ബഹ്‌റൈന്‍ കെ.എം.സി.സിയുടെ 'അല്‍അമാന' ഫണ്ട് കൈമാറ്റം ഹൈദരലി തങ്ങള്‍ നിര്‍വ്വഹിച്ചു; ഇത്തവണ സഹായമായി അനുവദിക്കുന്നത് കാൽ കോടിയിലേറെ രൂപ
മനാമ: ബഹ്‌റൈൻ കെ.എം.സി.സി, പ്രവാസി സുരക്ഷയുടെ ഭാഗമായി നടപ്പാക്കി വരുന്ന 'അല്‍അമാന' സാമൂഹിക സുരക്ഷാ പദ്ധതിയില്‍നിന്നുള്ള ഇത്തവണത്തെ ധന സഹായം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നാട്ടില്‍ വെച്ച് കെ എം.സി.സി ബഹ്‌റൈന്‍ ജനറൽ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങലിനു കൈമാറി.
ബഹ്റൈനില്‍ അല്‍ അമാന പദ്ധതിയില്‍ അംഗങ്ങളായി മരണപ്പെട്ട മൂന്നു പേരുടെ കുടുംബത്തിനുള്ള 14 ലക്ഷം രൂപയും പ്രവാസജീവിതം മതിയാക്കി നാട്ടിലെത്തിയവര്‍ക്കുള്ള അവശതാ പെന്‍ഷന്‍ തുകയുമാണ് കൈമാറിയതെന്ന് ഭാരവാഹികള്‍ സുപ്രഭാതത്തെ അറിയിച്ചു.
വടകര, വയനാട്, കണ്ണൂര്‍ സ്വദേശികളുടെ കുടുംബത്തിനാണ് കുടുംബ സുരക്ഷാ ഫണ്ട് വഴി ആശ്വാസ ധനസഹായം നല്‍കിയത്. രണ്ടുപേരുടെ കുടുംബങ്ങള്‍ക്ക് കൂടി ഉടന്‍ 10 ലക്ഷം രൂപ കൈമാറുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
അല്‍ അമാന സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ വിവിധ ആനുകൂല്യങ്ങളാണ് കെ.എം.സി.സി അംഗങ്ങള്‍ക്കായി നല്‍കി വരുന്നത്. പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ കുടുംബത്തിന് കുടുംബ സുരക്ഷാ ഫണ്ട് വഴി അഞ്ചു ലക്ഷം രൂപയും പ്രതിമാസ പെന്‍ഷന്‍ പദ്ധതിയിലൂടെ നാലായിരം രൂപ വരെയും ചികിത്സാ സഹായ ഫണ്ടിലൂടെ 25,000 രൂപ വരെയും അല്‍ അമാനയിലൂടെ നല്‍കിവരുന്നുണ്ട്. നേരത്തെ പദ്ധതിയിലൂടെ കൊവിഡ് ദുരിതകാലത്ത് നൂറുക്കണക്കിന് പ്രവാസികള്‍ക്ക് 5000 രൂപ ധനസഹായമായി വിതരണം ചെയ്തിരുന്നു.
പ്രവാസികളുടെ സമൂഹിക സുരക്ഷാ മുൻ നിർത്തിയാണ് കെ.എം.സി.സി ബഹ്‌റൈന്‍ അല്‍ അമാന പദ്ധതി വര്‍ഷങ്ങള്‍ക്ക് മുമ്പ് ആവിഷ്‌കരിച്ചത്. നാടിനും കുടുംബത്തിനും വേണ്ടി മരുഭൂമിയില്‍ കഷ്ടപ്പെടുന്ന പ്രവസികള്‍ പൊടുന്നനെ പ്രതിസന്ധിയിലപ്പെടുമ്പോള്‍ അവര്‍ക്ക് സാമാശ്വാസമേകാനും അവരുടെ കുടുംബത്തിന് കാരുണ്യത്തിന്റെ സഹായഹസ്തമേകാനും അല്‍ അമാനയിലൂടെ സാധിച്ചിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ മടിച്ചു നില്‍ക്കുമ്പോഴാണ് കെ.എം.സി.സി ബഹ്‌റൈന്‍ ഇത്തരത്തിലൊരു കാരുണ്യ പദ്ധതി വിജയകരമായി നടപ്പാക്കി മുന്നോട്ടുപോകുന്നതെന്നും അവര്‍കൂട്ടിച്ചേര്‍ത്തു. അല്‍അമാനയില്‍ അംഗത്വമെടുക്കുന്നതിലൂടെ പ്രവാസികളായ അംഗങ്ങളുടെ ഭാവിയും സുരക്ഷിതമാകുന്നതായി അവര്‍ പറഞ്ഞു.
മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രെട്ടറി കെ പി എ മജീദിന്റെ സാന്നിധ്യത്തിൽ പാണക്കാട് വെച്ചു നടന്ന ചടങ്ങിലായിരുന്നു ഫണ്ട് കൈമാറ്റം. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന ട്രഷറര്‍ റസാഖ് മൂഴിക്കല്‍, സ്റ്റേറ്റ് സെക്രട്ടറി എ പി ഫൈസല്‍, വൈസ് പ്രസിഡന്റ് കെ.യു അബ്ദുൽ ലത്തീഫ്, ഫൈസല്‍ കോട്ടപ്പള്ളി, അലി കൊയിലാണ്ടി, ഇംനാസ് ബാബു. എസ്.കെ നാസര്‍, ടി.പി മുഹമ്മദാലി, ഇക്ബാല്‍ താന്നൂര്‍, ശിഹാബ് പ്ലസ് ,അസ്‌ലം കളത്തിങ്കല്‍ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."