പോസ്റ്റുമോര്‍ട്ടത്തിലും കള്ളക്കളി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ വീണ്ടും പോസ്റ്റ്‌മോര്‍ട്ടം വേണമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍
നെടുങ്കണ്ടം: നെടുങ്കണ്ടത്ത് പൊലിസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണമെന്ന് ജുഡീഷ്യല്‍ കമ്മിഷന്‍. പൊലിസിനെ രക്ഷിക്കാനും ഉന്നതരേ സംരക്ഷിക്കാനുമായി പോസ്റ്റുമോര്‍ട്ടത്തിലും ശക്തമായ ഇടപെടല്‍ ഉണ്ടായതായി സംശയം ശക്തമാണ്. അതുകൊണ്ടുതന്നെ ആദ്യ പോസ്റ്റ്‌മോര്‍ട്ടത്തില്‍ വീഴ്ച ഉണ്ടായതായും ജുഡീഷ്യല്‍ കമ്മീഷന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.നാരായണക്കുറുപ്പ് പറഞ്ഞു.
വളരെ ലാഘവത്തോടെ ചെയ്ത പോസ്റ്റുമോര്‍ട്ടമാണ് രാജ്കുമാറിന്റേത്. ഇപ്പോഴത്തെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടു കൊണ്ട് ഒരു പ്രയോജനവും ഇല്ല. നിലവില്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇല്ലാത്ത അവസ്ഥ ആണെന്നും അദ്ദേഹം പറഞ്ഞു.
ആന്തരികാവയങ്ങള്‍ പരിശോധനക്ക് അയച്ചിരുന്നില്ല. ശരീരത്തിലുണ്ടായിരുന്ന മുറിവുകളുടെ പഴക്കത്തെക്കുറിച്ച് വ്യക്തതയില്ല. ഇക്കാരണങ്ങളാല്‍ മൃതദേഹം വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്‌തേ മതിയാകൂ എന്നും നാരായണക്കുറുപ്പ് പറഞ്ഞു.
നേരത്തെ ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സി.ബി.ഐ അന്വേഷണം വേണമെന്നും രാജ്കുമാറിന്റെ ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡിമരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."