കശുവണ്ടി മേഖല തിരിച്ചുവരവിന്റെ പാതയില്‍: മന്ത്രി മേഴ്‌സിക്കുട്ടിയമ്മ
കൊല്ലം: വറുതിയുടെയും ദുരിതത്തിന്റെയും കാലത്തിന് ശേഷം കശുവണ്ടി മേഖല തിരിച്ചുവരവിന്റെ പാതയിലാണെന്ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കശുവണ്ടി മേഖലയില്‍ പുത്തനുണര്‍വ് സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഫലപ്രദമായ നടപടികള്‍ സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരിനായി. അധികാരത്തില്‍ വന്ന് നൂറ് ദിവസത്തിനകം സര്‍ക്കാര്‍ മേഖലയിലെ നാല്‍പ്പത് കശുവണ്ടി ഫാക്ടറികളും തുറന്ന് പ്രവര്‍ത്തിക്കാനായത് നേട്ടമാണ്. സര്‍ക്കാര്‍ മേഖലയിലെ 40 ഫാക്ടറികള്‍ക്കൊപ്പം സ്വകാര്യമേഖലയിലെ 450 ഫാക്ടറികളും തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യം സൃഷ്ടിക്കാനായി. 16 കോടി രൂപ കശുവണ്ടി മേഖലയില്‍ ബോണസ്സായി നല്‍കുന്നതിന് സര്‍ക്കാരിന് കഴിഞ്ഞു. തുറക്കാത്ത എല്ലാ ഫാക്ടറികളിലെയും തൊഴിലാളികള്‍ക്ക് 1000 രൂപ എക്‌സ്‌ഗ്രേഷ്യ നല്‍കുന്നതിനും സര്‍ക്കാര്‍ സംവിധാനം നടപ്പാക്കി. 280,000 തൊഴിലാളികള്‍ക്ക് എക്‌സ്‌ഗ്രേഷ്യ തുക വിതരണം ചെയ്തിട്ടുണ്ട്.
അടഞ്ഞുകിടക്കുന്ന സ്വകാര്യ ഫാക്ടറികള്‍ തുറക്കുന്നതിനുള്ള ശ്രമവും സര്‍ക്കാരിന്റെ ഭാഗത്ത് സജീവമാണ്. കശുവണ്ടി ഉടമകള്‍ ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ പുതുക്കി നല്‍കുന്നതിനും വര്‍ക്കിങ് ക്യാപ്പിറ്റല്‍ എന്ന നിലയില്‍ ബാങ്ക് ലോണ്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്. കശുവണ്ടി ഉടമകള്‍ റിസര്‍വ്വ് ബാങ്ക് ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെ നിരവധി യോഗങ്ങള്‍ ഇതിനായി വിളിച്ചു ചേര്‍ക്കുകയുണ്ടായി.
മുഖ്യമന്ത്രിയുടെയും കശുവണ്ടി വ്യവസായ മന്ത്രിയുടെയും നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത യോഗം സ്വകാര്യ മേഖലയിലെ ഫാക്ടറികള്‍ തുറക്കുന്നതിനായി ഒരു എംപവേര്‍ഡ് കമ്മറ്റിക്ക് രൂപം നല്‍കിയിട്ടുണ്ട്. എംപവേര്‍ഡ് കമ്മറ്റിയുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനം ഈ ഫാക്ടറികള്‍ തുറക്കുന്നതിനുള്ള സാമ്പത്തിക സഹായം ബാങ്കുകള്‍ വഴി ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണ്. എംപവേര്‍ഡ് കമ്മറ്റിയുടെ യോഗത്തിന്റെ അടിസ്ഥാനത്തില്‍ സ്വകാര്യ കശുവണ്ടി ഉടമകള്‍ക്കെതിരേ ബാങ്ക് കൊണ്ടു വന്നിരുന്ന ജപ്തി നടപടികള്‍ ആറു മാസത്തേക്ക് നിര്‍ത്തി വയ്ക്കുവാന്‍ ബാങ്കുകളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കൂടാതെ സ്വകാര്യ ഫാക്ടറി ഉടമകളുടെ നിലവിലുള്ള ലോണ്‍ പുതുക്കി നല്‍കുന്നതിനും അവരുടെ പ്രവര്‍ത്തന മൂലധനം പുതുതായി നല്‍കുന്നതിനും ആവശ്യമായ ചര്‍ച്ചകള്‍ നടന്നു വരുന്നെന്നും മന്ത്രി പറഞ്ഞു.
പത്രസമ്മേളനത്തില്‍ മന്ത്രിക്കൊപ്പം എം. നൗഷാദ് എം.എല്‍.എ, ഫിഷറീസ് അഡീഷണല്‍ ഡയറ്കടര്‍ കെ.എം ലതി, ജോയിന്റ് ഡയറക്ടര്‍ ആര്‍. സന്ധ്യ, പി.ആര്‍.ഡി റീജിയണല്‍ ഡെപ്യൂട്ടി ഡയറ്കടര്‍ എന്‍.സുനില്‍ കുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ടി. സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."