റിലയന്‍സിനെ ബഹിഷ്‌കരിച്ച് കര്‍ഷകര്‍ക്ക് കൈകൊടുക്കാം
കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രഹസന ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെ കര്‍ഷകര്‍ സമരം കൂടുതല്‍ ശക്തമാക്കാന്‍ തുടങ്ങിയിരിക്കുന്നു. ആവര്‍ത്തന വിരസമായ ചര്‍ച്ചകള്‍ നടത്തി കര്‍ഷകരുടെ സമരവീര്യം ചോര്‍ത്താമെന്ന സര്‍ക്കാരിന്റെ അതിമോഹത്തെയാണ് സമര നേതാക്കള്‍ നുള്ളിയെറിഞ്ഞത്. ചര്‍ച്ചകളിലെല്ലാം വാക്കാല്‍ ഉറപ്പുനല്‍കിയിരുന്ന സര്‍ക്കാര്‍ തന്ത്രത്തെ, ആറാം തവണ നടത്താന്‍ ഉദ്ദേശിച്ച ചര്‍ച്ചാ പ്രഹസനം നിരാകരിച്ച് കര്‍ഷക നേതാക്കള്‍ നേരിട്ടു. ഇതോടെ സര്‍ക്കാരിനുമേലുള്ള കുരുക്ക് മുറുകി. ആറാംവട്ട ചര്‍ച്ചയ്ക്കുള്ള ക്ഷണം കര്‍ഷകര്‍ തള്ളിയതോടെ വാക്കാലുള്ള ഉറപ്പുകള്‍ ഒരു കടലാസില്‍ എഴുതി കര്‍ഷക നേതാക്കള്‍ക്ക് നല്‍കി. ഈ കടലാസ് തങ്ങളെ അപമാനിക്കാന്‍ വേണ്ടിയാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവ് കുമാര്‍ കക്കാജി തുറന്നടിച്ചതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായി.
കൊവിഡിന്റെ മറവില്‍ കര്‍ഷകരുമായി ചര്‍ച്ച നടത്താതെ പാസാക്കിയ മൂന്ന് വിവാദ ബില്ലുകളും റദ്ദാക്കിയില്ലെങ്കില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്ന് സമരം തുടങ്ങിയ നാള്‍ മുതല്‍ ഒരേ സ്വരത്തില്‍ പറയുന്ന കര്‍ഷക നേതാക്കളുടെ ദൃഢനിശ്ചയത്തിനുമുന്‍പില്‍ സര്‍ക്കാര്‍ അക്ഷരാര്‍ഥത്തില്‍ പതറിയിരിക്കുന്നു. അതുകൊണ്ടാണ് ജനകീയ സമരങ്ങളെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ പതിവായി ഉപയോഗിച്ചിരുന്ന രാജ്യദ്രോഹാരോപണവും തീവ്രവാദി സാന്നിധ്യവും ഇവിടെ ലക്ഷ്യം കാണാതിരുന്നത്. ഇന്ത്യയില്‍ ബി.ജെ.പി സര്‍ക്കാരിനെതിരേ നടക്കുന്ന സമരങ്ങളെയെല്ലാം തീവ്രവാദത്തിന്റെ നിറം നല്‍കി നിഷ്പ്രഭമാക്കി പോരുന്ന സംഘ്പരിവാര്‍ തന്ത്രവും കര്‍ഷക സമരത്തില്‍ പൊളിഞ്ഞു. സമരത്തില്‍ ഖലിസ്ഥാന്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ ആരോപണത്തിന് സമര നേതാക്കള്‍ കൊയ്ത്ത് കഴിഞ്ഞ വയലുകളില്‍ കത്തിക്കുന്ന പുല്ലിന്റെ വില പോലും കല്‍പിച്ചുമില്ല.
അടുത്തഘട്ടത്തില്‍ നരേന്ദ്ര മോദിയുടെ സുഹൃത്തുക്കളും കോര്‍പറേറ്റ് ഭീമന്‍മാരുമായ അംബാനിയെയും അദാനിയെയും ബഹിഷ്‌കരിക്കുന്നതടക്കമുള്ള കടുത്ത നടപടികളിലേക്കാണ് സമരം കത്തിപ്പടരുക. ഇതിന്റെ ഭാഗമായി നാല് ലക്ഷം കര്‍ഷകരെ അണിനിരത്തി ഡല്‍ഹി വളയുന്നതോടെ തലസ്ഥാനം ഒറ്റപ്പെടും. നാളെ ഉത്തരേന്ത്യയിലെ ടോള്‍ പിരിവുകളെല്ലാം കര്‍ഷകര്‍ തടയും. പതിന്നാലാം തിയതി കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ ജില്ലാ ആസ്ഥാനങ്ങളില്‍ കര്‍ഷക ധര്‍ണ നടക്കും. സമരം കൂടുതല്‍ ജ്വലന പാതയിലേക്കെന്ന സൂചനകളാണിതൊക്കെ. ആറുമാസം കഴിഞ്ഞുകൂടാനുള്ള സംവിധാനങ്ങളുമായി തലസ്ഥാന അതിര്‍ത്തികളില്‍ തമ്പടിച്ചിരിക്കുന്ന കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നതോടെ സമരത്തിന്റ ഗതി മാറുമെന്നതിന് സംശയമില്ല.
വിവാദമായ മൂന്ന് കര്‍ഷക ദ്രോഹ നിയമങ്ങളും ആത്യന്തികമായി അദാനിയെയും അംബാനിയെയും അകമഴിഞ്ഞ് സഹായിക്കാനുള്ളതാണെന്ന് ഇതിനകം വ്യക്തമായതാണ്. മോദിയുടെ കഴിഞ്ഞ ആറ് വര്‍ഷത്തെ ഭരണത്തിനിടെ രാജ്യത്തിന്റെ സാമ്പത്തിക സ്രോതസിന്റെ മുക്കാല്‍ പങ്കും അംബാനിക്കും അദാനിക്കുമാണ് വിറ്റുതുലച്ചത്. ഓയില്‍, വൈദ്യുതി, ഇന്‍ഷുറന്‍സ്, കാര്‍ഷിക മേഖലകളും വാര്‍ത്താവിനിമയ ശൃംഖലയും അംബാനിക്ക് തീറെഴുതിയപ്പോള്‍ നാട്ടുകാരനായ അദാനിയേയും കണക്കറ്റ് സന്തോഷിപ്പിക്കാന്‍ മോദി മനസുവച്ചു. അംബാനിക്ക് നല്‍കിയതിന്റെ ബാക്കിയായ കല്‍ക്കരി ഖനികളും തുറമുഖങ്ങളും എയര്‍പോര്‍ട്ടുകളും റെയില്‍വേയും കാര്‍ഷിക നിലങ്ങളും അടിയറവച്ചാണ് ഗുജറാത്തുകാരനായ അദാനിയോട് മോദി സ്‌നേഹവായ്പ് കാട്ടിയത്.
പാര്‍ലമെന്റിനെ നിഷ്പ്രഭമാക്കി പാസാക്കിയ മൂന്ന് കര്‍ഷക വിരുദ്ധ ബില്ലുകളും രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരെ കുത്തുപാളയെടുപ്പിക്കുന്നതാണ്. ഒപ്പം, കോര്‍പറേറ്റുകളുടെ കാരുണ്യത്തിനായി യാചിക്കേണ്ട ഗതികേടിലേക്കും ഇന്ത്യന്‍ കര്‍ഷകരെ അത് കൊണ്ടുചെന്നെത്തിക്കും. ഈ തിരിച്ചറിവിലാണ് സര്‍ക്കാരിന്റെ ചര്‍ച്ചാചതിക്കുഴികളില്‍ വീഴാതെ സമര നേതാക്കള്‍ പിടിച്ചുനില്‍ക്കുന്നത്. മറ്റൊരു നിര്‍ണായക നിലപാടിലേക്കു കൂടി കര്‍ഷകര്‍ കടന്നിരിക്കുന്നു. റിലയന്‍സ് ഉല്‍പന്നങ്ങളുടെ ബഹിഷ്‌കരണ തീരുമാനമാണത്. സ്വകാര്യ നിക്ഷേപകര്‍ കടന്നുവന്നിട്ടുള്ള പൊതുമേഖലകളെല്ലാം തകര്‍ന്നിട്ടേയുള്ളൂ. സ്വകാര്യ കമ്പനികളുടെ കുത്തകയായി അരി സംഭരണമടക്കമുള്ള കാര്‍ഷികോല്‍പന്നങ്ങള്‍ മാറുമ്പോള്‍, പ്രാദേശിക ചന്തകള്‍ എടുത്തുകളയുന്ന ഒരവസ്ഥയില്‍, അംബാനിക്കോ അദാനിക്കോ ചുരുങ്ങിയ വിലയ്ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും. ഉല്‍പന്നങ്ങള്‍ക്ക് വിലയിടിയുമ്പോള്‍ സര്‍ക്കാര്‍ താങ്ങുവില നല്‍കി കര്‍ഷകരെ സഹായിക്കാറാണ് പതിവ്. എന്നാല്‍ പുതിയ മൂന്ന് വിവാദ നിയമത്തിലും താങ്ങുവിലയെക്കുറിച്ച് പറയുന്നില്ല. താങ്ങുവില കോര്‍പറേറ്റുകളെ സഹായിക്കാനായി സര്‍ക്കാര്‍ എടുത്തുകളഞ്ഞിരിക്കുന്നു. ഇത് പുനഃസ്ഥാപിക്കാമെന്ന് അവസാനവട്ട ചര്‍ച്ചയില്‍ അമിത് ഷാ വാക്കാല്‍ ഉറപ്പുനല്‍കിയെങ്കിലും സര്‍ക്കാര്‍ പലപ്പോഴും വാക്ക് മാറ്റിയതിന്റെ അനുഭവം സമര നേതാക്കള്‍ക്കുണ്ട്. അതിനാല്‍ വാക്കാലുള്ള ഉറപ്പുപോരെന്നും വിവാദ നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുക തന്നെ വേണമെന്നും കര്‍ഷകര്‍ ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു.
ഈ കര്‍ഷക സമരം വിജയിക്കുന്നതോടെ ഇന്ത്യയുടെ അവസാനത്തെ തുരുത്തായ ഭക്ഷ്യമേഖലയും കൂടി അംബാനിക്കും അദാനിക്കും പതിച്ചുനല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഗൂഢാലോചനയായിരിക്കും പരാജയപ്പെടുക. അതിന്റെ മുന്നോടിയായി കര്‍ഷക നേതാക്കള്‍ പ്രഖ്യാപിച്ച റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനം മുഴുവന്‍ ഇന്ത്യക്കാരും ഏറ്റെടുക്കേണ്ടതുണ്ട്. ബി.ജെ.പി-കോര്‍പറേറ്റ് ബന്ധം ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ , ആക്രമണോത്സുക സമീപനത്തിന്റെ ഭാഗമാണ്. അതിനെതിരായ പോരാട്ടവും കൂടിയാണ് ഈ കര്‍ഷക സമരമെന്നോര്‍ക്കാം.
ഹിന്ദുത്വ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരായ പോരാട്ടം, അതിന്റെ കോര്‍പറേറ്റ് കൊള്ളയ്‌ക്കെതിരായ സമരവും കൂടിയാണ്. അതാണ് ഈ കര്‍ഷക സമരമെന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുമാണ്. അതിനാല്‍ത്തന്നെ ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ക്കെതിരേയുള്ള സമരമായും ഈ പോരാട്ടത്തെ വിലയിരുത്തേണ്ടതുണ്ട്. സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തെ രാഷ്ട്രപിതാവ് മഹാത്മജി മുട്ടുകുത്തിച്ചത് അവരുടെ ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു. രാജ്യത്തെ അന്നമൂട്ടുന്ന വിറയാര്‍ന്ന കൈകള്‍ കുത്തകകള്‍ക്കുവേണ്ടി മോദി സര്‍ക്കാര്‍ വെട്ടിമാറ്റാനൊരുങ്ങുമ്പോള്‍ ഗാന്ധിജിയുടെ മരണമില്ലാത്ത വാക്കുകളുടെ ചൂടും ചൂരും ഒരിക്കല്‍ക്കൂടി ഇന്ത്യന്‍ ജനത വീണ്ടെടുക്കണം. കര്‍ഷക നേതാക്കള്‍ ആഹ്വാനം ചെയ്ത റിലയന്‍സ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ബാധ്യത മുഴുവന്‍ ഇന്ത്യക്കാരുടേതുമാണ്. അതിജീവനത്തിനായി രാപകല്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമാണ് ഇന്ത്യന്‍ ജനതയെന്ന സന്ദേശം നല്‍കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."