ബ്രൂവറി: എല്‍.ഡി.എഫ് വാദം പൊളിഞ്ഞു
തിരുവനന്തപുരം: ബ്രൂവറികള്‍ അനുവദിച്ച വിഷയത്തില്‍ സര്‍ക്കാരിനു കുരുക്കായി പുതിയ വിവരങ്ങള്‍ പുറത്തുവന്നു. യു.ഡി.എഫിനെതിരേ എല്‍.ഡി.എഫ് കണ്‍വീന്‍ എ. വിജയരാഘവന്‍ ഉന്നയിച്ച വാദം പൊളിഞ്ഞു.
1998ല്‍ തൃശൂരില്‍ ബ്രൂവറി അനുവദിച്ചതു നായനാര്‍ സര്‍ക്കാരിന്റെ കാലത്താണെന്നതിനു തെളിവ് പുറത്തുവന്നു. അനുമതി നല്‍കിയത് ആന്റണി സര്‍ക്കാരാണെന്നായിരുന്നു വിജയരാഘവന്‍ വാദിച്ചത്. 1998ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് അനുമതി നല്‍കിയ ബ്രൂവറിക്ക് 2003ലാണ് അന്തിമ ലൈസന്‍സ് ലഭിച്ചത്. അന്ന് ആന്റണി സര്‍ക്കാരായിരുന്നു ഭരിച്ചത്. ലൈസന്‍സ് നല്‍കുകയെന്ന ഉദ്യോഗസ്ഥതലത്തിലുള്ള നടപടികള്‍ മാത്രമാണ് അന്നു നടന്നതെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു പങ്കുമുണ്ടായിരുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.
ഡിസ്റ്റിലറി അനുമതിയില്‍ എക്‌സൈസ് കമ്മിഷണറുടെ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതും ചര്‍ച്ചയായിട്ടുണ്ട്.
പുതിയ ഡിസ്റ്റിലറികള്‍ക്കു നയപരമായ തീരുമാനം വേണമെന്ന് എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് ഫയലില്‍ കുറിച്ചിരുന്നു. പുതിയ ബ്രൂവറികള്‍ അനുവദിക്കുന്നതിന് 1999ലെ സര്‍ക്കാര്‍ ഉത്തരവ് തടസമാണെന്നും അദ്ദേഹം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ പഴയ ഉത്തരവ് പഴയ അപേക്ഷകള്‍ക്കു മാത്രം ബാധകമെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. നയംമാറ്റം പരസ്യപ്പെടുത്തണമെന്ന മാനദണ്ഡവും പാലിച്ചില്ല.
അതേസമയം ബ്രൂവറി അനുവദിച്ചതില്‍ ഇടതുമുന്നണിയില്‍തന്നെ എതിര്‍സ്വരം ഉയര്‍ന്നതോടെ സര്‍ക്കാരിനെതിരേ നിലപാട് കടുപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. എക്‌സൈസ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഈയാഴ്ച സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തും. എട്ടിനു രാജ്ഭവനു മുന്നില്‍ കോണ്‍ഗ്രസും 11നും 15നും ജില്ലാ, നിയോജകമണ്ഡലം തലങ്ങളില്‍ യു.ഡി.എഫും ധര്‍ണ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."