'സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂര്‍ത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നത്'- ആരോപണങ്ങളുമായി ചെന്നിത്തല
കോഴിക്കോട്: സര്‍ക്കാരിനും സ്പീക്കര്‍ക്കുമെതിരെ ഗുരുതര അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രവാസികളുടെ ക്ഷേമത്തിനായി ആരംഭിച്ച ലോക കേരള സഭയെ ധൂര്‍ത്തിന്റെയും അഴിമതിയുടെയും പര്യായമാക്കി മാറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂര്‍ത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ലോക കേരള സഭ ചേരുന്നതിനായി ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ നവീകരണത്തിന്റെ പേരില്‍ കോടികളുടെ അഴിമതിയാണ് നടന്നത്. ടെണ്ടര്‍ അടക്കമുള്ള നപടിക്രമങ്ങള്‍ പാലിക്കാതെ ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയെ ആണ് ആ പ്രവൃത്തി ഏല്‍പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.
ഫെസ്റ്റിവല്‍ ഓഫ് ഡമോക്രസി എന്ന പരിപാടി അഴിമതിയുടെ ഉത്സവമായിരുന്നു. ആറു പരിപാടിക്ക് പദ്ധതിയിട്ടിരുന്നെങ്കിലും കൊവിഡ് കാരണം രണ്ടെണ്ണമേ നടത്തിയുള്ളൂ. ഇതിനു മാത്രം രണ്ടേകാല്‍ കോടി രൂപയാണ് ചെലവഴിച്ചത്. സഭാ ടി.വി യുടെ പേരിലും വന്‍ ധൂര്‍ത്ത് നടത്തിയിട്ടുണ്ട്. എല്ലാ ധൂര്‍ത്തും അഴിമതിയും സ്പീക്കറുടെ നേതൃത്വത്തിലാണ് നടന്നത്.
രേഖകളുടെ പിന്‍ബലത്തില്‍ മാത്രമാണ് താന്‍ സംസാരിക്കുന്നതെന്നു പറഞ്ഞ അദ്ദേഹം സ്പീക്കര്‍ക്കെതിരെ അന്വേഷണം നടത്തണമെന്നും നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ക്ക് കത്ത് നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."