ജവാന്റെ മരണം; മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി ആവശ്യപ്പെട്ട് എം.പി
കൊല്ലം: ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്സില്‍ ജോലി ചെയ്യവെ മരണപ്പെട്ട ജവാനായ കൊല്ലം കുണ്ടറ കച്ചേരിമുക്ക് നെടുവിള വീട്ടില്‍ മിഥിന് എം.എസിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എന്‍.കെ പ്രേമചന്ദ്രന് എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി രാജ്നാഥ് സിംഗിനും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലിസ് ഫോഴ്സ് ഡയറക്ടര്‍ ജനറലിനും ഇ-മെയില്‍ സന്ദേശം നല്കി. എം.പി മിഥിന്റെ വീട് സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു.
മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി മിഥിന് ജോലി ചെയ്തിരുന്ന 49 ബറ്റാലിയന് ഉദ്യോഗസ്ഥരുമായും ഫോണില്‍ ബന്ധപ്പെട്ടു. വനത്തിനുള്ളില്‍ വച്ച് മരണം സംഭവിച്ചതിനാല്‍ ഹെലികോപ്ടറിന്റെ സഹായത്തോടെ മാത്രമേ മൃതശരീരം തൊട്ടടുത്ത എയര്പോര്ട്ടിലെത്തിക്കുവാന് കഴിയുകയുള്ളൂ എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപ്ടറുകള്‍ സജ്ജമാണെങ്കിലും പ്രതികൂലമായ കാലാവസ്ഥ കാരണം മൃതശരീരം എടുക്കുവാന്‍ കഴിയാത്ത സാഹചര്യമാണ്.
ദൗത്യം പൂര്‍ത്തിയാക്കാന്‍ പത്ത് ജവാന്മാരെ പ്രത്യേകമായി ഡ്യൂട്ടിയില്‍ നിയോഗിച്ചിട്ടുണ്ടെന്നും കാലാവസ്ഥ അനുകൂലമായാല്‍ ഉടന്‍ തന്നെ ഹെലികോപ്ടറില്‍ മൃതദേഹം തൊട്ടടുത്തുള്ള ആസാമിലെ ഡിബ്രൂഗാര്ഹ് എയര്‍പോര്‍ട്ടില്‍ എത്തിച്ച് പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കുവാനുള്ള നടപടികള്‍ ഒരുക്കിയിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. കാലാവസ്ഥ അനുകൂലമായാല്‍ ഇന്നുതന്നെ മൃതശരീരം വനത്തിനുപുറത്ത് കൊണ്ടുവരുമെന്നും നടപടികള്‍ പൂര്‍ത്തീകരിച്ച് എത്രയുംവേഗം നാട്ടിലെത്തിക്കുമെന്ന് ഉറപ്പ് നല്‍കിയതായും എന്‍.കെ. പ്രേമചന്ദ്രന് എം.പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."