പട്ടികയില്‍ അട്ടിമറിയോ ? നൂറുകണക്കിന് പേര്‍ക്ക് വോട്ട് ചെയ്യാനായില്ല
സ്വന്തം ലേഖിക
കൊച്ചി: വോട്ടര്‍പട്ടികയില്‍ പേരില്ലാത്തതിനെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ നൂറുകണക്കിന് പേര്‍ക്ക് വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല. അന്‍പത് വര്‍ഷമായി വോട്ടുരേഖപ്പെടുത്തിവന്നവരും ഇക്കൂട്ടത്തില്‍ പെടും.
ഒരു കുടുംബത്തിലെ വോട്ടര്‍മാരില്‍ ചിലരൊക്കെ വോട്ടര്‍പട്ടികയില്‍ നിന്ന് അപ്രത്യക്ഷമായതായും പരാതി ഉയര്‍ന്നു. മണിക്കൂറുകളോളം നീണ്ട നിരയില്‍ കാത്തുനിന്നതിനുശേഷമാണ് പലരും നിരാശരായി വീടുകളിലേക്ക് മടങ്ങിയത്. 2015ലെ പട്ടിക പ്രകാരം തെരഞ്ഞെടുപ്പു നടന്നതിനാലാണ് പലര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയാതിരുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
അവസാന നിമിഷം രാഷ്ട്രീയപ്രേരിതമായി പട്ടികയില്‍ നിന്നൊഴിവാക്കി എന്നാണ് ചിലരുടെ പരാതി.
വോട്ടര്‍പട്ടിക പരിശോധിച്ച് പേരുകള്‍ ഉണ്ടെന്ന് ഉറപ്പു വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സമയം അനുവദിച്ചിരുന്നതിനാല്‍ പരാതി നല്‍കാനും ഇവര്‍ക്ക് അവസരമില്ല.
എന്നാല്‍ സാധാരണക്കാരായ വോട്ടര്‍മാര്‍ വോട്ടര്‍പട്ടിക പരിശോധിക്കുക പതിവില്ലെന്നും ഈ അവസരം മുതലെടുത്ത് ചില ഉദ്യോഗസ്ഥരുടെ രാഷ്ട്രീയക്കളിയാണ് അരങ്ങേറിയതെന്നും വിവിധ പാര്‍ട്ടി പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു.
മരട് മുനിസിപ്പാലിറ്റിയിലെ 30ാംവാര്‍ഡ്, കൊച്ചി കോര്‍പറേഷനിലെ 58,62 ഡിവിഷനുകള്‍ ചെല്ലാനം പഞ്ചായത്ത്, കിഴക്കമ്പലം പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടര്‍മാര്‍ക്കാണ് വോട്ട് ചെയ്യാന്‍ കഴിയാതിരുന്നത്.
കല്യാണമണ്ഡപത്തില്‍ നിന്ന് നേരെ പോളിങ് ബൂത്തിലേക്ക് പോയ നവദമ്പതികളില്‍ വധുവായ ഗായത്രിക്കും വോട്ടുചെയ്യാന്‍ കഴിഞ്ഞില്ല.
വരന്‍ പ്രവീണിന്റെ പേര് വോട്ടര്‍ പട്ടികയിലുണ്ടായിരുന്നു. അതേസമയം വീടുമാറുകയോ മറ്റോ ചെയ്തതിനാലായിരിക്കും പലര്‍ക്കും വോട്ടവകാശം നഷ്ടമായതെന്നാണ് അധികൃതരുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."