പ്രതികള്‍ യൂനിയന്‍ ഓഫിസിലുണ്ടെന്ന് കുത്തേറ്റ അഖിലിന്റെ സുഹൃത്തുക്കള്‍: മറ്റെവിടെയൊക്കെയോ തിരഞ്ഞ് പ്രതികള്‍ ഒളിവിലെന്ന് പൊലിസ്
തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ പ്രതികളായ എല്ലാവരും കേരളാ സര്‍വകലാശാലയിലെ യൂനിയന്‍ ഓഫിസിലുണ്ടെന്ന് വിദ്യാര്‍ഥി വെളിപ്പെടുത്തുമ്പോള്‍ അവിടെകയറി പരിശോധ നടത്താതെ കേസിലെ പ്രതികളായ ഏഴ് എസ്.എഫ്.ഐ പ്രവര്‍ത്തകരും ഒളിവിലാണെന്ന് പൊലിസ്. കുത്തേറ്റ അഖിലിന്റെ സുഹൃത്തും സഹപാഠിയുമായ ജിതിനാണ് സ്വകാര്യ ചാനലിന്റെ ന്യൂസ് അവറില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. എന്റെ കൂട്ടുകാരനാണ് ഇപ്പോള്‍ ജീവന്‍ തുലാസില്‍ വെച്ച് ആശുപത്രിയില്‍ കിടക്കുന്നത്. അവനു വേണ്ടിയാണ് ഞാനിവിടെ വന്ന് ഇതൊക്കെ പറയുന്നത്. ഇതെല്ലാം പറഞ്ഞതിന്റെ പേരില്‍ നാളെ എന്റെ ജീവനും ഒരുപക്ഷേ അപകടത്തിലാവും. എങ്കിലും എനിക്ക് ഇതു പറയാതെ പറ്റില്ല. അക്രമങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളര്‍ത്താവൂ എന്ന ഇപ്പോഴത്തെ യൂനിയന്‍ ഭാരവാഹികളുടെ നിലപാടിനെതിരായാണ് ഞങ്ങള്‍ ഇപ്പോള്‍ പോരാടുന്നതെന്നും ജിതിന്‍ ആരോപിച്ചു.
യൂനിറ്റ് ഭാരവാഹികളുടെ ഗുണ്ടായിസമാണ് കോളേജില്‍ നടക്കുന്നതെന്ന് ഇതേ ന്യൂസ് അവറില്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറാവാതിരുന്ന ഒരു പെണ്‍കുട്ടി പറഞ്ഞു. യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് അഖിലിനെ കുത്തിയതെന്നും കുത്തേറ്റ അഖില്‍ വീണതിന് പെണ്‍കുട്ടികളടക്കം നൂറുകണക്കിന് പേര്‍ സാക്ഷികളാണെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ ഇന്നലെ രാത്രി പ്രതികളുടെ വീടുകളില്‍ പൊലിസ് പരിശോധന നടത്തിയിരുന്നു. ബന്ധു വീടുകളിലും പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ലെന്നാണ് പൊലിസ് പറയുന്നത്. അതേ സമയം പ്രതികള്‍ ഉണ്ടെന്ന് ഉറപ്പുള്ളിടത്തേക്ക് കയറിച്ചെല്ലാന്‍ പൊലിസിന്റെ മുട്ടുവിറക്കുകയാണെന്നും ആക്ഷേപമുണ്ട്.
കേസില്‍ സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂനിറ്റ് സെക്രട്ടറി നസീം, അമര്‍, അദ്വൈദ്, ആദില്‍, ആരോമല്‍, ഇബ്രാഹിം എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിന് കേസെടുത്തത്. കണ്ടാലറിയുന്ന മുപ്പതോളം പേരെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. ഇന്നലെ പ്രതികള്‍ എത്താന്‍ സാധ്യതയുള്ള മിക്ക സ്ഥലങ്ങളിലും പൊലിസ് പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ലെന്നും പൊലിസ് പറയുന്നു. എന്നാല്‍ ഇതില്‍ ചിലര്‍ ഇന്ന് പൊലിസില്‍ കീഴടങ്ങുമെന്നാണ് സൂചന.
ഇന്നലെ സംഘര്‍ഷമുണ്ടാകുന്നതിനിടയില്‍ പൊലിസിന്റെ മുന്നില്‍വച്ച് പ്രതികള്‍ രക്ഷപ്പെട്ടുവെന്ന ആക്ഷേപം വ്യാപകമായി ഉയരുന്നുണ്ട്. എന്നാല്‍ പ്രധാന പ്രതികളെ പിടികൂടുക എന്നതാണ് ലക്ഷ്യമെന്നും അന്വേഷണം ഊര്‍ജിതമാക്കിയതായും മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."