മരണാനന്തര അവയവദാനം; വ്യവസ്ഥകള്‍ ലഘൂകരിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് മരണാനന്തര അവയവദാനം നിലച്ച സാഹചര്യത്തില്‍ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിലെ നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും സുതാര്യമാക്കാനും സര്‍ക്കാര്‍ നീക്കം.
വ്യവസ്ഥകളിലെ കാഠിന്യം അവയവ ദാനത്തിന് തടസമാകുന്നെന്ന് കണ്ടെത്തിയതിനാലാണിത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന രണ്ടുഘട്ടങ്ങളിലും മെഡിക്കല്‍ സംഘത്തിലെ സര്‍ക്കാര്‍ ഡോക്ടര്‍ ഒരേയാള്‍ തന്നെയായിരിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കാനാണ് തീരുമാനം.
രണ്ടു ഘട്ടങ്ങളിലായാണ് മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നത്. രണ്ടു ഘട്ടങ്ങളിലും സംഘത്തിലുള്ളത് ഒരേ സര്‍ക്കാര്‍ ഡോക്ടര്‍ തന്നെയായിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ലഭ്യതക്കുറവ് പലപ്പോഴും പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത് പരിഹരിക്കാന്‍ രണ്ടുഘട്ടത്തിലും രണ്ടു ഡോക്ടര്‍മാരാകാമെന്ന ഇളവ് അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇതിനു പുറമേ മരണാനന്തര അവയവദാനം ഏകോപിപ്പിക്കുന്നതിന് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നോഡല്‍ ഓഫിസറെയും ജീവനക്കാരെയും നിയമിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളില്‍ മരിച്ചവരുടെ ബന്ധുക്കളെ അവയവദാനത്തെക്കുറിച്ച് ബോധവാന്മാരാക്കാന്‍ കൗണ്‍സലര്‍മാരെ നിയമിക്കും. ഏറ്റവും കൂടുതല്‍ മസ്തിഷ്‌ക മരണം റിപ്പോര്‍ട്ട് ചെയ്യുന്ന എറണാകുളം ജില്ലയില്‍ കേരള നെറ്റ് വര്‍ക്ക് ഓഫ് ഓര്‍ഗന്‍ ഷെയറിങ് (കെ.എന്‍.ഒ.എസ്) തന്നെ ഇതിന് മുന്‍കൈയെടുക്കും.
നടപടിക്രമങ്ങള്‍ സുതാര്യമാക്കുന്നത് നിലവില്‍ സ്തംഭനാവസ്ഥയിലായ മരണാനന്തര അവയവദാനത്തെ കൂടുതല്‍ സജീവമാക്കുമെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."