ പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായിട്ടുണ്ട്. വെന്തോടന്‍ പടിക്ക് പുറമെ കരുവാരകുണ്ട് ഭാഗങ്ങളിലും ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."