മുളിയാര്‍ വില്ലേജ് ഓഫിസ് നവീകരണം; അഞ്ചുലക്ഷം രൂപയുടെ ഭരണാനുമതി
വില്ലേജ് ഓഫിസില്‍ വരുന്ന അപേക്ഷകളും വിലപ്പെട്ട റിക്കാര്‍ഡുകളും സൂക്ഷിക്കുവാന്‍ അലമാരകളോ റാക്കോ ഇല്ലാത്തതിനാല്‍ സ്റ്റോര്‍ മുറിയിലെ സിമന്റ് തട്ടുകളിലും മറ്റുമായി ഇതെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്
ബോവിക്കാനം: മുളിയാര്‍ വില്ലേജ് ഓഫിസ് നവീകരണത്തിന് ഫണ്ട് അനുവദിച്ചു. റവന്യു വകുപ്പിന്റെ തനത് ഫണ്ടില്‍നിന്നു വില്ലേജ് ഓഫിസ് നവീകരണത്തിനായി അഞ്ചുലക്ഷം രൂപ അനുവദിച്ച് ഭരണാനുമതിയായി. മുളിയാര്‍ വില്ലേജ് ഓഫിസിന്റെ ശോചനീയവസ്ഥയെ കുറിച്ച് കഴിഞ്ഞ ജൂണ്‍ 15ന് 'സുപ്രഭാതം' വാര്‍ത്ത നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് മുളിയാര്‍ പഞ്ചായത്ത് അഗം അനീസ മന്‍സൂര്‍ മല്ലത്ത് റവന്യു അധികൃതര്‍ക്കു നിവേദനവും നല്‍കിയിരുന്നു.
മഴപെയ്താല്‍ വെള്ളം മുഴുവന്‍ ഓഫിസിനുള്ളിലേക്ക് ഒഴുകിയിറങ്ങുകയും കാലപ്പഴക്കത്താല്‍ കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ പല ഭാഗങ്ങളും ചോര്‍ന്നൊലിക്കുന്ന അവസ്ഥയിലുമാണ്. വില്ലേജ് ഓഫിസില്‍ വരുന്ന അപേക്ഷകളും വിലപ്പെട്ട റിക്കാര്‍ഡുകളും സൂക്ഷിക്കുവാന്‍ അലമാരകളോ റാക്കോ ഇല്ലാത്തതിനാല്‍ സ്റ്റോര്‍ മുറിയിലെ സിമന്റ് തട്ടുകളിലും മറ്റുമായി ഇതെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്.
മഴപെയ്താല്‍ ഓഫിസിന്റെ ചുമരുകള്‍ക്കിടയിലൂടെ വെള്ളം ഒലിച്ചിറങ്ങി റിക്കാര്‍ഡുകള്‍ നശിച്ചുപോകുന്ന അവസ്ഥയാണ്. വില്ലേജ് ഓഫിസിലെ ജനലുകള്‍ പലതും പൊട്ടിയ നിലയിലാണ്.
കെട്ടിടത്തിനു ചുറ്റുമതില്‍ പോലും ഇല്ലാതെയാണ് നിലവില്‍ ഓഫിസ് പ്രവര്‍ത്തിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."