പെരുന്തോടിനു സംരക്ഷണമായി കയര്‍ ഭൂവസ്ത്രമണിയിക്കല്‍ പദ്ധതി പുരോഗമിക്കുന്നു
കയ്പമംഗലം:കയ്പമംഗലം നിയോജക മണ്ഡലത്തിലെ പെരുന്തോടിനു സംരക്ഷണമേകാന്‍ കയര്‍ ഭൂവസ്ത്രമണിയിക്കല്‍ പദ്ധതി പുരോഗമിക്കുന്നു. മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പെരുന്തോടിന് സംരക്ഷണമായാണ് കയര്‍ ഭൂവസ്ത്രമണിയിക്കുന്നത്.
പതിനേഴ് കിലോമീറ്ററോളം നീളമുളള പെരുന്തോടിന്റെ ഇരുകരകളും നവീകരിച്ച് കയര്‍ ഭൂവസ്ത്രം വിരിക്കുകയും പുല്ല് നട്ട് പിടിപ്പിക്കുകയും ചെയ്യുന്നതാണ് പദ്ധതി. വരള്‍ച്ചയെ നേരിടുന്നതിനും ഭൂഗര്‍ഭജലം സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. പെരിഞ്ഞനം പഞ്ചായത്തിലെ താമരക്കുളത്ത് നിന്നും ആരംഭിച്ച് എറിയാട് പഞ്ചായത്തിലെ അഴീക്കോട് അവസാനിക്കുന്ന തോടാണിത്. എല്ലാ പഞ്ചായത്തിലും ദ്രുതഗതിയിലാണ് ഭൂവസ്ത്രമണിയിക്കല്‍ ജോലികള്‍ നടക്കുന്നത്. എന്‍.ആര്‍.ഇ.ജി പദ്ധതിയില്‍ നിന്നുമുള്ള മൂന്നുകോടിയോളം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. വിവിധ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ഭൂവസ്ത്രമണിയിക്കുന്നതിന്റെ നിര്‍മാണ ചുമതല. മതിലകം പഞ്ചായത്തില്‍ മാത്രം നൂറ്റിയന്‍പതോളം തൊഴിലുറപ്പ് തൊഴിലാളികളാണ് ജോലിയില്‍ രംഗത്തുള്ളത്. തെക്കു വടക്കു നീളത്തില്‍ നിലനില്‍ക്കുന്ന തോട്ടിലെ വെള്ളം പുറത്തു കളയാതെ പായലും ചെളിയും മാലിന്യവും മാറ്റിയശേഷം വശങ്ങളില്‍ കയര്‍ ഭൂവസ്ത്രം വിരിച്ച് ഇതിനു മുകളില്‍ പുല്‍ ചെടികള്‍ വച്ച് പിടിപ്പിക്കുകയാണ് ചെയ്യുന്നത്. ആലപ്പുഴയില്‍ നിന്നും എത്തിച്ച കയര്‍ ഭൂവസ്ത്രമാണ് ഇതിനായി ഉപയോഗിക്കുന്നത്. കയര്‍ ഭൂവസ്ത്രവും പുല്ലിന്റെ വേരും ഇഴുകിച്ചേര്‍ന്ന് തോടിന് ശക്തമായ സംരക്ഷണമൊരുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വേനലില്‍ തീരദേശ മേഖലയിലെ കിണറുകളിലും മറ്റു ജലസ്രോതസുകളിലും വെള്ളത്തിന്റെ അളവ് ഗണ്യമായി കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവ് നില നിര്‍ത്താനും അത് വഴി ശുദ്ധ ജലസ്രോതസ് താഴ്ന്നു പോകാതെ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യം വെക്കുന്നുണ്ട്. 17 കിലോമീറ്റര്‍ നീളമുള്ള തോടിന്റെ പകുതിയോളം ഭാഗം ഇതിനോടകം ഭൂവസ്ത്രം വിരിച്ചുകഴിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."