ഖുര്‍ആന്‍ ഓതിയാലും ഹജ്ജ് ചെയ്താലും അറസ്റ്റ്; ചൈനയിലെ ഉയിഗൂര്‍ വേട്ടയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
യിന്‍ചുവാനില്‍ മുസ്‌ലിം ന്യൂനപക്ഷമായ ഹുയ് വംശജരെയും ഉയിഗൂറുകളെ പോലെ പീഡിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ശിരോവസ്ത്രമണിയുകയോ ഖുര്‍ആന്‍ ഓതുകയോ ചെയ്താല്‍ ഉയിഗൂര്‍ മുസ്‌ലിംകളെ ചൈനീസ് ഭരണകൂടം അറസ്റ്റ് ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്. അല്ലെങ്കില്‍ സര്‍ക്കാര്‍ ഗ്രൂപ്പിലൂടെയല്ലാതെ ഹജ്ജ് നിര്‍വഹിക്കാനായി മക്കയിലേക്കു പോയി എന്ന ഒറ്റ കാരണം മതി തടവറയിലടയ്ക്കാന്‍. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടന(എച്ച്.ആര്‍.ഡബ്ല്യു) ഇന്നലെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
സിന്‍ജിയാങ്ങിലെ അക്‌സുവില്‍ തടവിലുള്ള 2000ത്തിലധികം പേരുടെ ചോര്‍ന്നുകിട്ടിയ വിവരങ്ങളില്‍ നിന്നാണ് ഇന്റഗ്രേറ്റഡ് ജോയിന്റ് ഓപറേഷന്‍സ് പ്ലാറ്റ്‌ഫോം(ഐ.ജെ.ഒ.പി) എന്ന ചൈനാ സര്‍ക്കാരിന്റെ പദ്ധതിയെക്കുറിച്ച് പുറംലോകമറിയുന്നത്. യാത്ര ചെയ്തതിന്റെയോ ആശയവിനിമയം നടത്തിയതിന്റെയോ ബന്ധത്തിന്റെയോ ഒക്കെ പേരിലാണ് ഉയിഗൂര്‍ ന്യൂനപക്ഷങ്ങളിലെ പലരെയും അറസ്റ്റ് ചെയ്യുന്നത്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുകയും ഭാര്യയെ ശിരോവസ്ത്രമണിയാന്‍ അനുവദിക്കുകയും ചെയ്തതിനാണ് ഒരു ഉയിഗൂര്‍ വംശജനെ അറസ്റ്റ് ചെയ്തത്. മറ്റൊരാളെ 2013ല്‍ അക്‌സു വിട്ട് കാഷ്ഗറിലേക്ക് പോയി അവിടെ ഒരുദിവസം തങ്ങിയതിനാണ് ചൈനീസ് പൊലിസ് പിടികൂടിയത്. അക്‌സുവില്‍ പിടിയിലായ 200 പേരില്‍ 10 ശതമാനത്തിനു മേലും ഭീകരതയും തീവ്രവാദവുമാണ് ചുമത്തിയിരിക്കുന്നത്. മറ്റൊരാളെ പിടികൂടിയത് വി.പി.എന്നും സ്‌കൈപും ഉപയോഗിച്ചതിനാണ്. 10 ലക്ഷത്തിലേറെ തുര്‍ക്കി മുസ്‌ലിംകളാണ് -ഇവരിലധികവും ഉയിഗൂര്‍ വംശജരാണ്- സിന്‍ജിയാങ്ങിലെ ക്യാംപുകളില്‍ തടവില്‍ കഴിയുന്നത്. ഇവരുടെ മതപരമായ അസ്തിത്വം മായ്ച്ചുകളഞ്ഞ് സര്‍ക്കാരിനോട് ചായവുള്ളവരാക്കാനാണ് ഈ പീഡനമെന്ന് മനുഷ്യാവകാശ സംഘടനകള്‍ പറയുന്നു. എന്നാല്‍ മതപരമായ തീവ്രവാദം ഇല്ലാതാക്കാനുള്ള പരിശീലനമാണ് ഉയിഗൂറുകള്‍ക്ക് നല്‍കുന്നതെന്നാണ് ചൈനയുടെ വാദം.
സിന്‍ജിയാങ്ങില്‍ ഇന്റഗ്രേറ്റഡ് ജോയിന്റ് ഓപറേഷന്‍സ് പ്ലാറ്റ്‌ഫോം തുടങ്ങിയ ചൈന ഇലക്ട്രോണിക്‌സ് ടെക്‌നോളജി ഗ്രൂപ്പ് (സി.ഇ.ടി.സി) നിങ്‌സിയ പ്രവിശ്യയുടെ തലസ്ഥാനമായ യിന്‍ചുവാനിലും സിന്‍ജിയാങ്ങിനു സമാനമായ ന്യൂനപക്ഷ വേട്ട നടപ്പാക്കുന്നതായി ഈവര്‍ഷം ജനുവരിയില്‍ എച്ച്.ആര്‍.ഡബ്ല്യുവിനു ചോര്‍ന്നുകിട്ടിയ മറ്റൊരു രേഖയില്‍ പറയുന്നു. മുസ്‌ലിം ന്യൂനപക്ഷമായ ഹുയ് വംശജരാണ് ഇവിടെ കൂടുതലായുള്ളത്. മുസ്‌ലിം പള്ളികളും അറബി ഭാഷ പഠിപ്പിക്കുന്ന സ്‌കൂളുകളും അടച്ചുപൂട്ടുക, ഹലാല്‍ റസ്റ്റോറന്റുകളില്‍നിന്ന് അറബി അക്ഷരങ്ങള്‍ ചുരണ്ടിമാറ്റുക തുടങ്ങിയ നടപടികള്‍ 2019 മുതല്‍ നിങ്‌സിയയിലും മറ്റു ഹുയ് മുസ്‌ലിം പ്രദേശങ്ങളിലും നടപ്പാക്കിവരുകയാണെന്നും എച്ച്.ആര്‍.ഡബ്ല്യു വ്യക്തമാക്കുന്നു.
നിങ്‌സിയയില്‍ 20 ലക്ഷം ഹുയ് മുസ്‌ലിംകളാണുള്ളത്. ഇവിടുത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് വരുമിത്. അറബിക് ഉച്ചാരണം വരുന്നതിനാല്‍ ഇവിടുത്തെ ഒരു നദിയുടെ പേര് അധികൃതര്‍ മാറ്റിയിരുന്നു. പുതിയ നിയമമനുസരിച്ച് മക്കയില്‍ ഹജ്ജ് നിര്‍വഹിക്കാന്‍ പോകണമെങ്കില്‍ സര്‍ക്കാര്‍ ഗ്രൂപ്പായ ഇസ്‌ലാമിക് അസോസിയേഷന്‍ ഓഫ് ചൈനയ്‌ക്കൊപ്പമേ പാടുള്ളൂ. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെയെല്ലാം നിരോധിച്ചിട്ടുണ്ട്. ഹജ്ജിന് പോകുന്നവരെ ദേശസ്‌നേഹം പഠിപ്പിക്കുകയും തീവ്രവാദ ചിന്ത, ദേശസുരക്ഷയ്ക്ക് ഭീഷണിയാകുന്ന പെരുമാറ്റം എന്നിവ തടയാനും സര്‍ക്കാര്‍ ഹജ്ജ് ഗ്രൂപ്പ് നടപടിയെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."