യു.എസിനെ വെല്ലുവിളിച്ച് റഷ്യന്‍ എസ് -400 മിസൈല്‍ വാങ്ങി തുര്‍ക്കി
ഇസ്താംബൂള്‍: യു.എസ് ഉപരോധത്തെ വെല്ലുവിളിച്ച് റഷ്യയില്‍നിന്ന് എസ് -400 മിസൈല്‍ വാങ്ങി തുര്‍ക്കി. മിസൈലിന്റെ ആദ്യത്തെ ഭാഗങ്ങള്‍ അങ്കാറയിലെ വ്യോമതാവളത്തില്‍ എത്തിയെന്ന് തുര്‍ക്കി പ്രതിരോധ മന്ത്രാലയം പറഞ്ഞു. മിസൈലിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വരും ദിവസങ്ങളില്‍ തുടരുമെന്നു മന്ത്രാലയം പറഞ്ഞു.
റഷ്യയില്‍നിന്ന് എസ്-400 മിസൈലുകള്‍ വാങ്ങരുതെന്നും ഇത് എഫ്-35 യുദ്ധ വിമാനം കൈമാറുന്നതില്‍ തുര്‍ക്കിയുമായുള്ള കരാറിനെ ബാധിക്കുമെന്ന മുന്നറിയപ്പും യു.എസ് നല്‍കിയിരുന്നു.
തുര്‍ക്കിയും യു.എസും നാറ്റോ സഖ്യകക്ഷികളാണെങ്കിലും റഷ്യയോടാണ് തുര്‍ക്കി ശക്തമായ ബന്ധം പുലര്‍ത്തുന്നത്. യു.എസില്‍നിന്ന് 100 യു.എസ് എഫ്-35 യുദ്ധ വിമാനങ്ങള്‍ വാങ്ങാനാണ് തുര്‍ക്കി ധാരണയില്‍ എത്തിയത്. കൂടാതെ വിമാന നിര്‍മിതിയില്‍ തുര്‍ക്കി നിക്ഷേപവും നടത്തിയിരുന്നു. എന്നാല്‍ ഇതേ സമയത്താണ് റഷ്യയില്‍നിന്ന് മിസൈല്‍ വാങ്ങാനും തുര്‍ക്കി തീരുമാനിച്ചത്. ഇതിനായി 2.5 ബില്യന്‍ ഡോളറിന്റെ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു. കൂടാതെ പരിശീലനത്തിനായി തുര്‍ക്കി സൈന്യത്തെ റഷ്യയിലേക്ക് അയച്ചിരുന്നു.
എന്നാല്‍ റഷ്യയില്‍നിന്ന് മിസൈല്‍ വാങ്ങിയ കാരണത്താല്‍ തങ്ങള്‍ക്കെതിരേ യു.എസ് ഉപരോധം ഏര്‍പ്പെടുത്തില്ലെന്നാണ് വിശ്വാസമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ജപ്പാനില്‍ നടന്ന ജി20 ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. റഷ്യയില്‍നിന്ന് മിസൈല്‍ വാങ്ങുമെന്ന് തുര്‍ക്കി പ്രഖ്യാപിച്ചതിന് പിന്നാലെ യുദ്ധ വിമാനം നല്‍കുന്നതിനായുള്ള നടപടികള്‍ യു.എസ് നിര്‍ത്തിവച്ചിരുന്നു. തുര്‍ക്കി പൈലറ്റുമാര്‍ക്ക് നല്‍കിയിരുന്ന പരിശീലനവും അവസാനിപ്പിച്ചിരുന്നു.
29 അംഗ നാറ്റോ സഖ്യത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനിക വിഭാഗമാണ് തുര്‍ക്കി. യു.എസിന്റെ സഖ്യകക്ഷികളില്‍ ഒന്ന് കൂടിയായ തുര്‍ക്കി സിറിയ, ഇറാഖ്, ഇറാന്‍ എന്നീ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്നുണ്ട്. സിറിയയിലെ സംഘര്‍ഷത്തിലും തുര്‍ക്കിക്ക് നിര്‍ണായക പങ്കാളിത്തമുണ്ട്. വിമത ഗ്രൂപ്പുകള്‍ക്ക് ആയുധവും സൈനിക സഹായവും അവര്‍ നല്‍കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."