കേരഗ്രാമം പദ്ധതിയില്‍ ക്രമക്കേടെന്നാരോപണം
കലവൂര്‍: കേരഗ്രാമം പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ആരോപണം. മാരാരിക്കുളം തെക്ക് പഞ്ചായത്ത് നടപ്പാക്കിയ കേരഗ്രാമം പദ്ധതിയിലാണ് ക്രമക്കേട് നടന്നതായി ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ പദ്ധതിക്കായി അനുവദിച്ച 40 ലക്ഷം രൂപയാണ് പദ്ധതി പൂര്‍ണമായി നടപ്പാക്കാതിരുന്നതിനെ തുടര്‍ന്ന് തിരിച്ചടയ്‌ക്കേണ്ടിവന്നത്. പദ്ധതിപ്രകാരം ഇടവിളക്കൃഷിക്കായി കിഴങ്ങുവര്‍ഗങ്ങള്‍ വിതരണം ചെയ്യുന്നതിനായിട്ടാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ഇതുപ്രകാരം 15 ലക്ഷം രൂപയുടെ കിഴങ്ങുവര്‍ഗങ്ങള്‍ മാത്രമെ എടുക്കാന്‍ പാടുള്ളൂയെന്നായിരുന്നു ചട്ടം. എന്നാല്‍ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിന് മുമ്പുതന്നെ 15 ലക്ഷം രൂപയുടെ ചെക്കുമാറിയെന്നാണ് ആക്ഷേപം. ഗുണഭോക്തൃ വിഹിതം വാങ്ങാതെ ഉപഭോക്താക്കളെ തെരഞ്ഞെടുക്കരുതെന്നും നിര്‍ദേശിച്ചിരുന്നു. ഇതു പ്രകാരം 240 രൂപ എന്ന ക്രമത്തിലായിരുന്നു നീക്കിവച്ചത്.
പഞ്ചായത്തിലാകമാനം 6250 കിറ്റുകള്‍ ഇറക്കേണ്ട സ്ഥാനത്ത് 3130 കിറ്റുകള്‍ മാത്രമാണ് വിവിധ വാര്‍ഡുകളില്‍ വിതരണം ചെയ്തതെന്നുമാണ് ആരോപണം. സൗജന്യമായി കിട്ടിയതുകൊണ്ട് ഗുണഭോക്താക്കള്‍ ചോദ്യം ചെയ്യില്ലെന്ന ധാരണയായിരുന്നു നടത്തിപ്പുകാര്‍ക്ക്. കിറ്റുകള്‍ വിതരണം ചെയ്യുന്നതോടൊപ്പം തന്നെ ഗുണഭോക്താക്കള്‍ 240 രൂപയുടെ കിഴങ്ങുവര്‍ഗങ്ങളും വളവും കൈപ്പറ്റി എന്നതിന് തെളിവായി വൗച്ചറുകളും ഒപ്പിട്ട് വാങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു.
എന്നാല്‍ ഉദ്യോഗസ്ഥരെ മറയാക്കി ചില തല്‍പരകക്ഷികളാണ് ഇതില്‍ ക്രമക്കേട് നടത്തിയതെന്നാണ് സംഘടനകളുടെ ആക്ഷേപം. പദ്ധതിപ്രകാരം വിതരണം ചെയ്ത ഏഴുകിലോ കിഴങ്ങുവര്‍ഗങ്ങള്‍ വേണ്ടിടത്ത് ചെറിയ ചേനയും രണ്ടുകഷണം ഓട്ടുകാച്ചിലും മാത്രമായിരുന്നെന്നും വാഴവിത്തോ വളമോ ഇതിനോടൊപ്പം ലഭിച്ചില്ലെന്നും പറയപ്പെടുന്നു. മാത്രമല്ല ഉപയോഗ ശൂന്യമായ വിത്തുവര്‍ഗങ്ങളാണ് വാര്‍ഡുകളില്‍ വിതരണം ചെയ്‌തെന്നും വിമര്‍ശനമുണ്ട്.
ഗുണഭോക്തൃ വിഹിതം വാങ്ങാതെ പദ്ധതി നടപ്പാക്കിയതുതന്നെ ക്രമക്കേടിനായിരുന്നെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാരാരിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിന് മുന്നില്‍ ധര്‍ണ നടത്തി.
മറ്റ് സംഘടനകള്‍ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള തയാറെടുപ്പിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."