ഓട്ടക്കാരുടെ തമ്പുരാന്‍ 'പറക്കും ഫിന്‍'
ഒളിംപിക്‌സില്‍ ഒന്‍പതു സ്വര്‍ണവും മൂന്ന് വെള്ളിയും സ്വന്തമാക്കിയ സമാനതകളില്ലാത്ത താരമാണ് ഓട്ടക്കാരുടെ തമ്പുരാന്‍ പാവോ നൂര്‍മി. ആധുനിക സാങ്കേതിക യന്ത്ര സംവിധാനങ്ങള്‍ കായിക ലോകത്ത് അവതരിക്കുന്നതിന് മുന്‍പ് 22 ലോക റെക്കോര്‍ഡുകള്‍ സൃഷ്ടിച്ച താരമായിരുന്നു നൂര്‍മി. ഒരു ആശാരിയുടെ മകനായി ജനിച്ച് ദീര്‍ഘദൂര ട്രാക്കിലൂടെ ലോകത്തെ കീഴടക്കിയ 'പറക്കും ഫിന്‍'. ഒളിംപിക്‌സ് വേദികള്‍ എന്നും ആവേശത്തോടെയും ആദരവോടെയുമാണ് ഈ ദീര്‍ഘദൂര ഓട്ടക്കാരനെ നോക്കി നിന്നത്. ഈ ഫിന്‍ലന്‍ഡുകാരന്റെ മനക്കരുത്തും കായികശക്തിയും അപാരമായിരുന്നു.
പതക്കങ്ങള്‍ വാരിക്കൂട്ടിയ ട്രാക്കുകള്‍
1920 ല്‍ ബെല്‍ജിയത്തിലെ ആന്റ്‌വെര്‍പ്പില്‍ നടന്ന ഒളിംപിക്‌സിലൂടെയാണ് പാവോ നൂര്‍മിയുടെ ചരിത്രം കുറിച്ച ഓട്ടം തുടങ്ങുന്നത്. 23 ാം വയസില്‍ ആന്റ്‌വെര്‍പ്പിലെ ദീര്‍ഘദൂര ട്രാക്കില്‍ മൂന്ന് സ്വര്‍ണവും ഒരു വെള്ളിയും സ്വന്തമാക്കി നൂര്‍മി ചരിത്രം കുറിച്ചു. 10000 മീറ്ററിലും വ്യക്തിഗത ക്രോസ് കണ്‍ട്രിയും ടീം ക്രോസ് കണ്‍ട്രിയിലുമായിരുന്നു സുവര്‍ണ നേട്ടം കൊയ്തത്. ആദ്യമായി പാവോ നൂര്‍മി ഒളിംപിക്‌സില്‍ 5000 മീറ്ററില്‍ മത്സരത്തിനിറങ്ങിയപ്പോള്‍ വെള്ളിയും കൂടെ പോന്നു. 10000 മീറ്ററില്‍ അട്ടിമറിച്ചത് ഫ്രാന്‍സിന്റെ ജോസഫ് ഗില്‍മോട്ടിനെ. 32.45.8 സെക്കന്‍ഡിലായിരുന്നു സ്വര്‍ണ ഫിനിഷിങ്. 5000 മീറ്ററില്‍ സ്വര്‍ണം നേടിയാണ് ഗില്‍മോട്ട് അന്ന് നൂര്‍മിക്കു മുന്നിലെ പരാജയത്തെ മറികടന്നത്. വ്യക്തിഗത ക്രോസ് കണ്‍ട്രിയില്‍ 27.15.00 സെക്കന്‍ഡിലായിരുന്നു സ്വര്‍ണ നേട്ടം. ക്രോസ് കണ്‍ട്രി ടീം ഇനത്തിലും നൂര്‍മി ഉള്‍പ്പെട്ട സംഘം സ്വര്‍ണം ഓടിയെടുത്തു. ലോകം കണ്ട ഏറ്റവും മികച്ച ദീര്‍ഘ ദൂര ഓട്ടക്കാരന്റെ വളര്‍ച്ചയുടെ തുടക്കമായിരുന്നു ആന്റ്‌വെര്‍പ്പ് ഒളിംപിക്‌സ്. സ്റ്റോക്‌ഹോമില്‍ 1921 ജൂണ്‍ 22 ന് 10000 മീറ്ററില്‍ നൂര്‍മി ലോക റെക്കോര്‍ഡ് സൃഷ്ടിച്ചു. 1923 ല്‍ ഒരു മൈല്‍, 5000 മീറ്റര്‍, 10000 മീറ്റര്‍ ഇനങ്ങളിലെ ലോക റെക്കോര്‍ഡുകള്‍ പറക്കും ഫിന്‍ സ്വന്തമാക്കി.
1924 ലെ പാരിസ് ഒളിംപിക്‌സില്‍ പാവോ നൂര്‍മി സ്വന്തമാക്കിയത് അഞ്ച് സ്വര്‍ണമാണ്. 1500 മീറ്ററില്‍ 3.53.6 സെക്കന്‍ഡ്, 5000 മീറ്ററില്‍ 14.31.2 സെക്കന്‍ഡ് സമയങ്ങളില്‍ ഓടിയെത്തിയ നൂര്‍മി പുതിയ ഒളിംപിക് റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയായിരുന്നു സുവര്‍ണ നേട്ടം കൊയ്തത്. വ്യക്തിഗത ക്രോസ് കണ്‍ട്രിയില്‍ 32.54.8 സെക്കന്‍ഡിലും 5000, 3000 മീറ്റര്‍ ടീം ഇനങ്ങളിലുമായിരുന്നു മറ്റു സ്വര്‍ണ നേട്ടം. കൂടുതല്‍ മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന്റെ പേരില്‍ ഫിന്‍ലന്‍ഡ് ഒഫീഷ്യലുകള്‍ വിലക്കിയില്ലായിരുന്നുവെങ്കില്‍ 10000 മീറ്ററിലും നൂര്‍മി സുവര്‍ണ നേട്ടം കൊയ്‌തേനെ. നാല് വര്‍ഷത്തിന് ശേഷം 1928 ലെ ആംസ്റ്റര്‍ഡാം ഒളിംപിക്‌സില്‍ 10000 മീറ്ററില്‍ ഓടാനിറങ്ങിയ പാവോ നൂര്‍മി ഒന്‍പതാം സ്വര്‍ണ നേട്ടം കൊയ്തു. 5000 മീറ്ററില്‍ കാലിടറിയ നൂര്‍മിക്ക് വെള്ളി കൊണ്ട് തൃപ്തിപെടേണ്ടി വന്നു. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചെയ്‌സിലും വെള്ളി നേടിയാണ് നൂര്‍മി ട്രാക്ക് വിട്ടത്. 1932 ലെ ലോസ് ആഞ്ചല്‍സ് ഒളിംപിക്‌സില്‍ നൂര്‍മിക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു. അമച്വര്‍ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് നൂര്‍മിയെ വിലക്കിയത്. 29 ലോക റെക്കോര്‍ഡുകളാണ് പാവോ നൂര്‍മി സൃഷ്ടിച്ചത്. 1500 മുതല്‍ 20000 മീറ്റര്‍ വരെ മത്സരങ്ങളിലൂടെയായിരുന്നു റെക്കോര്‍ഡുകള്‍ ഓടി പിടിച്ചത്. ഒരു ദിവസം തന്നെ 5000 മീറ്ററിലും 1500 മീറ്ററിലും ലോക റെക്കോര്‍ഡ് സ്ഥാപിച്ചും നൂര്‍മി കായിക ലോകത്തെ അദ്ഭുതപ്പെടുത്തി. 1924 ജൂണ്‍ 19 ന് ഹെല്‍സിങ്കിയിലായിരുന്നു ആ ലോക റെക്കോര്‍ഡ് പ്രകടനം.
റണ്‍ മെഷീനായി മാറിയ തച്ചന്റെ പുത്രന്‍
1897 ജൂണ്‍ 13 ന് തെക്ക് പടിഞ്ഞാറന്‍ ഫിന്‍ലാന്‍ഡിലെ തുര്‍ക്കുവില്‍ ആശാരിയുടെ മകനായിട്ടാണ് പാവോ നൂര്‍മിയുടെ ജനനം. 12 വയസായപ്പോള്‍ പിതാവ് മരിച്ചു. കരസേനയില്‍ ജോലി ചെയ്യുന്നതിനിടെയാണ് അത്‌ലറ്റിക്കിന്റെ ലോകത്തേക്ക് നൂര്‍മി ഓടാനിറങ്ങുന്നത്. സേനയില്‍ ചേരാനായി നിരവധി പരീക്ഷണങ്ങളെ അതിജീവിക്കണമായിരുന്നു. ഒരു കൈയില്‍ റൈഫിള്‍. കാര്‍ട്ട്‌റിഡ്ജ് ബെല്‍റ്റ്. 11 പൗണ്ട് ഭാരമുള്ള പൂഴി നിറച്ച സഞ്ചി. ഇതെല്ലാമായി 20 കിലോമീറ്റര്‍ താണ്ടണം. വേണമെങ്കില്‍ ഓടുകയും നടക്കുകയും ചെയ്യാം. വെല്ലുവിളി ഏറ്റെടുത്ത നൂര്‍മി പരീക്ഷണ ദൂരം വിജയകരമായി കീഴടക്കി. വളരെ വേഗത്തില്‍ തന്നെയായിരുന്നു പാവോ നൂര്‍മി 20 കിലോ മീറ്റര്‍ ഓടിയത്. റിക്രൂട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് നൂര്‍മിയുടെ പ്രകടനത്തില്‍ സംശയമായിരുന്നു. നൂര്‍മി ഏതോ കുറുക്കു വഴികളിലൂടെയാണ് ഈ ദൂരം പിന്നിട്ടതെന്ന് അവര്‍ സംശയം പ്രകടിപ്പിച്ചു. ഇവിടെ നിന്നുമാണ് ഇതിഹാസതാരത്തിന്റെ തുടക്കം. 1934 ല്‍ കായിക നേട്ടങ്ങളുടെ ഉന്നതയില്‍ നില്‍ക്കവേയാണ് കായിക ജീവിതം അവസാനിപ്പിച്ചത്. 1972 ഒക്ടോബര്‍ മൂന്നിന് പറക്കും ഫിന്‍ ജീവിത ട്രാക്കിനോടും വിടചൊല്ലി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."