ഫാസിസത്തിന്റെ കാര്യത്തില്‍ സി.പി.എമ്മും ബി.ജെ.പിയും സഹോദരങ്ങള്‍: രമേശ് ചെന്നിത്തല
വടകര: പരസ്പരം കൊല്ലുകയും പിന്നീട് കെട്ടിപ്പിടിക്കുകയും ചെയ്യുന്നവരാണ് സി.പി.എമ്മും ബി.ജെ.പിയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
ഇന്ത്യയിലെ ഏറ്റവും വലിയ മതേതര പാര്‍ട്ടിയായ കോണ്‍ഗ്രസിനെ തകര്‍ക്കുകയാണ് രണ്ടു പേരുടെയും ലക്ഷ്യം. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും കൂടുതല്‍ ഇടതു മുന്നണി എം.പിമാര്‍ വരുന്നതാണ് ബി.ജെ.പിക്ക് താല്‍പര്യം. സി.പി.എമ്മിന്റെ ഇത്തരം നിലപാടുകള്‍ ബി.ജെ.പിയെ വളര്‍ത്തുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വടകര ടൗണ്‍ഹാളില്‍ ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ വീണ്ടും നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ജനാധിപത്യവും മതേതരത്വവും പൂര്‍ണമായും ഇല്ലാതാവുമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണത്തില്‍ അഴിമതി കൊടികുത്തി വാഴുകയാണ്. റാഫേല്‍ വിമാനം ഇടപാടില്‍ ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ അഴിമതിയാണ് നടന്നത്. നാലര വര്‍ഷത്തെ മോദി സര്‍ക്കാറിന്റെ ഭരണം ജനങ്ങളെ അക്ഷരാര്‍ഥത്തില്‍ ദുരിതത്തിലാക്കി. മതന്യൂനപക്ഷങ്ങള്‍ രാജ്യത്ത് ഏറെ ഭീതിയിലാണ് ജീവിക്കുന്നത്. കേന്ദ്രത്തില്‍ ഭരണ മാറ്റത്തിനായി രാഹുല്‍ ഗാന്ധിയുടെ കൈകള്‍ക്ക് ശക്തി പകരണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. കേരളത്തിലുണ്ടായ പ്രളയം പൂര്‍ണമായും മനുഷ്യ നിര്‍മിതമാണെന്ന് അദ്ദേഹം പറഞ്ഞു. പണം സമാഹരിക്കുകയല്ലാതെ അര്‍ഹര്‍ക്ക് അവയൊന്നും എത്തിക്കുന്നില്ല. സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും സാലറി ചാലഞ്ച് എന്ന പേരില്‍ ശമ്പളം പിടിച്ചു പറിക്കുകയാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ചെയ്യുന്നത്. പ്രളയ ദുരിതത്തിന്റെ മറവിലാണ് അഴിമതി നടത്തിയത്. കുടിക്കാന്‍ ശുദ്ധജലം കിട്ടാക്കനിയാവുമ്പോഴാണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഉപയോഗിച്ചുള്ള പദ്ധതികള്‍ക്ക് മാനദണ്ഡങ്ങള്‍ ലംഘിച്ച് അനുമതി നല്‍കിയതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഡ്വ. പി. ശങ്കരന്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ബെന്നിബെഹനാന്‍, ജോയി എബ്രഹാം, എം.എ റസാഖ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, ജോണി നെല്ലൂര്‍, ആര്‍. ശ്രീധരന്‍ പിള്ള, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ചോലക്കല്‍ മുഹമ്മദ്, അഡ്വ. എന്‍. സുബ്രഹ്മണ്യന്‍, ഉമ്മര്‍ പാണ്ടികശാല, അഡ്വ. പ്രവീണ്‍കുമാര്‍, സി.കെ സുബൈര്‍, ഐ. മൂസ, എന്‍.സി അബൂബക്കര്‍, അഹമ്മദ് പുന്നക്കല്‍, വി.എ നാരായണന്‍, പി. ശാദുലി, എസ്.പി കുഞ്ഞമ്മദ്, കൂടാളി അശോകന്‍, ജോണ്‍ പൂതക്കുഴി, കെ.സി അബു, അഡ്വ. മുഹമ്മദ് ഇഖ്ബാല്‍, അഡ്വ. പി. കുല്‍സു ടീച്ചര്‍, സി.കെ.വി യൂസുഫ് സംസാരിച്ചു. എം.എ റസാഖ് മാസ്റ്റര്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."