ഓണാട്ടുകര കോക്കനട്ട് ഓയില്‍ പ്ലാന്റ് 28ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
കായംകുളം: ഓണാട്ടുകര കോക്കനട്ട് ഓയില്‍ പ്ലാന്റിന്റെ ഉദ്ഘാടനം 28ന് വൈകിട്ട് നാലിന് കറ്റാനം വെട്ടിക്കോട്ടുള്ള ഫാക്ടറി അങ്കണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് കമ്പനി ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
യു പ്രതിഭാഹരി എം എല്‍ എ അധ്യക്ഷത വഹിക്കും.ഓണാട്ടുകര വെളിച്ചെണ്ണയുടെ സമര്‍പ്പണം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ പ്ലാന്റിന്റെ ശിലാസ്ഥാപനകര്‍മം മന്ത്രി ജി സുധാകരനും ഓണാട്ടുകര കോക്കനട്ട് ഓയില്‍ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം മന്ത്രി വി എസ് സുനില്‍കുമാറും ആദ്യവിപണന ഉദ്ഘാടനം സിനിമാതാരം പത്മശ്രീ മമ്മൂട്ടിയും നിര്‍വഹിക്കും.
എം പിമാരായ കെ സി വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, പി ജെ ജോസഫ് എം എല്‍ എ, ടി കെ ജോസ്, കറ്റാനം ഷാജി, സജി ചെറിയാന്‍, എം ലിജു, ടി ജെ ആഞ്ചലോസ്, ഷേയ്ക്ക് പി ഹാരിസ് തുടങ്ങിയവര്‍ സംസാരിക്കും.പ്രതിദിനം 6.5 ടണ്‍ വെളിച്ചെണ്ണ ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള യന്ത്രങ്ങളാണ് ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുള്ളത്. 65,000 തേങ്ങയുടെ പത്ത് ടണ്‍ കൊപ്ര ഇതിനാവശ്യമായി വരുമെന്ന് അവര്‍ പറഞ്ഞു.കാല്‍ ലക്ഷം കര്‍ഷകരും നാലായിരം ഓഹരി ഉടമകളും സംഘത്തിന് കീഴിലുണ്ടെന്ന് അവര്‍ പറഞ്ഞു.
ഗുണനിലവാരത്തിന് മുന്തിയ പരിഗണന നല്‍കുന്ന ഓണാട്ടുകര വെളിച്ചെണ്ണക്ക് വിപണിയില്‍ നിലവിലുള്ള മറ്റ് കമ്പനികളുടെ വെളിച്ചെണ്ണയേക്കാള്‍ വില കൂടുതലായിരിക്കും. വില നിലവാരം ഉദ്ഘാടനത്തിന് ശേഷമേ നിശ്ചയിക്കുകയുള്ളൂ. വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ കറ്റാനം ഷാജി, സി ഇ ഒ. ഡോ രമണി ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."